യുവാൻ വാങ് 5
യുവാൻ വാങ് 5

ഇന്ത്യയുടെ ആശങ്കകള്‍ മുഖവിലയ്ക്കെടുത്തില്ല; ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖമായ ഹമ്പന്‍ടോട്ടയില്‍

ചാരക്കപ്പല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ നയതന്ത്ര കൂടിയാലോചനകള്‍ നടക്കുകയാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍

ഇന്ത്യയുടെ ശക്തമായ സുരക്ഷാ ആശങ്കകൾക്കിടയിലും ചൈനീസ് ചാരക്കപ്പലായ 'യുവാൻ വാങ് 5' ശ്രീലങ്കയുടെ തെക്കൻ തുറമുഖമായ ഹമ്പൻടോട്ടയിലെത്തി. ബാലിസ്റ്റിക്, സാറ്റ്ലൈറ്റ് നിരീക്ഷണ സംവിധാനവുമുള്ള ചൈനീസ് കപ്പൽ രാവിലെ 8.20 നാണ് തുറമുഖത്തടുത്തത്. കപ്പൽ ഓഗസ്റ്റ് 22 വരെ ഹമ്പൻടോട്ടയിലുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അറ്റകുറ്റപണികൾക്കായാണ് കപ്പൽ എത്തുന്നതെന്നാണ് ചൈനയുടെ വിശദീകരണം. ഓഗസ്റ്റ് 11ന് കപ്പൽ തുറമുഖത്ത് അടുക്കുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും ശ്രീലങ്കൻ അധികൃതരുടെ അനുമതി ലഭിക്കാത്തതിനാൽ വൈകുകയായിരുന്നു.

നിരീക്ഷണക്കപ്പലിന്റെ വരവിൽ ഇന്ത്യ സുരക്ഷാ ആശങ്കകൾ ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് സന്ദർശനം മാറ്റിവയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടത്. എന്നാൽ, തൃപ്തികരമായ കാരണം ഇന്ത്യ ചൂണ്ടിക്കാണിക്കാത്തതിനാല്‍ ഓഗസ്റ്റ് 16 മുതൽ 22 വരെ കപ്പലിന് ഹമ്പന്‍ടോട്ടയില്‍ തുടരാന്‍ ശ്രീലങ്ക അനുമതി നല്‍കുകയായിരുന്നു.

യുവാൻ വാങ് 5
ചൈനീസ് ചാരകപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക്: നീക്കം നിരീക്ഷിച്ച് ഇന്ത്യ

കപ്പലിന് ആവശ്യമായ സഹായം നൽകാൻ ചൈനീസ് എംബസി അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതുപ്രകാരം ശ്രീലങ്കൻ പ്രാദേശിക ടെലികമ്മ്യൂണിക്കേഷൻ റെഗുലേഷൻ അതോറിറ്റി യുവാൻ വാങ്-5ന് ആശയവിനിമയത്തിനായി വിവിധ ഫ്രീക്വൻസികൾ ഉപയോഗിക്കാന്‍ അനുമതി നൽകിയിട്ടുണ്ട്.

അയൽ രാജ്യങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് പറയുമ്പോള്‍ തന്നെയാണ് ചൈനീസ് ചാരക്കപ്പലിന് പ്രവേശന അനുമതി നല്‍കിയ ശ്രീലങ്കയുടെ ഇരട്ടത്താപ്പ്. ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങളിലേക്ക് കടന്നു കയറാനുള്ള പദ്ധതിയായാണ് ചൈനീസ് നീക്കത്തെ ഇന്ത്യ കണക്കാക്കുന്നത്. ചൈനീസ് ചാരക്കപ്പലിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള നയതന്ത്ര കൂടിയാലോചനകള്‍ നടത്തിവരികയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ പരമാധികാര തത്വത്തിന് അനുസൃതമായി നയതന്ത്ര നീക്കങ്ങള്‍ നടക്കുകയാണെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in