ക്രിസ് ഹിപ്കിന്‍സ്
ക്രിസ് ഹിപ്കിന്‍സ്

ന്യൂസിലന്‍ഡിൻ്റെ പുതിയ പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് സത്യപ്രതിജ്ഞ ചെയ്തു

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാര്‍ട്ടിയില്‍ പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ക്രിസ് ഹിപ്കിന്‍സിന് എട്ട് മാസം മാത്രം സമയം

മുന്‍ പ്രധാനമന്ത്രി ജസീന്താ ആര്‍ഡന്‍റെ അപ്രതീക്ഷിത രാജിക്ക് ശേഷം ന്യൂസിലന്‍ഡിന്റെ 41-ാമത് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് സത്യപ്രതിജ്ഞ ചെയ്തു. തലസ്ഥാനമായ വെല്ലിങ്ടണില്‍ നടന്ന ചടങ്ങില്‍ ന്യൂസിലന്‍ഡ് ഗവര്‍ണര്‍ ജനറല്‍ സിന്‍ഡി കിറോവിന്റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ഒക്ടോബറില്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാര്‍ട്ടിയില്‍ പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഹിപ്കിന്‍സിന് എട്ട് മാസം മാത്രമേ സമയമുള്ളു. ലേബര്‍ പാര്‍ട്ടി, പ്രതിപക്ഷ പാര്‍ട്ടിയേക്കാള്‍ പിന്നിലാണെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.

''ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയും ഉത്തരവാദിത്തവുമാണ്. മുന്നിലുള്ള വെല്ലുവിളികളെ നേരിടാന്‍ ഞാന്‍ ആവേശഭരിതനാണ്'' ഔദ്യോഗികമായി ചുമതലയേറ്റശേഷം ഹിപ്കിന്‍സ് പറഞ്ഞു. കുതിച്ചുയരുന്ന പണപ്പെരുപ്പം, ഉയര്‍ന്നുവരുന്ന മാന്ദ്യം, സാമൂഹിക അസമത്വം എന്നിവയ്‌ക്കൊപ്പം പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഉയരുക കൂടി ചെയ്തതോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി ജസീന്തയുടെ നേതൃത്വത്തിലുള്ള ലേബര്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പുകളില്‍ ബുദ്ധിമുട്ടുകയാണ്. 2023 ലെ തിരഞ്ഞെടുപ്പില്‍ ലേബര്‍പാര്‍ട്ടിക്ക് കടുത്ത മത്സരം തന്നെ നേരിടേണ്ടി വരും.

2023 ലെ തിരഞ്ഞെടുപ്പില്‍ ലേബര്‍പാര്‍ട്ടിക്ക് കടുത്ത മത്സരം തന്നെ നേരിടേണ്ടി വരും

കഴിഞ്ഞ ബുധനാഴ്ചയാണ് പ്രധാനമന്ത്രി ജസീന്ത ആർഡൻ അവസാനമായി പൊതുവേദിയിലെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പ്രകൃതിദുരന്തം, ഭീകരാക്രമണം, കോവിഡ് 19 മഹാമാരി എന്നിവയുടെ സമയത്ത് രാജ്യത്തെ നയിച്ച ആര്‍ഡന്‍ 'ഇനഫ് ഇൻ മൈ ടാങ്ക്' എന്ന് പറഞ്ഞുകൊണ്ടാണ് രാജിപ്രഖ്യാപിച്ചത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്നും തീരുമാനത്തിൽ പശ്ചാത്താപമില്ലെന്നും പിന്നീട് ജസീന്ത പ്രതികരിച്ചു.

ജസീന്തയുടെ ഭരണകാലത്ത് ഹിപ്കിന്‍സ് ആഭ്യന്തരവകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

logo
The Fourth
www.thefourthnews.in