ദുരിതം ഇരട്ടിപ്പിച്ച് കനത്ത മഴയും തണുപ്പും, ഗാസ വാസയോഗ്യമല്ലാതാകുന്നെന്ന് ഐക്യരാഷ്ട്ര സഭ; മരണസംഖ്യ 26,000 കടന്നു

ദുരിതം ഇരട്ടിപ്പിച്ച് കനത്ത മഴയും തണുപ്പും, ഗാസ വാസയോഗ്യമല്ലാതാകുന്നെന്ന് ഐക്യരാഷ്ട്ര സഭ; മരണസംഖ്യ 26,000 കടന്നു

ഖാന്‍ യൂനുസില്‍ നിന്നും വിട്ട് പോകാന്‍ പലസ്തീനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം.

ഇസ്രയേലിന്റെ തുടരാക്രമണങ്ങളില്‍ ദുരിത ജീവിതം നയിക്കുന്ന ഗാസന്‍ ജനതയ്ക്ക് വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥയും. കനത്ത മഴയും തണുപ്പും നിറഞ്ഞ ഇപ്പോഴത്തെ കാലാവസ്ഥ ഗാസയെ വാസയോഗ്യമല്ലാതാക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി.

കാലാവസ്ഥ മൂലമുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വളരെ ആശങ്കയുണ്ടെന്ന് അധിനിവേശ പലസ്തീന്‍ പ്രദേശത്തെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവാകാശ പ്രവര്‍ത്തനങ്ങളുടെ മേധാവി അജിത് സുങ്‌വേ പറഞ്ഞു. ഈ വര്‍ഷം മഴ പ്രതീക്ഷിച്ചതാണെന്നും വൃത്തിഹീനമായ സാഹചര്യം മൂലം ജനങ്ങള്‍ താമസിക്കുന്നത് വാസയോഗ്യമല്ലാത്ത സ്ഥലത്താണെന്നും അദ്ദേഹം വ്യക്തമാക്കി. പലര്‍ക്കും ആവശ്യത്തിനുള്ള പുതപ്പുകളോ വസ്ത്രങ്ങളോ ഇല്ലെന്നും അജിത് കൂട്ടിച്ചേര്‍ത്തു.

ഇതിനോടകം ഭൂരിഭാഗം പലസ്തീനികളും ഇസ്രയേല്‍ ആക്രമണം മൂലം കുടിയിറക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവിടെയുള്ള മറ്റു മനുഷ്യര്‍ ഇടുങ്ങിയ ഷെല്‍ട്ടറുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. മോശം കാലാവസ്ഥ, രോഗങ്ങള്‍, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കുറവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ അഭയകേന്ദ്രങ്ങളിലെ ജീവിതവും ദുഷ്‌കരമാക്കിയിരിക്കുകയാണ്.

അതേസമയം, ഖാന്‍ യൂനുസില്‍ നിന്നും വിട്ട് പോകാന്‍ പല്‌സ്തീനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. ഖാന്‍ യൂനുസിന്റെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്നവരോട് തെക്കന്‍ ഗാസ മുനമ്പിലെ അല്‍ മവാസി പ്രദേശത്തേക്ക് പോകാനാണ് ഇസ്രയേല്‍ സൈന്യം സാമൂഹ മാധ്യമമായ എക്‌സിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.

ദുരിതം ഇരട്ടിപ്പിച്ച് കനത്ത മഴയും തണുപ്പും, ഗാസ വാസയോഗ്യമല്ലാതാകുന്നെന്ന് ഐക്യരാഷ്ട്ര സഭ; മരണസംഖ്യ 26,000 കടന്നു
1950 ജനുവരി 26: മുഖ്യാതിഥി ഇന്തോനേഷ്യന്‍ പ്രസിഡന്റ്; രാജ്യം ആദ്യ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത് ഇങ്ങനെ

''അല്‍ നസര്‍, അല്‍ അമല്‍, സിറ്റി സെന്റര്‍ എന്നീ നഗരങ്ങളുടെയും 107-112 ബ്ലോക്കുകളിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കും സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷയെ മുന്‍നിര്‍ത്തി അല്‍ ബഹര്‍ തെരുവിലൂടെ അല്‍ മവാസിയിലേക്ക് പോകണം'', ഇസ്രയേല്‍ സൈന്യം പറയുന്നു.

നിലവില്‍ ഇസ്രയേല്‍ ആക്രമണത്തിലെ പലസ്തീനികളുടെ മരണസംഖ്യ 26,000 പിന്നിട്ടിരിക്കുകയാണ്. ആകെ 26,083 പേര്‍ കൊല്ലപ്പെടുകയും 64,487 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 183 പേര്‍ കൊല്ലപ്പെടുകയും 377 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in