ഇനി അവിവാഹിതര്‍ക്കും കുഞ്ഞുങ്ങളാകാം; ചൈന നിയമങ്ങൾ മാറ്റി എഴുതുന്നു

ഇനി അവിവാഹിതര്‍ക്കും കുഞ്ഞുങ്ങളാകാം; ചൈന നിയമങ്ങൾ മാറ്റി എഴുതുന്നു

ഫെബ്രുവരി 15 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക

അവിവാഹിതര്‍ക്ക് കുഞ്ഞുങ്ങള്‍ പാടില്ല എന്ന നിയമത്തിലും ജനന നിയന്ത്രണങ്ങളിലും മാറ്റം വരുത്തി ചൈനയിലെ സിചുവാന്‍ പ്രവിശ്യ. രാജ്യത്തെ ജനസംഖ്യയില്‍ വലിയ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പുതിയ നയം നടപ്പിലാക്കാനുള്ള തീരുമാനം.ഫെബ്രുവരി 15 മുതൽ എല്ലാവർക്കും ജനനം രജിസ്റ്റർ ചെയ്യാനാകും എന്ന് സിചുവാൻ ഹെൽത്ത് കമ്മീഷണർ പ്രഖ്യാപിച്ചു.

അവിവാഹിതര്‍ക്ക് കുഞ്ഞുങ്ങള്‍ പാടില്ല എന്ന നിയമത്തില്‍ മാറ്റം വരുത്തി ചൈനയിലെ സിചുവാന്‍ പ്രവശ്യ

നേരത്തെ അവിവാഹിതരായവര്‍ക്ക് കുഞ്ഞ് ജനിക്കുന്നതിനെ ചെെന എതിര്‍ത്തിരുന്നു. നിയമ സാധുത ഇല്ലാതിനാല്‍ തന്നെ കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനടക്കം നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. പുതിയ നിയമം പ്രബല്യത്തില്‍ വരുന്നതോടെ പ്രവശ്യയില്‍ വിദ്യാഭ്യാസത്തിനും, സാമൂഹിക സേവനങ്ങള്‍ എന്നിവ അടക്കം കുഞ്ഞുങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീങ്ങും. പ്രസവ അവധി സമയത്തെ അമ്മയുടെ ശമ്പളം, ഗര്‍ഭകാലത്തെ ആരോഗ്യ സംരക്ഷണം തുടങ്ങി ഗര്‍ഭകാലത്തെ സൗജന്യ സേവനങ്ങള്‍ എന്നിവയ്ക്ക് വിവാഹ രേഖകള്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍, പുതി നയം പ്രബല്യത്തില്‍ വരുന്നതോടെ ഈ രീതിയും അസാധുവാകും.

ഒറ്റക്കുട്ടി നയം മൂലം ചൈനയിൽ നിര്‍ബന്ധിത ഗർഭഛിദ്രങ്ങൾ വർദ്ധിച്ചിരുന്നു

ഒറ്റക്കുട്ടി നയം മൂലം ചൈനയിൽ നിര്‍ബന്ധിത ഗര്‍ഭഛിദ്രങ്ങൾ വര്‍ദ്ധിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വലിയ സാമ്പത്തിക പിഴയാണ് ചുമത്തിയിരുന്നത്. ഇതിന് പുറമേ യുവാക്കള്‍ക്കിടയില്‍ വിവാഹത്തോടുള്ള താല്‍പര്യവും കുറഞ്ഞിരുന്നു. ജീവിത ചിലവ് ഉയര്‍ന്നതും, ജോലി സമ്മർദ്ദവുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്. മാതാപിതാക്കൾ ആൺകുട്ടികൾക്ക് മുൻഗണന നൽകിയിരുന്നതോടെ ആൺ പെൺ അനുപാതത്തിലും രാജ്യത്ത് വലിയ അസന്തുലിതാവസ്ഥ ഉടലെടുത്തു.ഇങ്ങനെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഒറ്റക്കുട്ടി നയത്തിൻ്റെ തിരിച്ചടികൾക്കൊടുവിൽ 2016ലാണ് ചൈന നയം പിൻവലിച്ചത്.

വൃദ്ധജനസംഖ്യയിൽ സിചുവാൻ ചൈനയിൽ ഏഴാം സ്ഥാനത്താണ്.അതുകൊണ്ട് തന്നെ ജനന നിരക്ക് ഉയർത്താനുള്ള പദ്ധതികൾക്കാണ് ഇപ്പോൾ ഇവിടെ പ്രാമുഖ്യം.2021 ജൂലൈമുതൽ രണ്ടാമതും മൂന്നാമതും കുട്ടികൾ ജനിക്കുന്നവർക്ക് പ്രതിമാസ ആനുകൂല്യം ലഭിച്ചുവരുന്നു.

1961 ശേഷം 2022ലാണ് ചൈനയിലെ ജനസംഖ്യാ നിരക്ക് താഴ്ന്ന നിലയിലെത്തിയത്. 2022ല്‍ 1.41175 ബില്യണായിരുന്നു ചെെനയിലെ ജനസംഖ്യ. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ കുറവായിരുന്നു അത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 850,000 ന്‍റെ ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ജനനനിരക്കിനേക്കാള്‍ ഉയര്‍ന്ന നിലയിലാണ് ചെെനയിലെ മരണ നിരക്ക്.പുതിയ നയത്തോട് സമ്മിശ്ര പ്രതികരണമാണ് ചൈനയിൽ.

logo
The Fourth
www.thefourthnews.in