'കോവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് ചോർന്നതാകാം': സാധ്യത തള്ളിക്കളയേണ്ടെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ
കോവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് ചോർന്നതാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചൈനയുടെ മുൻ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മേധാവി പ്രൊഫസര്‍ ജോര്‍ജ്ജ് ഗാവോ. കോവിഡ് വൈറസിന്റെ ഉത്ഭവത്തെച്ചൊല്ലി ചൈനയ്ക്കെതിരെ നിരവധി ആരോപണങ്ങൾ തുടക്കം മുതൽ ഉണ്ടായിരുന്നു. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ചൈനയെ പ്രതിക്കൂട്ടിലാക്കിയേക്കാവുന്ന പുതിയ വെളിപ്പെടുത്തൽ. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഗാവോയുടെ വെളിപ്പെടുത്തൽ.
'നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്തിനേയും സംശയിക്കാം, അതാണ് ശാസ്ത്രം. പക്ഷെ ഒരു സംശയവും തള്ളികളയരുത്, ഗാവോ പറഞ്ഞു. ലാബ് ചോർച്ചയെക്കുറിച്ച് ചൈന ഗവൺമെന്റ് ഔദ്യോഗിക അന്വേഷണം നടത്തിയെങ്കിലും അവർ തെറ്റായി ഒന്നും കണ്ടെത്തിയിട്ടില്ല. ഗാവോ കൂട്ടിച്ചേർത്തു. കോവിഡ് നിയന്ത്രണത്തിനും അതിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ക്കും ഒപ്പം നിന്ന ശാസ്ത്രഞ്ജനാണ് ഗാവോ. സിഡിസിയില്‍ നിന്നും വിരമിച്ച ശേഷം നാഷണല്‍ നാച്ചുറല്‍ സയന്‍സ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റാണ് അദ്ദേഹം.
2019 ഡിസംബറിലാണ് ചൈനയിലെ വുഹാനിൽ നിന്നും കോവിഡ് വൈറസ് ഉത്ഭവിക്കുന്നത്. വുഹാനിലെ ചന്തയാണ് വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ. വൈറസുകളെ കുറിച്ച് പഠിക്കുന്ന ഗവേഷണ കേന്ദ്രമായ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ആസ്ഥാനവും വുഹാനിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വൈറസ് ലബോറട്ടറിയിൽ നിന്നും ചോർന്നതാകാമെന്ന സംശയമാണ് പിന്നീട് ഉണ്ടായത്.
അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോള്‍ ഡൊണള്‍ഡ് ട്രംപ് ആണ് ഈ സംശയം മുന്നോട്ടുവച്ചത്. പിന്നീട് പല രാജ്യങ്ങളും ചൈനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ പൊതുജനാരോഗ്യ വിദഗ്ധരും ചൈനയും ഇക്കാര്യം നിഷേധിക്കുകയായിരുന്നു. അന്വേഷണത്തോട് ചൈന സഹകരിക്കാതിരുന്നുവെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു. ഇത് ശത്രുരാജ്യങ്ങളെ തകർക്കാൻ ലക്ഷ്യം വെച്ച് ചൈന നിർമിച്ച വൈറസാണെന്നുള്ള സംശയങ്ങൾക്ക് ആക്കം കൂട്ടി.
പിന്നീട് ജോ ബൈഡന്‍ അമേരിക്കൻ പ്രസിഡന്റായതിനുശേഷം ഇന്റലിജൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ലാബിൽ നിന്നാണ് വൈറസ് ചോർച്ചയുണ്ടായതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് നിരവധി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ഈ വാദങ്ങള്‍ ശക്തിപ്പെടുത്തുന്നതായിരുന്നു.
2021 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടനയിലെ ഗവേഷകരുടെ ഒരു സംഘം വുഹാനിലെ ലാബില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ആ സന്ദര്‍ശനം ചൈനീസ് സര്‍ക്കാര്‍ തടസ്സപ്പെടുത്തിയിരുന്നു. കോവിഡിന്റെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമത്തെ തടസ്സപ്പെടുന്ന നിലപാടാണ് ചൈനയുടെതെന്നാണ് ലോകാരോഗ്യ സംഘടന എപ്പിഡെമിയോളജിസ്റ്റ് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞത്. ഈ സാഹചര്യത്തിൽ കൂടിയാണ് കോവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് ചോർന്നതാണെ്നന സാധ്യത തള്ളികളയാനാകില്ലെന്ന ഗാവോയുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.