കോവിഡിൽ നിന്നും മുക്തമാകാതെ; എന്താണ് ചൈനയ്ക്ക് സംഭവിച്ചത്?

കോവിഡിൽ നിന്നും മുക്തമാകാതെ; എന്താണ് ചൈനയ്ക്ക് സംഭവിച്ചത്?

ലോകത്തെ മറ്റേത് രാജ്യത്തേക്കാളേറെ വാക്‌സിനേഷൻ നടന്നത് ചൈനയിലാണെന്നാണ് റിപ്പോർട്ട്. എന്നിട്ടും എന്തുകൊണ്ടാണ് കോവിഡ് വകഭേദമായ ഒമിക്രോൺ ചൈനയിൽ പിടിമുറുക്കിയതെന്ന ആശങ്കയിലാണ് ലോകം

കർശനമായ സീറോ-കോവിഡ് നയം കഴിഞ്ഞ മാസം പിന്‍വലിച്ച ശേഷം രൂക്ഷമായ കോവിഡ് വ്യാപനത്തിന്‍റെ വാർത്തകളാണ് ചൈനയില്‍ നിന്ന് പുറത്തുവരുന്നത്. വൈദ്യസഹായവും മറ്റ് നിർണായക പ്രവർത്തനങ്ങളും ഏതാണ്ട് നിലയ്ക്കുന്ന സാഹചര്യമാണ്. രാജ്യത്ത് മാസ് ടെസ്റ്റ് നിർത്തി. വൈറസ് ബാധിതരുടെ കൃത്യമായ കണക്ക് ചൈനീസ് സർക്കാർ പുറത്തുവിട്ടിട്ടില്ല. ആശുപത്രികളിലും ക്ലിനിക്കുകളിലും ലക്ഷണങ്ങളോട് കൂടിയെത്തുന്ന കോവിഡ് പോസിറ്റീവ് കേസുകൾ മാത്രമേ ഔദ്യോഗികമായി രേഖപ്പെടുത്തുന്നുള്ളൂ. ലക്ഷണങ്ങളില്ലാത്ത കേസുകളും വീടുകളിൽ നിന്ന് ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആകുന്നവരെ സംബന്ധിച്ചും എവിടെയും രേഖപ്പെടുത്തുന്നില്ല.

സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യക്ഷാമം, ആരോഗ്യസേവനങ്ങളുടെ അപര്യാപ്തത തുടങ്ങിയവയെല്ലാം ജനങ്ങളെ വലച്ചു. ഇതോടെ ജനങ്ങൾ തെരുവിലിറങ്ങി.

ചൈനയ്ക്ക് എന്താണ് സംഭവിച്ചത്?

ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് സ്ഥിതി​ഗതികൾ രൂക്ഷമായ 2020ൽ തന്നെ ചൈന സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോയിരുന്നു. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളും ഒന്നിച്ച് വൈറസിനെതിരെ പോരാടുകയും പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുകയും ചെയ്‌തപ്പോൾ ചൈന ഇതിൽ നിന്നെല്ലാം വിട്ടുനിന്നു. ഇതോടെ ചൈനയിലെ ജനങ്ങൾക്ക് സ്വാഭാവിക പ്രതിരോധശേഷി നഷ്ടപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി സംബന്ധിച്ച് അന്നുമുതലേ ആശങ്ക നിലനിൽക്കുകയാണ്. തിങ്ങിനിറഞ്ഞ ആശുപത്രികളുടെയൊക്കെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. പുറംലോകവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കുന്ന തരത്തിലായിരുന്നു ചൈന കൊറോണയ്ക്കെതിരെ പോരാടിയത്. സീറോ കോവിഡ് നയം എന്നാണ് ചൈന അതിനെ വിളിച്ചത്. ഏതെങ്കിലും നഗരത്തില്‍ ഒരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്താൽ ചെയ്‌താൽ ആ നഗരം മുഴുവനായി അടച്ചുപൂട്ടുന്നതായിരുന്നു ചൈനയുടെ നയം.

രാജ്യം മുഴുവനായി അടച്ചുപൂട്ടിയെങ്കിലും ജനസംഖ്യയുടെ നല്ലൊരു ഭാഗം കോവിഡിന്റെ പിടിയിലമർന്നത് ചൈനയ്ക്കുണ്ടാക്കിയ പ്രശ്നങ്ങള്‍ ചെറുതൊന്നുമല്ല. സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യക്ഷാമം, ആരോഗ്യസേവനങ്ങളുടെ അപര്യാപ്തത തുടങ്ങിയവയെല്ലാം ജനങ്ങളെ വലച്ചു. ഇതോടെ ജനങ്ങൾ തെരുവിലിറങ്ങി.

ഭരണകൂടം ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളിൽ ജനങ്ങൾ വീർപ്പുമുട്ടുകയും ലോകരാജ്യങ്ങളിൽ നിന്നടക്കം വിമർശനങ്ങളുയരുകയും ചെയ്തതോടെ ചൈന കോവിഡ് സീറോ നയം പിൻവലിച്ചു. എന്നാലത് ചൈനയെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത് എന്നതിന്‍റെ തെളിവുകളാണ് ഇപ്പോള്‍ വരുന്ന വാർത്തകള്‍.

ചൈനയുടെ വാക്സിനുകൾ ഫലപ്രദമല്ലേ?

രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരും പൂർണ്ണമായും വാക്സിൻ എടുത്തവരാണെന്ന് ചൈന പറയുന്നു. എന്നാൽ  80 വയസിന് മുകളിൽ ഉള്ളവരിൽ വാക്‌സിൻ സ്വീകരിച്ചവർ വളരെ കുറവാണ്. 60 വയസിന് മുകളിൽ പ്രായമുള്ളവരിൽ 36% മാത്രമാണ് മൂന്ന് ഡോസ് വാക്‌സിൻ സ്വീകരിച്ചത്. ചൈന സ്വന്തമായി വാക്സിനുകൾ വികസിപ്പിച്ചുവെങ്കിലും കോവിഡിൽ നിന്നും ആളുകളെ രക്ഷിക്കാൻ അത് പര്യാപ്തമല്ല എന്നതാണ് ലോകാരോ​ഗ്യ സംഘടനയുടെയടക്കം വിലയിരുത്തൽ. ചൈനയിൽ ഉപയോഗിക്കുന്ന പ്രധാന വാക്സിനുകളായ സിനോവാക്, സിനോഫാം എന്നിവ ഒമിക്രോണിനെതിരെ ഫലപ്രദമാണോ എന്ന കാര്യത്തിലും ചില വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ലോകത്തെ മറ്റേത് രാജ്യത്തേക്കാളേറെ വാക്‌സിനേഷൻ നടന്നത് ചൈനയിലാണെന്നാണ് റിപ്പോർട്ട്. എന്നിട്ടും എന്തുകൊണ്ടാണ് കോവിഡ് വകഭേദമായ ഒമിക്രോൺ ചൈനയിൽ പിടിമുറുക്കിയതെന്ന ആശങ്കയിലാണ് ലോകം. സീറോ- കോവിഡ് നയം തന്നെയാണ് ഇതിന് കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വലിയ രീതിയിലുള്ള അടച്ചിടൽ കാരണം ജനങ്ങളുടെ സ്വാഭാവിക പ്രതിരോധ ശേഷി നഷ്ടപ്പെട്ടു. കോവിഡിനൊപ്പം ശ്വാസകോശ സംബന്ധമായ രോഗങ്ങളടക്കം പിടിപെടുന്നതും മരണസംഖ്യ ഉയർത്തുന്നുണ്ട്. വരും ദിവസങ്ങള്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൈനയ്ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അതിവേഗമുള്ള രോഗവ്യാപനം പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമാകുമെന്നും കരുതുന്നു.

പുതിയ കണക്കുകള്‍ അനുസരിച്ച് ചൈനയില്‍ പ്രതിദിനം 1 ദശലക്ഷം കോവിഡ് രോഗബാധകളും 5,000 വൈറസ് മരണങ്ങളും സംഭവിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ എയര്‍ഫിനിറ്റി ലിമിറ്റഡിന്റെ കണക്കുകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നിലവിലെ രീതിയില്‍ രോഗബാധ തുടര്‍ന്നാല്‍ ജനുവരിയില്‍ ചൈനയിലെ പ്രതിദിന കേസുകളുടെ നിരക്ക് 3.7 ദശലക്ഷമായി ഉയര്‍ന്നേക്കാമെന്നും കണക്കുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗബാധ നിയന്ത്രണ വിധേയമായില്ലെങ്കില്‍ മാര്‍ച്ച് മാസത്തോടെ പ്രതിദിന രോഗബാധ 4.2 ദശലക്ഷമായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

logo
The Fourth
www.thefourthnews.in