ഫ്രെഡി ചുഴലിക്കാറ്റ്; തെക്കുകിഴക്കൻ ആഫ്രിക്കയിൽ മരണ സംഖ്യ 500 കവിഞ്ഞു

ഫ്രെഡി ചുഴലിക്കാറ്റ്; തെക്കുകിഴക്കൻ ആഫ്രിക്കയിൽ മരണ സംഖ്യ 500 കവിഞ്ഞു

മലാവി, മൊസാംബിക്, മഡഗാസ്കർ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്

തെക്കു കിഴക്കൻ ആഫ്രിക്കയിൽ ദിവസങ്ങളായി നീണ്ടു നിൽക്കുന്ന ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 522 ആയി. മലാവി, മൊസാംബിക്, മഡഗാസ്കർ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ച മലാവിയിൽ മരണസംഖ്യ 438 ആയെന്നാണ് ശനിയാഴ്ചത്തെ റിപ്പോർട്ട്. മലാവി പ്രസിഡന്റ് ലസാറസ് ചക്വേര ദുരന്തത്തെ തുടർന്ന് 14 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

തെക്കൻ ആഫ്രിക്കയിലെ ദുരന്തം അയൽ രാജ്യങ്ങളായ മൊസാംബിക്കിനെയും ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിനെയും സാരമായി ബാധിച്ചിട്ടുണ്ട്

മലാവിയിൽ പതിനായിരക്കണക്കിന് ആളുകൾക്കാണ് ചുഴലിക്കാറ്റിൽ വീടുകൾ നഷ്ടപ്പെട്ടത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് ഏകദേശം 3,45,000 ആളുകളാണ് രജ്യത്ത് ദുരിതമനുഭവിക്കുന്നത്. അതിജീവിച്ച ആളുകൾക്കായി രാജ്യത്തൊട്ടാകെ നൂറുകണക്കിന് താമസ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മൊസാംബിക്കിൽ കുറഞ്ഞത് 67 ആളുകൾ മരിക്കുകയും 50,000 പേർ പലായനം ചെയ്‌തെന്നുമാണ് പ്രസിഡന്റ് ഫിലിപ്പെ ന്യൂസി വ്യക്തമാക്കിയിരിക്കുന്നത്.

തെക്കൻ ആഫ്രിക്കയിലെ ദുരന്തം അയൽ രാജ്യങ്ങളായ മൊസാംബിക്കിനെയും ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിനെയും സാരമായി ബാധിച്ചിട്ടുണ്ട്. മഡഗാസ്കറിൽ 17 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഇരു രാജ്യങ്ങളിലെയും മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. മലാവിയുടെ സാമ്പത്തിക തലസ്ഥാനമായ ബ്ലാണ്ടയർ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഫ്രെഡി ചുഴലിക്കാറ്റ് വൻ നാശ നഷ്ടം വിതച്ചിരുന്നു. മഡഗാസ്‌കറിൽ ആദ്യമായി ഫ്രെഡി ചുഴലിക്കാറ്റ് കര തൊടുന്നത് ഫെബ്രുവരി 21നായിരുന്നു. പിന്നീട് മൊസാംബിക്കിലേക്കും അവിടെ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും ചുഴലിക്കാറ്റിന്റെ ദിശ മാറി. മാർച്ച് 11ന് രണ്ടാം തവണ വീണ്ടും കറങ്ങി തിരിഞ്ഞ് മൊസാംബിക്കിലേക്ക് ചുഴലിക്കാറ്റ് എത്തിച്ചേരുകയും തുടർന്ന് മലാവിയിലേക്ക് നീങ്ങുകയുമായിരുന്നു.

വെള്ളപ്പൊക്കത്തെ തുടർന്ന് ജലജന്യ രോഗങ്ങളുടെ വ്യാപനം വർധിക്കുന്നത് നിലവിലെ സ്ഥിതി കൂടുതൽ വഷളാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്

''ആളുകൾ എവിടെയൊക്കെ ഉണ്ടെന്നു കണ്ടെത്തി അവർക്കാവശ്യമായ ഭക്ഷണം എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, പല പ്രദേശങ്ങളിലും എത്തിച്ചേരാൻ സാധിക്കുന്നില്ല. നാശനഷ്ടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് പൂർണമായ വിലയിരുത്തലുകൾക്ക് ശേഷം മാത്രമേ സാധിക്കൂ', മലാവിയിലെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഡയറക്ടർ പോൾ ടേൺബുൾ പറഞ്ഞു. ഫ്രെഡിയുടെ കടന്നുവരവിന് മുൻപ് ഇരു രാജ്യങ്ങളിലും കോളറ പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിന്റെയൊപ്പം വെള്ളപ്പൊക്കത്തെ തുടർന്ന് ജലജന്യ രോഗങ്ങളുടെ വ്യാപനം വർധിക്കുന്നത് നിലവിലെ സ്ഥിതി കൂടുതൽ വഷളാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. മാർച്ച്, ഏപ്രിൽ വരെ കനത്ത മഴയും കൊടുങ്കാറ്റുമുണ്ടാകാനുളള സാധ്യതയും കൂടുതലാണ്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റ് എന്ന റെക്കോർഡ് ഫ്രെഡി ചുഴലിക്കാറ്റിനാണോ എന്ന് നിർണയിക്കാൻ ലോക കാലാവസ്ഥാ സംഘടന ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in