മോക്ക ചുഴലിക്കാറ്റ് കരതൊട്ടു; കാറ്റിന് മണിക്കൂറില്‍ 210 കി.മി വരെ വേഗത, ബംഗ്ലാദേശിലും മ്യാന്‍മറിലും കനത്തമഴ

മോക്ക ചുഴലിക്കാറ്റ് കരതൊട്ടു; കാറ്റിന് മണിക്കൂറില്‍ 210 കി.മി വരെ വേഗത, ബംഗ്ലാദേശിലും മ്യാന്‍മറിലും കനത്തമഴ

ബംഗ്ലാദേശിലെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് താല്‍ക്കാലികമായി വെള്ളത്തിനടിയിലാകുമെന്നാണ് മുന്നറിയിപ്പ്

അതിതീവ്ര ചുഴലിയായി മാറിയ മോക്ക കരതൊട്ടു. ബംഗ്ലാദേശിലെ കോക്സ്ബസാറിനും വടക്കന്‍ മ്യാന്‍മറിലെ ക്യാപുവിനുമിടയില്‍ സിറ്റ്‌വേ തീരത്താണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചത്. 210 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.

രണ്ട് ദശാബ്ദത്തിനിടെ ബംഗ്ലാദേശ് തീരത്ത് ആഞ്ഞടിക്കുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് മോക്ക. മ്യാന്‍മറിലും ബംഗ്ലാദേശിലും മോക്ക ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്തമഴ അനുഭവപ്പെടുന്നുണ്ട്. നേരത്തെ തന്നെ കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയതിനാല്‍ മേഖലയില്‍ നിന്ന് നിരവധി പേരെ ഒഴിപ്പിച്ചിരുന്നു. 20 ലക്ഷത്തിലേറെ പേരെ കാറ്റ് നേരിട്ട് ബാധിക്കും. മ്യാന്‍മറിലെ റാഖിന്‍, ചിന്‍, ബംഗ്ലാദേശിലെ കോക്സ് ബസാര്‍, ചാറ്റാഗ്രാം എന്നിവിടങ്ങളിലുള്ളവരെയാണ് ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കുന്നത്. പത്ത് ലക്ഷത്തിലേറെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന മേഖലയാണ് കോക്സ്ബസാര്‍.

ബംഗാള്‍ ഉള്‍ക്കടലില്‍ കോക്സ് ബസാറില്‍ നിന്ന് 410 കിലോമീറ്റര്‍ ദൂരത്ത് സ്ഥാനം ഉറപ്പിച്ചിരുന്ന കാറ്റ് ഞായറാഴ്ച ഉച്ചയോടെയാണ് കരയില്‍ പ്രവേശിച്ചത്. കാലാവസ്ഥ മോശമായതിനാല്‍ മ്യാന്‍മര്‍ എയര്‍വെയ്സ് റാഖിനിലേക്കുള്ള വിമാനസര്‍വീസുകള്‍ തിങ്കളാഴ്ച വരെ റദ്ദാക്കി.

ക്യാമ്പില്‍ കഴിയുന്നവര്‍
ക്യാമ്പില്‍ കഴിയുന്നവര്‍

ബംഗ്ലാദേശിലെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് താല്‍ക്കാലികമായി വെള്ളത്തിനടിയിലാകുമെന്നാണ് മുന്നറിയിപ്പ്.ബംഗ്ലാദേശ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. ആള്‍താമസമില്ലാത്തതിനാല്‍ ദ്വീപിലെ എവിടെ കാറ്റ് വീശിയടിച്ചാലും ആശങ്കയുടെ സാഹചര്യമില്ലെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. കാറ്റിന്റെ ശക്തി അനുസരിച്ച് മാത്രമെ ഇതിന് സാധ്യതയുള്ളൂവെന്നാണ് അറിയിപ്പ്.

ഇന്ത്യയില്‍ പശ്ചിമബംഗാള്‍, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, മണിപ്പൂര്‍, അസം സംസ്ഥാനങ്ങളിലും ആന്‍ഡമാനിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in