പാകിസ്താനിലെ അസംബന്ധ 'ജനാധിപത്യ' നാടകം

പാകിസ്താനിലെ അസംബന്ധ 'ജനാധിപത്യ' നാടകം

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ക്രിക്കറ്റ് ഇതിഹാസവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനാണ് സൈന്യത്തിന്റെ ശത്രു. അതുകൊണ്ടുതന്നെ ജനകീയനായ രാഷ്ട്രീയ നേതാവ് തിരഞ്ഞെടുപ്പ് കാലത്തും ജയിലിലാണ്

പാകിസ്താനെ എങ്ങനെ വിശേഷിപ്പിക്കാം? തിരഞ്ഞെടുപ്പ് പലപ്പോഴും നടന്നിട്ടും, ജനാധിപത്യം പരാജയപ്പെട്ട ഒരു രാജ്യമേതായിരിക്കും. ഏക പാര്‍ട്ടി ഭരണമുള്ള ചൈനയെയോ വടക്കന്‍ കൊറിയയെയോ, സിങ്കപ്പൂരിനെയോ പോലുള്ള രാജ്യമല്ല, നിരവധി പാര്‍ട്ടികള്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് നടക്കും. പക്ഷേ ജനാധിപത്യം മാത്രം വാഴില്ല. വ്യവസ്ഥാപരമായി പാര്‍ലമെന്ററി ജനാധിപത്യമാണ്. പാര്‍ലമെന്റിനാണ് അധികാരം. എന്നാല്‍ അതിനും മുകളില്‍ ഒരു ശക്തിയുണ്ട് പാകിസ്താനില്‍, സൈന്യം. സൈന്യം പ്രത്യക്ഷമായും പരോക്ഷമായും ഇടപ്പെട്ട് തിരഞ്ഞെടുപ്പ് നടത്തും. തങ്ങള്‍ക്ക് താത്പര്യമുളളവരെ വാഴിക്കും, ഇല്ലെങ്കില്‍ അസ്ഥിരപ്പെടുത്തും. അത്തരമൊരു പക്രിയ ഇന്ന് പാകിസ്താനില്‍ വീണ്ടും നടക്കുകയാണ്.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ക്രിക്കറ്റ് ഇതിഹാസവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനാണ് സൈന്യത്തിന്റെ ശത്രു. അതുകൊണ്ടുതന്നെ ജനകീയനായ രാഷ്ട്രീയ നേതാവ് തിരഞ്ഞെടുപ്പ് കാലത്തും ജയിലിലാണ്. സമയം പിന്നിടുന്തോറും ഇമ്രാനെതിരെ അതിവേഗം തെളിയുന്ന കുറ്റങ്ങളുടെ എണ്ണം കൂടിവരികയാണ്. മുന്‍ പ്രധാനമന്ത്രി ശിക്ഷിക്കപ്പെട്ട കേസുകളില്‍ രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യങ്ങള്‍ പരസ്യപ്പെടുത്തിയത് മുതല്‍ അനിസ്ലാമികപരമായി കല്യാണം കഴിച്ച കുറ്റം വരെയുണ്ട്.

പാകിസ്താന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ സൈനിക സംവിധാനത്തിന്റെ കൈകടത്തല്‍ എന്നുമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണത്തെ അത്ര മോശപ്പെട്ട ഒരു തിരഞ്ഞെടുപ്പ് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് പാകിസ്താനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സാഹിദ് ഹുസൈന്‍ അഭിപ്രായപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഫലം നേരത്തെ തീരുമാനിക്കപ്പെട്ടതാണ്. ഫെബ്രുവരി എട്ടിന് നടക്കുന്നത് വെറും ഔപചാരികം മാത്രമാണെന്നാണ് ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

2018ലെ തിരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ പ്രിയങ്കരനായിരുന്നു ഇമ്രാന്‍ ഖാന്‍. പിന്നീട് ഭരണത്തിലിരിക്കെയാണ് തമ്മില്‍ അകലുന്നതും ഇമ്രാന്‍ ഖാന്‍ സൈന്യത്തിനെതിരെ പരസ്യമായി രംഗത്തുവരുന്നതും. ജനപ്രീതി ഏറെയുണ്ടായിട്ടും സൈന്യമെന്ന പാകിസ്താന്‍ 'സര്‍വാധികാരി'യെ ചോദ്യം ചെയ്തപ്പോള്‍ മുന്‍ഗാമികളുടെ അവസ്ഥ ഇമ്രാനുമുണ്ടായി. അങ്ങനെ 2022 ഏപ്രിലില്‍ അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ സര്‍ക്കാര്‍ പുറത്തായി.

2018ല്‍ സൈന്യത്തിന്റെ എതിരാളിയായിരുന്ന നവാസ് ഷെരീഫാണ് നിലവില്‍ അവരുടെ പ്രിയങ്കരന്‍. അതിന്റെ ഭാഗമാണ് മുന്‍പ് രാഷ്ട്രീയത്തില്‍നിന്നുവരെ വിലക്കുണ്ടായിരുന്ന നവാസിനെ നീണ്ട വര്‍ഷങ്ങളുടെ 'വനവാസത്തിന്' ശേഷം ലണ്ടനില്‍നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് തിരികെയെത്തിച്ചത്. ഒരുഭാഗത്ത് തനിക്കെതിരായ കേസുകളില്‍നിന്ന് നവാസ് ശരീഫ് വളരെ എളുപ്പത്തില്‍ രക്ഷപ്പെടുമ്പോള്‍ മറുഭാഗത്ത് ഇമ്രാന്‍ ഖാന്‍റെ കുരുക്ക് ദിനംപ്രതി വര്‍ധിക്കുകയാണ്. ഇതും നേരത്തെ പറഞ്ഞ സൈന്യത്തിന്റെ ഇഷ്ടാനിഷ്ടങ്ങളുടെ ഭാഗമാണ്. ഇപ്പോള്‍ ഇമ്രാന്‍ ഖാനെതിരെ 180 -ലധികം കേസുകളാണുള്ളത്.

സൈന്യാധിപത്യത്തില്‍ കാലിടറിയ തെഹ്രീക് ഇ ഇന്‍സാഫ്

ഇമ്രാന്‍ ഖാനെ കേസുകളില്‍നിന്ന് കേസുകളിലേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്ത വിധം കുരുക്കിയ ശേഷം, സൈന്യം തിരിഞ്ഞത് പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പി ടി ഐ) പാര്‍ട്ടിക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കുമെതിരെയായിരുന്നു. ഏകദേശം 60 ശതമാനം മാത്രം സാക്ഷരതയുള്ള പാകിസ്താനില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയത്തിലെ ഒരു മുഖ്യ ഘടകം തിരഞ്ഞെടുപ്പ് ചിഹ്നമാണ്. പി ടി ഐയുടെ ഏറ്റവും വലിയ വോട്ട് ബാങ്കും നിരക്ഷരരായ ജനങ്ങളാണ്. ഈ തിരിച്ചറിവിന്റെ പുറത്താണ് തെഹ്രീക് ഇ ഇന്‍സാഫിന്‍റെ ചിഹ്നമായ 'ബാറ്റ്' തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരോധനമുണ്ടാകുന്നത്. ഇതിനുപിന്നിലും സൈന്യത്തിന്റെ ഇടപെടല്‍ ആരോപിക്കപ്പെടുന്നുണ്ട്.

ആഗോളതലത്തില്‍ ജനാധിപത്യം പുലരാന്‍ വേണ്ടി അഹോരാത്രം പരിശ്രമിക്കുന്നുവെന്ന് വീമ്പുപറയുന്ന അമേരിക്ക പോലും പാകിസ്താനിലെ ജനാധിപത്യ അട്ടിമറിയിൽ നോക്കുകുത്തിയായി നിൽക്കുകയാണ്

പി ടി ഐയുടെ ഓരോ സാധ്യതകളെയും സൈന്യം അതിരൂക്ഷമായാണ് അടിച്ചമര്‍ത്തുന്നത്. പി ടി ഐയുടെ കീഴില്‍ മത്സരിക്കാന്‍ അനുവദിക്കാതിരുന്നതിനാല്‍ നേതാക്കള്‍ സ്വതന്ത്രരായാണ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്. അതിലും ഒരുപാട് തടസങ്ങള്‍ സ്ഥാനാർഥികള്‍ നേരിടുന്നുണ്ട്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുമ്പോള്‍ നേതാക്കളെ തടഞ്ഞുവയ്ക്കുക, പത്രിക തട്ടിയെടുക്കുക എന്നിവയില്‍ തുടങ്ങി പല നീതിരഹിത പരിപാടികളും പാകിസ്താനില്‍ അരങ്ങേറുന്നുണ്ട്. പാകിസ്താനിലെ നിയമപ്രകാരം സ്ഥാനാര്‍ഥിയാകണമെങ്കില്‍ രണ്ടുപേരുടെ പിന്തുണ ആവശ്യമാണ്. അങ്ങനെയെത്തുന്നവരെ പോലും തട്ടിക്കൊണ്ടുപോയ സംഭവം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാകിസ്താനിലെ അസംബന്ധ 'ജനാധിപത്യ' നാടകം
വിവാഹത്തില്‍ ഇസ്ലാമിക നിയമലംഘനം; ഇമ്രാൻ ഖാനും ഭാര്യയ്ക്കും ഏഴുവർഷം തടവ്

അതെല്ലാം അതിജീവിച്ച് എത്തുന്നവര്‍ക്കും രക്ഷയില്ലെന്നതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പി ടി ഐയുടെ സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന പ്രചാരണ റാലികള്‍ തടയുക, അവരെ ആക്രമിക്കുക തുടങ്ങിയ ജനാധിപത്യത്തെ ഹത്യകളും സൈനിക മേധാവി ആസിം മുനീറിന്റെ നിര്‍ദേശത്തില്‍ നടന്നുവരികയാണ്. ഇമ്രാന്‍ ഖാന്റെ പേര് മുഖ്യധാരാ മാധ്യമങ്ങളില്‍നിന്ന് സൈന്യം വിലക്കിയതിനാല്‍ യാതൊരു വിധ ജനാധിപത്യപ്രക്രിയയും സാധ്യമാകുന്നില്ലെന്നാണ് പി ടി ഐ പറയുന്നത്.

കറാച്ചിയിൽ പി ടി ഐ റാലി അടിച്ചമർത്തുന്ന  പോലീസ്
കറാച്ചിയിൽ പി ടി ഐ റാലി അടിച്ചമർത്തുന്ന പോലീസ്

ആയിരക്കണക്കിന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ഡസന്‍ കണക്കിന് നേതാക്കള്‍ നിര്‍ബന്ധിത രാജിക്ക് വിധേയരാവുകയും ചെയ്യുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് നിയോജകമണ്ഡലത്തിന്റെ അതിര്‍ത്തിരേഖകള്‍ പുനഃക്രമീകരിച്ച് പി ടി ഐയുടെ എല്ലാ സാധ്യതകളും ഇല്ലാതാക്കിയിരിക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തുടരുമ്പോഴും പാകിസ്താനില്‍ നടത്തിയ അഭിപ്രായ സര്‍വേകളില്‍ പിടിഐക്കാണ് 60 മുതല്‍ 80 ശതമാനം വരെ പിന്തുണ

നോക്കുകുത്തിയായി ലോകരാജ്യങ്ങള്‍

ആഗോളതലത്തില്‍ ജനാധിപത്യം പുലരാന്‍ വേണ്ടി അഹോരാത്രം പരിശ്രമിക്കുന്നുവെന്ന് വീമ്പുപറയുന്ന അമേരിക്ക പോലും പാകിസ്താനിലെ ജനാധിപത്യ അട്ടിമറിയിൽ നോക്കുകുത്തിയായി നിൽക്കുകയാണ്. ഒരു അപലപിക്കാന്‍ പോലും അവർ തയാറായിട്ടില്ല. ജനാധിപത്യം പുനഃസ്ഥാപിച്ച് ഇമ്രാൻ ഖാനെന്ന നേതാവിനെ കൊണ്ടുവന്നതുകൊണ്ട് അമേരിക്കയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നതാണ് ഈ നിസ്സംഗതയ്ക്ക് കാരണമാണെന്ന് ആഗോള രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

അമേരിക്കയും പാകിസ്താനിലെ സര്‍വാധിപധികളായ സൈന്യത്തെ അടിസ്ഥാനപരമായി അംഗീകരിക്കുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. 1947ല്‍ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ പകുതിയോളം സമയമാകും അട്ടിമറികളിലൂടെയും ജനാധിപത്യഹത്യകളിലൂടെയും ഭരണം കയ്യാളി, ഇന്ന് കിങ് മേക്കറായി തുടരുന്ന സൈന്യത്തെയാണ് അമേരിക്ക പലപ്പോഴും ആശ്രയിക്കാറുള്ളതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ആരൊക്കെ അധികാരത്തിലെത്തിയാലും ഭരണത്തിന്റെ ചരട് സൈന്യത്തിനാണെന്ന ബോധ്യം അമേരിക്കയിലെ ഭരണകര്‍ത്താക്കള്‍ക്ക് എല്ലാകാലത്തുമുണ്ട്. ഒരാവശ്യമുള്ളപ്പോള്‍ അവര്‍ വിളിക്കുന്നതും സൈനിക മേധാവിയെയാണെന്ന് ഇസ്ലാമാബാദിലെ യു എസ് മുന്‍ നയതന്ത്രജ്ഞന്‍ തന്നെ തുറന്നു പറഞ്ഞിരുന്നു.

പാകിസ്താനിലെ അസംബന്ധ 'ജനാധിപത്യ' നാടകം
പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ പാകിസ്താനിൽ ഇരട്ട സ്ഫോടനം; 26 പേർ കൊല്ലപ്പെട്ടു

കൂടാതെ ദക്ഷിണേഷ്യയിലെ അമേരിക്കയുടെ പ്രധാനപ്പെട്ട സുഹൃത്തായ ഇന്ത്യയുമായി ഇമ്രാൻ ഖാൻ പുലർത്തുന്ന അകൽച്ചയും ഇമ്രാൻ ഖാൻ 'ജനാധിപത്യത്തിന്റെ കാവൽക്കാരെ' പാകിസ്താനിൽ ഇടപെടുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു 'വംശീയവാദി' ആണെന്നൊക്കെ ഇമ്രാൻ മുൻപ് പറഞ്ഞിരുന്നു. അമേരിക്കയോടും അത്ര നല്ല ബന്ധത്തിലല്ല ഇമ്രാൻ ഖാൻ. തന്നെ പുറത്താക്കിയതിനുപിന്നിൽ അമേരിക്കയാണെന്ന ആരോപണവും ഇമ്രാൻ ഖാൻ തന്നെ മുൻപ് ഉയർത്തിയിരുന്നു. കൂടാതെ മേഖലയിലെ ഇമ്രാന്റെ പ്രധാന സുഹൃത്ത് ഷി ജിൻ പിങ്ങും വ്‌ളാദിമിർ പുടിനുമാണ് എന്നതും അമേരിക്കയ്ക്ക് ഇമ്രാനൊടുള്ള താത്പര്യക്കുറവിന്റെ കാരണങ്ങളാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തുടരുമ്പോഴും പാകിസ്താനില്‍ നടത്തിയ അഭിപ്രായ സര്‍വേകളില്‍ പിടിഐക്കാണ് 60 മുതല്‍ 80 ശതമാനം വരെ പിന്തുണ. എന്നാല്‍ ഇത് വോട്ടായി മാറുമോ അല്ലെങ്കില്‍ മാറാന്‍ സൈന്യം അനുവദിക്കുമോ എന്ന ചോദ്യം നിലനില്‍ക്കുകയാണ്. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ജനാധിപത്യത്തിന്റെ കശാപ്പ് ഒരു രാജ്യത്ത് നടക്കുമ്പോഴും ലോകരാജ്യങ്ങളാരും ഇടപെടാതെ നോക്കിനില്‍ക്കുകയാണ്. ഈ ഉദാസീനത ആർക്കാകും ഗുണം ചെയ്യുകയെന്നത് രാഷ്ട്രങ്ങള്‍ ചിന്തിക്കേണ്ട ഘട്ടം പിന്നിട്ടിരിക്കുന്നു.

logo
The Fourth
www.thefourthnews.in