ചുംബിക്കാന്‍ ഇനി ദൂരം പ്രശ്‌നമല്ല, കമിതാക്കള്‍ക്കായി 'ചുംബനോപകരണം' വികസിപ്പിച്ചെടുത്ത് ചൈന

ചുംബിക്കാന്‍ ഇനി ദൂരം പ്രശ്‌നമല്ല, കമിതാക്കള്‍ക്കായി 'ചുംബനോപകരണം' വികസിപ്പിച്ചെടുത്ത് ചൈന

സിലിക്കണ്‍ ചുണ്ടുകളുള്ള ചുംബനോപകരണത്തില്‍ പ്രത്യേക മര്‍ദം ക്രമീകരിച്ചതു കൊണ്ടാണ് ചുംബനം അനുഭവവേദ്യമാകുന്നത്

ചൈനയിലെ ഒരു സര്‍വകലാശാല നിര്‍മിച്ചെടുത്ത ഒരു 'ചുംബന ഉപകരണ'മാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ കോളിളക്കം സൃഷ്ടിക്കുന്നത്. ചാങ്‌ഷോ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാട്രോണിക് ടെക്‌നോളജിയാണ് ഈ അത്ഭുത ഉപകരണത്തെ ലോകത്തിന് മുന്നില്‍ എത്തിക്കുന്നത്. വിദൂരങ്ങളിലുള്ള കമിതാക്കളില്‍ യഥാര്‍ത്ഥമായി അടുപ്പമുണ്ടാക്കുന്നതിനുള്ള മാര്‍ഗമായാണ് ഈ ഉപകരണം പരസ്യപ്പെടുത്തുന്നത്. ദൂരങ്ങളിലിരുന്ന് പ്രണയിക്കുന്നവർക്കായുള്ള തന്‍റെ സമ്മാനമാണ് ഇതെന്ന് ഉപകരണം രൂപകല്പന ചെയ്ത ജിയാങ് സോലി പറഞ്ഞു.

ഉപകരണം ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം വീഡിയോകോള്‍ വിളിക്കുന്നതിനൊപ്പം മൊബൈല്‍ഫോണിൻ്റെ ചാര്‍ജിങ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചാണ് ഉപകരണം പ്രവര്‍ത്തിക്കുക. സിലിക്കണ്‍ ചുണ്ടുകളുള്ള ചുംബനോപകരണത്തില്‍ പ്രത്യേക മര്‍ദം ക്രമീകരിച്ചതു കൊണ്ടാണ് ചുംബനം അനുഭവവേദ്യമാകുന്നത്. അത് ഉപയോഗിക്കുന്നയാളുടെ ചുണ്ടുകളുടെ ചലനവും മര്‍ദവും അനുസരിച്ച് പ്രവര്‍ത്തിക്കും. ചുണ്ടുകളുടെ ചലനത്തിന് പുറമേ അതിൻ്റെ ശബ്ദവും ഈ ഉപകരണം അതുപോലെ കൈമാറുന്നതിനാല്‍ മറുവശത്തുള്ളവര്‍ക്ക് ചുംബനം യഥാര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ കഴിയും.

സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്ത് വളരെ ദൂരെയായിരുന്ന കാമുകിയെ നേരിട്ട് കാണാന്‍ കഴിഞ്ഞിരുന്നില്ല, ഫോണ്‍ മാത്രമായിരുന്നു ഇരുവര്‍ക്കും ആശ്രയം. ആ സമയത്താണ് ഇത്തരമൊരു ഉപകരണത്തെക്കുറിച്ച് ചിന്തിക്കാനുള്ള പ്രേരണ ഉണ്ടായതെന്നാണ് സോലി പറയുന്നത്. 2019ലാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തതെങ്കിലും അദ്ദേഹത്തിന് പേറ്റന്റ് ലഭിക്കുന്നത് ഈ ജനുവരിയിലാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്ന ചുംബനോപകരണത്തിന് സമ്മിശ്രമായ പ്രതികരണമാണ് ലോകത്തെമ്പാടുനിന്നും ലഭിക്കുന്നത്. ചിലര്‍ ഉപകരണത്തിൻ്റെ രസകരവും ഉപയോഗപ്രദവുമായ വശം കണ്ടെത്തിയപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

logo
The Fourth
www.thefourthnews.in