ഡോണൾഡ്‌ ട്രംപ്
ഡോണൾഡ്‌ ട്രംപ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഹേലിയെ കൈവിട്ടു, രണ്ടാം പ്രൈമറിയില്‍ ട്രംപിന് വന്‍ജയം സമ്മാനിച്ച് ന്യൂ ഹാംപ്‌ഷെയര്‍

ജയിക്കാൻ കാര്യമായ രീതിയിൽ പ്രവർത്തിച്ച യു എൻ മുൻ അംബാസഡർ നിക്കി ഹേലിക്ക് തിരിച്ചടിയാണ് ഫലം. നേരത്തെ അയോവയിൽ നടന്ന പ്രൈമറിയിലും ട്രംപിന് തന്നെയായിരുന്നു ജയം

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ നിർണയിക്കാൻ ന്യൂ ഹാംപ്‌ഷെയറിൽ നടന്ന പ്രൈമറിയിൽ ഡോണൾഡ്‌ ട്രംപിന് ജയം. റിപ്പബ്ലിക്കൻ പ്രൈമറി നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ന്യൂ ഹാംപ്‌ഷെയർ. ഇവിടെ ജയിക്കാൻ കാര്യമായ രീതിയിൽ പ്രവർത്തിച്ച യു എൻ മുൻ അംബാസഡർ നിക്കി ഹേലിക്ക് തിരിച്ചടിയാണ് ഫലം. നേരത്തെ അയോവയിൽ നടന്ന പ്രൈമറിയിലും ട്രംപിന് തന്നെയായിരുന്നു ജയം.

നിക്കി ഹേലി
നിക്കി ഹേലി

ന്യൂ ഹാംപ്‌ഷെയറിൽ ജയിക്കുക എന്ന ലക്ഷ്യത്തോടെ ഒരുപാട് സമയവും പണവും ചെലവിട്ടായിരുന്നു ട്രംപിന്റെ ശേഷിക്കുന്ന ഒരേയൊരു എതിരാളിയായ നിക്കി ഹേലിയുടെ പ്രവർത്തനം. ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയും അയോവയിലേറ്റ പരാജയത്തോടെ പിന്മാറിയിട്ടും ഹേലി മത്സരത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ന്യൂ ഹാംപ്‌ഷെയറിലെ നിഷ്പക്ഷ വോട്ടർമാരെ ഉന്നം വച്ചായിരുന്നു ഹേലിയുടെ പ്രവർത്തനങ്ങൾ എങ്കിലും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഫലം തെളിയിക്കുന്നത്. സംസ്ഥാനത്തെ ജയത്തോടെ ആദ്യ രണ്ട് പ്രൈമറികളിലും ജയിക്കുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ട്രംപ് മാറി.

ന്യൂ ഹാംഷെയറിലെ ജയത്തോടെ ഗ്രാൻഡ് ഓൾഡ് പാർട്ടിയിൽ ട്രംപിനുള്ള അകമഴിഞ്ഞ പിന്തുണ കൂടിയാണ് വ്യക്തമാകുന്നത്. അന്തിമ വിജയ മാർജിൻ ഇപ്പോഴും വ്യക്തമല്ലെങ്കിലും, ഹേലി മത്സരത്തിൽനിന്ന് പിന്മാറണമെന്നുള്ള അഭിപ്രായപ്രകടനങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരുവിഭാഗം വീണ്ടും ശക്തമാക്കാനുള്ള സാധ്യതയുണ്ട്. അയോവയിലെ പ്രൈമറിക്ക് ശേഷവും ഇത്തരം ആവശ്യങ്ങൾ ചിലർ ഉയർത്തിയിരുന്നു. അയോവയിൽ മൂന്നാം സ്ഥാനത്തായിരുന്നു ഹേലി. എന്നാൽ പല സംസ്ഥാനങ്ങളിലും പ്രൈമറി നടക്കുന്ന മാർച്ചിലെ 'സൂപ്പർ ചൊവ്വാഴ്ച' വരെ താൻ മത്സരത്തിൽ തുടരുമെന്ന് ചൊവ്വാഴ്ച ഹേലി അറിയിച്ചിരുന്നു. അന്ന് 15 സംസ്ഥാനങ്ങളിലാണ് പ്രൈമറി നടക്കുക.

ഡോണൾഡ്‌ ട്രംപ്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി പോരില്‍നിന്ന് റോൺ ഡി സാന്റിസ് പിന്മാറി

ചൊവ്വാഴ്‌ച ട്രംപ് വിജയിച്ചെങ്കിലും, പൊതുതിരഞ്ഞെടുപ്പിലേക്കുള്ള മത്സരത്തില്‍ മുൻ പ്രസിഡന്റിനുള്ള പോരായ്മകൾ എക്സിറ്റ് പോളുകൾ എടുത്തുകാട്ടുന്നുണ്ട്. 2020-ലെ തോൽവി മറികടക്കാനുള്ള ശ്രമങ്ങളും 2021-ൽ വൈറ്റ് ഹൗസ് വിട്ടശേഷം രഹസ്യരേഖകൾ സൂക്ഷിച്ചതും ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ക്രിമിനൽ വിചാരണ നേരിടുന്നയാളാണ് ട്രംപ്. അദ്ദേഹം ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ടാൽ പ്രസിഡന്റ് ആകാൻ യോഗ്യനല്ലെന്നാണ് പ്രൈമറിയിൽ വോട്ട് ചെയ്ത പകുതിയോളം റിപ്പബ്ലിക്കൻ വോട്ടർമാരുടെയും അഭിപ്രായം. അതേസമയം, ബൈഡൻ സത്യസന്ധമായ മാർഗത്തിലൂടെയല്ല 2020ലെ തിരഞ്ഞെടുപ്പിൽ ജയിച്ചതെന്ന് വിശ്വസിക്കുന്ന അത്രതന്നെ റിപ്പബ്ലിക്കന്മാരും ഉണ്ടെന്ന് എഡിസൺ നടത്തിയ എക്സിറ്റ് പോളിൽ പറയുന്നു.

അടുത്ത മത്സരം ഫെബ്രുവരി 24 ന് സൗത്ത് കരോലിനയിലാണ്. നിക്കി ഹേലിയുടെ ജന്മസ്ഥലവും രണ്ട് തവണ ഗവർണറായി സേവനമനുഷ്ഠിക്കുകയും ചെയ്ത സംസ്ഥാനമാണ്. എന്നിരുന്നാലും ട്രംപിന് തന്നെയാണ് ഇവിടെയും മുൻതൂക്കമെന്നാണ് സർവേ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

logo
The Fourth
www.thefourthnews.in