അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: നൂറിലേറെ മരണം, പരിക്കേറ്റവർ ആയിരത്തിലധികം

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: നൂറിലേറെ മരണം, പരിക്കേറ്റവർ ആയിരത്തിലധികം

320 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത കണക്കുകളുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ കാര്യാലയത്തിൽ നിന്നുള്ള സാഹചര്യ റിപ്പോർട്ട് സൂചിപ്പിക്കുന്നു

പടിഞ്ഞാറൻ അഫ്ഗാനിസ്ഥനിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നൂറിലേറെ പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ പ്രാദേശിക സമയം 11:00 ഓടെയാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ശക്തമായ തുടർചലനങ്ങളുണ്ടായി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിലാണ് മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. സമീപ പ്രദേശങ്ങളായ ബാദ്ഗിസ്, ഫറാ പ്രവിശ്യകളിലും ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്.

ഹെറാത്ത് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം

"ഞങ്ങൾ ഞങ്ങളുടെ ഓഫീസുകളിലായിരുന്നു, പെട്ടെന്ന് കെട്ടിടം കുലുങ്ങാൻ തുടങ്ങി. വാൾ പ്ലാസ്റ്റർ വീഴാൻ തുടങ്ങി, ചുവരുകൾക്ക് വിള്ളലുകൾ വന്നു, ചില ഭിത്തികളും കെട്ടിടത്തിന്റെ ഭാഗങ്ങളും തകർന്നു." ഹെറാത്ത് നിവാസി ബഷീർ അഹമ്മദ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. "എനിക്ക് എന്റെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയുന്നില്ല, നെറ്റ്‌വർക്ക് കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ടു. ഭയാനകമായിരുന്നു അവസ്ഥ" അതിജീവിച്ചവർ അപകടത്തിന്റെ ഭീകരതയെ വിവരിച്ചു.

ഭൂചലനത്തിൽ 100-ലധികം പേർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാല്‍ 320 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത കണക്കുകളുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ കാര്യാലയത്തിൽ നിന്നുള്ള സാഹചര്യ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഹെറാത്ത് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. അതിനു ശേഷം 6.3, 5.9, 5.5 തീവ്രതയുള്ള ശക്തമായ മൂന്ന് തുടർചലനങ്ങളും ഉണ്ടായി. ഹെറാത്ത് പ്രവിശ്യയിലെ സെൻഡ ജാൻ ജില്ലയിലെ നാല് ഗ്രാമങ്ങളിൽ ഭൂചലനത്തിലും തുടർചലനങ്ങളിലും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ദുരന്ത അതോറിറ്റി വക്താവ് മുഹമ്മദ് അബ്ദുല്ല ജാൻ പറഞ്ഞു. ഫറാ, ബാഡ്ജസ് പ്രവിശ്യകളിൽ വീടുകൾക്ക് വ്യാപക നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി സെൻഡ ജാനിലേക്ക് 12 ആംബുലൻസുകൾ അയച്ചതായി അഫ്ഗാനിസ്ഥാനിലെ ലോകാരോഗ്യ സംഘടന അറിയിച്ചു. താലിബാൻ നിയമിച്ച സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി അബ്ദുൾ ഗനി ബരാദർ ഹെറാത്തിലും ബദ്ഗിസിലും മരിച്ചവർക്കും പരിക്കേറ്റവർക്കും അനുശോചനം രേഖപ്പെടുത്തി. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ സഹായം ലഭ്യമാക്കാന്‍ ഇടപെടണമെന്ന് താലിബാൻ ഭരണകൂടം പ്രാദേശിക സംഘടനകളോട് അഭ്യർത്ഥിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ പ്രവര്‍ത്തിച്ച് വരികയാണ് എന്നും ഭരണകൂടം ആവശ്യപ്പെട്ടു.

2022 ജൂണിൽ, കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കുറഞ്ഞത് 1,000 പേർ കൊല്ലപ്പെടുകയും 1,500 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഏറ്റവും മാരകമായ ഭൂചലനമായിരുന്നു ഇത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in