വെരിഫിക്കേഷന് പണം നൽകാനാകില്ലെന്ന് ന്യൂയോർക്ക് ടൈംസ്; അക്കൗണ്ടിലെ സ്വർണ ബാഡ്ജ് നീക്കം ചെയ്ത് ട്വിറ്റർ

വെരിഫിക്കേഷന് പണം നൽകാനാകില്ലെന്ന് ന്യൂയോർക്ക് ടൈംസ്; അക്കൗണ്ടിലെ സ്വർണ ബാഡ്ജ് നീക്കം ചെയ്ത് ട്വിറ്റർ

ന്യൂയോർക്ക് ടൈംസിന്റേത് ട്വിറ്ററിനെതിരായ പ്രചാരവേലയെന്നും എന്നാൽ അത് ശ്രദ്ധ നേടുന്നില്ലെന്നതാണ് വലിയ ദുരന്തമെന്നും മസ്കിന്റെ പരിഹാസം

മാധ്യമ സ്ഥാപനമായ ന്യൂയോര്‍ക്ക് ടൈംസിന്റെ അക്കൗണ്ടിൽ നിന്ന് സ്വര്‍ണ ബാഡ്ജ് നീക്കം ചെയ്ത് ട്വിറ്റർ. ഏപ്രിൽ ഒന്നുമുതൽ ബാഡ്ജ്കൾക്ക് പണം നൽകുന്ന സംവിധാനം നിലവിൽ വരുന്നതിന്റെ ഭാഗമാണ് നീക്കം. പണമടച്ച് ട്വിറ്റര്‍ അക്കൗണ്ടുകള്‍ വെരി‍ഫൈ ചെയ്യാന്‍ തയ്യാറല്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്ഥാപനത്തിനിനെതിരെ കടുത്ത വിമർശനമാണ് ട്വിറ്റർ ഉടമ ഇലോൺ മസ്ക് ഉന്നയിക്കുന്നത്.

ന്യൂയോർക്ക് ടൈംസ് ട്വിറ്റർ  അക്കൗണ്ടിൽ നിന്ന്  സ്വര്‍ണ ബാഡ്ജ് നീക്കം ചെയ്തപ്പോൾ
ന്യൂയോർക്ക് ടൈംസ് ട്വിറ്റർ അക്കൗണ്ടിൽ നിന്ന് സ്വര്‍ണ ബാഡ്ജ് നീക്കം ചെയ്തപ്പോൾ

മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് പ്ലാറ്റ്ഫോമിൽ വരുത്തിയത്. വെരിഫൈ ചെയ്ത അക്കൗണ്ടുകളാണെന്ന് തെളിയിക്കാനുള്ള ബ്ലൂ ടിക്കുകള്‍ക്കും ഗോള്‍ഡന്‍ ബാഡ്ജുകള്‍ക്ക് പണം ഈടാക്കും എന്നതായിരുന്നു പ്രധാന മാറ്റം. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിൽ വരുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചിരുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമാണ് സ്വര്‍ണ ബാഡ്ജുകള്‍ നല്‍കിയിരുന്നത്. ഫോളേവേഴ്സിനെ നോക്കി ട്വിറ്റർ തന്നെയായിരുന്നു ഇത് നൽകിയിരുന്നത്. ബാഡ്ജ് നിലനിര്‍ത്തണമെങ്കില്‍ ഏപ്രിൽ ഒന്ന് മുതല്‍ 1000 ഡോളര്‍ നല്‍കണമെന്നായിരുന്നു ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. ബ്രാന്‍ഡുമായി ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകള്‍ക്കും 50 ഡോളറും പ്രതിമാസം അടയ്‌ക്കേണ്ടിവരും.

ബ്ലൂടിക്കിനായി അധികം പണം നല്‍കാന്‍ കഴിയില്ലെന്ന് വൈറ്റ് ഹൗസും അറിയിച്ചിട്ടുണ്ട്

എന്നാൽ അക്കൗണ്ട് വെരിഫൈ ചെയ്യാൻ പണം നല്‍കില്ലെന്നും റിപ്പോർട്ടിങ് ആവശ്യവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കായി മാത്രം ബ്ലൂ ടിക് സബ്‌സ്‌ക്രൈബ് ചെയ്യുമെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമ സ്ഥാപനത്തിന് സ്വര്‍ണബാഡ്ജ് നഷ്ടമായത്. എങ്കിലും അതിന്റെ ട്രാവല്‍, ഒപീനിയന്‍ തുടങ്ങിയ സെക്ഷനുകള്‍ ബ്ലൂടിക് നില നിര്‍ത്തിയിട്ടുണ്ട്. ബ്ലൂടിക്കിനായി അധികം പണം നല്‍കാന്‍ കഴിയില്ലെന്ന് വൈറ്റ് ഹൗസും അറിയിച്ചിട്ടുണ്ട്. ലോസ് ഏഞ്ചല്‍സ് ടൈംസ് പോലുള്ള മറ്റ് പ്രസിദ്ധീകരണങ്ങളും ലെബ്രോണ്‍ ജെയിംസ് ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും വെരിഫിക്കേഷന് പണം നല്‍കില്ലെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു.

പണം നൽകിയുള്ള സബ്സ്ക്രിബ്ഷൻ പ്രാബല്യത്തിൽ വന്നെങ്കിലും ചുരുക്കം ചില അക്കൗണ്ടുകളുടെ വെരിഫിക്കേഷൻ മാത്രമേ ട്വിറ്റർ ഇതുവരെ റദ്ദാക്കിയിട്ടുള്ളൂ എന്നാണ് ടെക് രംഗത്ത് ഉള്ളവരുടെ വിലയിരുത്തൽ. അതിനാൽ ന്യൂയോർക്ക് ടൈംസിനോടുള്ള ട്വിറ്ററിന്റെ പ്രതികരണം വൈരാഗ്യ ബുദ്ധിയോടെയെന്ന് ചിലർ വിലയിരുത്തുന്നു. പിന്നാലെ കടുത്ത വിമർശനവുമായി ഇലോൺ മസ്ക് രംഗത്തെത്തിയതും ഈ വാദത്തിന് ബലം പകരുന്നതാണ്. ന്യൂയോർക്ക് ടൈംസിന്റേത് ട്വിറ്ററിനെതിരായ പ്രചാരവേലയെന്നും എന്നാൽ അത് ശ്രദ്ധ നേടുന്നില്ലെന്നതാണ് വലിയ ദുരന്തമെന്നും മസ്കിന്റെ പരിഹാസം. അവരുടെ ട്വിറ്റർ ഫീഡ് അസഹനീയമെന്നും മസ്ക് വിമർശിച്ചു.

logo
The Fourth
www.thefourthnews.in