മിന്‍ ആങ് ഹ്ലേയിങ്
മിന്‍ ആങ് ഹ്ലേയിങ്

അടിയന്തരാവസ്ഥ 2023 വരെ നീട്ടി മ്യാന്‍മര്‍; രാജ്യത്തെ സുസ്ഥിരമാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സൈനിക നേതൃത്വം

2020ലാണ് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്

മ്യാന്‍മറിലെ അടിയന്തരാവസ്ഥ നീട്ടി പട്ടാള ഭരണകൂടം. രാജ്യത്തെ അടിയന്തരാവസ്ഥ 2023 വരെ തുടരുമെന്ന് സൈന്യം അറിയിച്ചു. 2021 ഫെബ്രുവരി ഒന്നിനാണ് ഓങ് സാൻ സൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്ത്. സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ്‌ നടത്തുമെന്ന് സൈന്യം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും രാജ്യത്തെ സുസ്ഥിരമാക്കാൻ കൂടുതൽ സമയം വേണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്.

പതിറ്റാണ്ടുകളായി പട്ടാളഭരണത്തിന് കീഴിലായിരുന്ന മ്യാന്‍മറില്‍ 2015 ലാണ്‌ ഓങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാര്‍ അധികാരത്തിലേറിയത്‌. എന്നാല്‍ ആറ് വര്‍ഷത്തിന് ശേഷം 2021 ഫെബ്രുവരിയില്‍ പട്ടാള അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഇതിനുപിന്നാലെ രാജ്യത്ത് വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ ശക്തമായി രംഗത്ത് എത്തുകയും ഉപരോധമടക്കം ഏർപ്പെടുത്തിയെങ്കിലും സൈന്യം പിൻമാറാൻ തയ്യാറായിരുന്നില്ല.

2020 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വിജിയച്ചെങ്കിലും, തിരഞ്ഞെടുപ്പ് തിരിമറി നടന്നെന്ന് ആരോപിച്ച് സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഭരണം പിടിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നാലെ പ്രസിഡന്റ് വിന്‍ മിന്റ്,നൊബേല്‍ പുരസ്‌ക്കാര ജേതാവും മുന്‍ പ്രസിഡന്റുമായ ഓങ്‌ സാന്‍ സൂചി തുടങ്ങിയവരെ തടങ്കലിലാക്കി. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു എന്നാരോപിച്ചായിരുന്നു ഓങ് സാന്‍ സൂചിയെ അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് ഒന്നിന് സൈനികത്തലവന്‍ മിന്‍ ആങ് ഹ്ലേയിങ് കാവല്‍ മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി.പിന്നീട് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന പേരിൽ സൂചിക്ക് രണ്ട് വർഷം തടവ്. ലൈസന്‍സില്ലാത്ത വാക്കിടോക്കികള്‍ കൈവശം വെച്ചുവെന്ന പേരിൽ സൂചിക്ക് വീണ്ടും നാലുവര്‍ഷം കൂടി തടവ് ശിക്ഷ വിധിച്ചു. ഇതിനു പുറമെ അഞ്ച് അഴിമതിക്കേസുകള്‍കൂടി സ്യൂചിയുടെ പേരിൽ ചുമത്തിയിട്ടുണ്ട്‌. 164 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് സൂചിക്കെതിരെ ചുമത്തിയിരിക്കുന്നത്‌.

കോവിഡ് സാഹചര്യവും രാജ്യത്ത് തുടരുന്ന ആഭ്യന്തര സംഘര്‍ഷവും മൂലം രാജ്യത്തെ സുസ്ഥിരമാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് പ്രധാനമന്ത്രി മിന്‍ ഔങ് ഹ്ലേയിങ് വ്യക്തമാക്കി. നീതിയുക്തമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന പ്രഖ്യാപനത്തോടെയാണ് സൈന്യം 2020 ല്‍ അധികാരം പിടിച്ചെടുത്തത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനോ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരണം കൈമാറാനോ സൈന്യം തയ്യാറുകുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

logo
The Fourth
www.thefourthnews.in