യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസഫ് ബോറെൽ
യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസഫ് ബോറെൽ

റഷ്യയുമായുള്ള വിസ കരാർ നിർത്തലാക്കി യൂറോപ്യൻ യൂണിയൻ: നീക്കം യുക്രെയ്ൻ അധിനിവേശത്തിനുള്ള മറുപടി

2007 ലാണ് ഇരുകൂട്ടരും കരാറിൽ ഒപ്പുവെച്ചത്

റഷ്യയുമായുള്ള വിസ കരാർ താത്ക്കാലികമായി നിർത്തിവെയ്ക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനം. റഷ്യയിൽ നിന്നുള്ളവർക്ക് യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ സന്ദർശിക്കുന്നതിനുള്ള വിസ നടപടികൾ എളുപ്പമാക്കുന്ന കരാറാണ് നിർത്തലാക്കുന്നത്. 2007 ലാണ് ഇരുകൂട്ടരും കരാറിൽ ഒപ്പുവെച്ചത്. ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽ നടന്ന ഇ യു വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ജോസഫ് ബോറെൽ തീരുമാനം ഒദ്യോഗികമായി അറിയിച്ചു. പുതിയ നീക്കം യൂറോപ്യൻ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള വിസ പ്രക്രിയയെ കൂടുതൽ സങ്കീർണവും ചെലവേറിയതുമാക്കും. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം മുൻനിർത്തിയാണ് തീരുമാനം. യൂറോപ്യൻ യൂണിയനും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്നതാണ് തീരുമാനം.

ജൂലൈ പകുതി മുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് എത്തുന്ന റഷ്യക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇത് സുരക്ഷാ ഭീഷണിയായി മാറിയിരിക്കുന്നു

ജോസഫ് ബോറെൽ

കരാർ താത്ക്കാലികമായി നിർത്തിവെയ്ക്കുന്നതിന് വിദേശകാര്യ മന്ത്രിമാർ അവരുടെ രാഷ്ട്രീയ പിന്തുണ അറിയിച്ചതായി ജോസഫ് ബോറെൽ പറഞ്ഞു. പുതിയ നടപടിയുടെ ഫലമായി അംഗരാജ്യങ്ങൾ റഷ്യൻ പൗരന്മാർക്ക് നൽകുന്ന വിസകളുടെ എണ്ണം ഗണ്യമായി കുറയും. ജൂലൈ പകുതി മുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് എത്തുന്ന റഷ്യക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇത് സുരക്ഷാ ഭീഷണിയായി മാറിയിരിക്കുന്നുവെന്നും ബോറെൽ കൂട്ടിച്ചേർത്തു.

യുക്രെയ്‌ൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ പാസ്‌പോർട്ടുള്ള ദശലക്ഷത്തോളം യാത്രക്കാരാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എത്തിയത്

റഷ്യയുമായി അതിർത്തി പങ്കിടുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള തുടർച്ചയായ സമ്മർദത്തിനൊടുവിലാണ് നിർണായകമായ തീരുമാനം. റഷ്യൻ വിനോദസഞ്ചാരികളെ നിരോധിക്കണമെന്ന ആശയത്തോട് പല അംഗരാജ്യങ്ങളും യോജിച്ചിരുന്നില്ല. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്കിടെ, റഷ്യൻ സഞ്ചാരികൾക്ക് വിസ നൽകുന്നത് നിർത്തണമെന്നും യൂറോപ്യൻ യൂണിയൻ വിസ കൈവശമുള്ള സഞ്ചാരികളെ നിരോധിക്കണമെന്നും ചെക്ക് വിദേശകാര്യ മന്ത്രി ജാൻ ലിപാവ്സ്കി മറ്റംഗങ്ങളോട് ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം സമ്മതിച്ചില്ലെങ്കിൽ ഏകപക്ഷീയ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബാൾട്ടിക് രാജ്യങ്ങളും പോളണ്ടും നിലപാടെടുത്തു. അതേസമയം, റഷ്യൻ പൗരന്മാരെ നിരോധിക്കുന്നത് തിരിച്ചടിയാകുമെന്ന നിലപാടിലായിരുന്നു ജർമ്മനിയും ഫ്രാൻസും.

റഷ്യൻ വിനോദസഞ്ചാരികളുടെ കേന്ദ്രമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഫിൻലൻഡ് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതെതുടർന്ന് വിസി അനുവദിക്കുന്നതിൽ കടുത്ത നിയന്ത്രണം അവർ ഏർപ്പെടുത്തി. യൂറോപ്യൻ യൂണിയൻ അതിർത്തി നിയന്ത്രണ ഏജൻസിയായ ഫ്രോണ്ടക്‌സിന്റെ കണക്കനുസരിച്ച്, യുക്രെയ്‌നിലെ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യൻ പാസ്‌പോർട്ടുള്ള ദശലക്ഷത്തോളം യാത്രക്കാരാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എത്തിയത്. ഈ യാത്രക്കാരിൽ ഭൂരിഭാഗവും അതിർത്തി രാജ്യങ്ങളായ ഫിൻലൻഡ് (333,000), എസ്തോണിയ (234,000), ലിത്വാനിയ (132,000) എന്നിവിടങ്ങളിലാണ് എത്തിയത്.

logo
The Fourth
www.thefourthnews.in