യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാരുടെ ഫോണുകള്‍ ചോര്‍ത്തി പെഗാസസ്; തെളിവുകള്‍ പുറത്ത്

യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാരുടെ ഫോണുകള്‍ ചോര്‍ത്തി പെഗാസസ്; തെളിവുകള്‍ പുറത്ത്

ഹാക്കിംഗ് ഏതെങ്കിലും അം​ഗത്തിന്റെ സഹായത്തോടെയാണോ എന്ന് അന്വേഷിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

ഇസ്രായേലി ചാര സോഫ്റ്റ് വെയര്‍ പെഗാസസ് യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാരുടെ ഫോണുകളും ചോര്‍ത്തിയതായി ആരോപണം. യൂറോപ്യന്‍ യൂണിയനിലെ നീതിന്യായ വിഭാഗം ഉന്നത ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന കത്തിലെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ നിയമനിര്‍മാണ സഭ അംഗത്തെ അഭിസംബോധന ചെയ്ത് ജൂലൈ 25ന് അയച്ച കത്തിലാണ് ഇ യു ജസ്റ്റിസ് കമ്മീഷണര്‍ ദിദിയര്‍ റെന്‍ഡേഴ്‌സ് പെഗാസസ് ചോര്‍ത്തല്‍ വിവരങ്ങള്‍ വിശദീകരിക്കുന്നത്.

ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ 2021 ലാണ് തന്റെ ഫോണ്‍ പെഗാസസ് ചോര്‍ത്തിയിരിക്കാമെന്ന മുന്നറിയിപ്പ് ആദ്യം നല്‍കിയതെന്ന് റെന്‍ഡേഴ്‌സ് പറയുന്നു. സ്വകാര്യ - ഔദ്യോഗിക ഫോണുകളും മറ്റ് ജീവനക്കാരുടെ ഫോണുകളും പരിശോധിച്ചാണ് ആപ്പിള്‍ ഇക്കാര്യം അറിയിച്ചതെന്നും റെന്‍ഡേഴ്‌സണ്‍ കത്തില്‍ സൂചിപ്പിക്കുന്നു. ഐഫോണ്‍ നിര്‍മാതാക്കളുടെ അന്വേഷണത്തില്‍ ഹാക്ക് ചെയ്യപ്പെട്ടതിന്റെ കൃത്യമായ തെളിവുകള്‍ വെളിപ്പെട്ടില്ലെങ്കിലും ഇത് സംബന്ധിച്ച സൂചനകള്‍ ലഭ്യമായിട്ടുണ്ട്.

ഏതെങ്കിലും അംഗത്തിന്റെ അറിവോടെയാണോ ചോര്‍ത്തല്‍ നടന്നതെന്നാണ് പ്രധാന അന്വേഷണം

എന്നാല്‍ നിലവില്‍ ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍ മാത്രം ചോര്‍ത്തലിന്റെ ആഴം വ്യക്തമാകില്ലെന്നും ഇ യു കമ്മീഷന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും അംഗത്തിന്റെ അറിവോടെയാണോ ചോര്‍ത്തല്‍ നടപടികളെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്.

എന്തെങ്കിലും തരത്തിലുള്ള നിയമലംഘനം കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് പെഗാസസ് നിര്‍മാതാക്കളായ സോഫ്റ്റ് വെയര്‍ കമ്പനി എന്‍എസ്ഒയുടെ നിലപാട്.

എന്നാല്‍ ഉപയോക്താവിന്റെ അവകാശങ്ങളും സര്‍വീസ് കരാറുകളും ലംഘിക്കപ്പെട്ട വിഷയത്തില്‍ ആപ്പിള്‍ എന്‍എസ്ഒയ്‌ക്കെതിരെ നിയമനടപടികളിലേക്ക് കടക്കും.

14 യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ എന്‍എസ്ഒയുടെ സാങ്കേതിക സഹായം നേരത്തെ സ്വീകരിച്ചിരുന്നതായി യൂറോപ്യന്‍ കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

പെഗാസസ് ചോര്‍ത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഏപ്രിലില്‍ തന്നെ യൂറോപ്യന്‍ യൂണിയനും ഇക്കാര്യങ്ങളില്‍ അന്വേഷണം ആരംഭിച്ചിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല. യൂറോപ്യന്‍ യൂണിയന്‍ നിയമ നിര്‍മാതാക്കളുടെ കമ്മീഷന്‍ ഇക്കാര്യത്തില്‍ നടത്തുന്ന അന്വേഷണത്തിനുള്ള മറുപടിയായാണ് റെന്‍ഡേഴ്സിന്റെ കത്തിലെ വിവരങ്ങള്‍.

14 യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ എന്‍എസ്ഒയുടെ സാങ്കേതിക സഹായം നേരത്തെ സ്വീകരിച്ചിരുന്നതായി യൂറോപ്യന്‍ കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഹംഗറി, പോളണ്ട്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ അംഗങ്ങളാണ് ഇക്കാര്യത്തില്‍ ചോദ്യമുനയിലുള്ളത്.

എന്‍എസ്ഒ ഇടപെടലുകള്‍ സംബന്ധിച്ച ആശങ്കകള്‍ യൂറോപ്യന്‍ യൂണിയന്‍ ഇസ്രയേലിനെ ധരിപ്പിച്ചു. ഇത്തരം നീക്കങ്ങള്‍ തടയണമെന്ന ആവശ്യവും യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷമാണ് ആപ്പിള്‍ അതിന്റെ ഉപയോക്താക്കള്‍ക്ക് പെഗാസസ് ചോര്‍ത്തല്‍ സംബന്ധിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത്.

എന്താണ് പെഗാസസ് ?

ഇസ്രയേല്‍ ആസ്ഥാനമായ എന്‍എസ്ഒ ഗ്രൂപ്പിന്റെ സ്‌പൈവെയറാണ് പെഗാസസ്. 20 രാജ്യങ്ങളിലെ അരലക്ഷത്തിലധികം ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് പെഗാസസ് ചാര സോഫ്റ്റ് വെയറിനെ ആഗോളതലത്തില്‍ ശ്രദ്ധേയരാവുന്നത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് സോഫ്റ്റ് വെയറുകളിലേക്ക് നുഴഞ്ഞുകയറാനും വിവരങ്ങള്‍ ചോര്‍ത്താനും ഇതിന് കഴിവുണ്ട്. വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം സ്വയം ഇല്ലാതാകുന്നതാണ് ഇതിന്റെ സ്വഭാവം. ഒരു ഡിവൈസിലേക്ക് പെഗാസിസിനെ കടത്തിവിട്ട് കഴിഞ്ഞാല്‍ സന്ദേശങ്ങള്‍, ഫോട്ടോകള്‍, ഇ-മെയിലുകള്‍, പാസ് വേഡുകള്‍ തുടങ്ങി എല്ലാം ചോര്‍ത്തിയെടുക്കും. ലക്ഷ്യമിടുന്നവരുടെ ഫോണിലേക്ക് നുഴഞ്ഞുകയറിയാണ് പെഗാസസ് പ്രവര്‍ത്തനം.

ഭീകരരേയും കുറ്റവാളികളേയും നിരീക്ഷിക്കാനുള്ള സംവിധാനമാണിതെന്ന് എന്‍എസ്ഒ അവകാശപ്പെടുമ്പോഴും, ഇസ്രയേലിന് വേണ്ടിയുള്ള ചാരപ്രവര്‍ത്തികളാണ് അവര്‍ക്കുമേല്‍ ആരോപിക്കപ്പെടുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in