തിരഞ്ഞെടുപ്പ് അട്ടിമറി അന്വേഷണത്തില്‍ സഹകരിച്ചില്ല; ട്രംപിന്റെ മുന്‍ ഉപദേഷ്ടാവിനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു

തിരഞ്ഞെടുപ്പ് അട്ടിമറി അന്വേഷണത്തില്‍ സഹകരിച്ചില്ല; ട്രംപിന്റെ മുന്‍ ഉപദേഷ്ടാവിനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു

സമന്‍സ് അയച്ചിട്ടും പീറ്റർ നവാരോ ഹാജരാകുകയോ വേണ്ട വിവരങ്ങള്‍ കൈമാറുകയോ ചെയ്തിരുന്നില്ല

2020 ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചതിന് ട്രംപിന്റെ മുൻ സഹായി പീറ്റർ നവാരോയെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു. യുഎസ് കോൺഗ്രസിന്റെ അന്വേഷണത്തില്‍ നിന്നുള്ള ഉത്തരവ് അവഗണിച്ചുകൊണ്ട് നവാരോ, നിയമത്തിന് അതീതമായി പ്രവർത്തിച്ചുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. രണ്ട് കോടതിയലക്ഷ്യ കേസുകളിലായി ഓരോന്നിനും ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. രണ്ട് ദിവസം നീണ്ട വിചാരണയ്‌ക്കൊടുവിൽ, നാല് മണിക്കൂറിലെ ചർച്ചകൾക്ക് ശേഷമാണ് 12 അംഗ ജൂറി, നവരോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ട്രംപിന്റെ മറ്റൊരു പ്രധാന സഖ്യകക്ഷിയായ മുൻ തന്ത്രജ്ഞൻ സ്റ്റീവ് ബാനനെ കഴിഞ്ഞ വർഷം കോൺഗ്രസിനെ അവഹേളിച്ചതിന് ശിക്ഷിച്ചിരുന്നു.

ഇത് അമേരിക്കയെ സംബന്ധിച്ചിടത്തോളം സങ്കടകരമായ ദിവസമാണെന്നും സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും വ്യാഴാഴ്ച വാഷിംഗ്‌ടൺ ഡിസിയിലെ കോടതിക്ക് പുറത്ത് പീറ്റർ നവരോ മാധ്യമങ്ങളോട് പറഞ്ഞു. "നമ്മുടെ റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉപദേഷ്ടാവിനുമേൽ ഇത്തരം ഒരു കുറ്റം ആരോപിക്കപ്പെടുന്നത്," അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലെ മുതിർന്ന ഉപദേഷ്ടാക്കളെ കോൺഗ്രസിന് മുന്നിൽ മൊഴി നൽകാൻ നിർബന്ധിക്കരുതെന്ന നയം കഴിഞ്ഞ 50 വർഷത്തിന് ഏറെയായി നീതിന്യായ വകുപ്പിന് ഉണ്ടായിരുന്നുവെന്നും നവാരോ ചൂണ്ടിക്കാട്ടി. ചർച്ചയ്ക്കിടയിൽ ജൂറി അംഗങ്ങൾ പ്രതിഷേധക്കാരുമായി കോടതിക്ക് പുറത്തുവച്ച് കയ്യേറ്റമുണ്ടായതായും നവാരോയുടെ അഭിഭാഷകൻ ആരോപിച്ചു.

2022 ഫെബ്രുവരിയിൽ യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് സെലക്ട് കമ്മിറ്റി സമൻസ് നൽകിയിരുന്നെങ്കിലും ആവശ്യപ്പെട്ട ഇമെയിലുകളോ രേഖകളോ കൈമാറുകയോ ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള പാനലിന് മുന്നിൽ മൊഴിനൽകാൻ ഹാജരാകുകയോ ചെയ്തില്ല

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുതിർന്ന വ്യാപാര ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച നവാരോയ്ക്ക്, 2022 ഫെബ്രുവരിയിൽ യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് സെലക്ട് കമ്മിറ്റി സമൻസ് നൽകിയിരുന്നു. എന്നാൽ ആവശ്യപ്പെട്ട ഇമെയിലുകളോ രേഖകളോ അദ്ദേഹം കൈമാറുകയോ ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള പാനലിന് മുന്നിൽ മൊഴിനൽകാൻ ഹാജരാകുകയോ ചെയ്തില്ല. 2020 ലെ തിരഞ്ഞെടുപ്പിന്റെ സർട്ടിഫിക്കേഷൻ വൈകിപ്പിച്ചതിനെക്കുറിച്ച് നവാരോയെ ചോദ്യം ചെയ്യേണ്ടിയിരുന്നതായി കമ്മിറ്റി പാനലിന്റെ മുൻ സ്റ്റാഫ് ഡയറക്ടർ കോടതിയിൽ മൊഴി നൽകി. 2022 ജൂണിൽ ടെന്നസിയിലെ നാഷ്വില്ലിലേക്കുള്ള വിമാനത്തിൽ കയറുന്നതിനിടെയാണ് വാഷിംഗ്ടൺ വിമാനത്താവളത്തിൽ വച്ച് എഫ്ബിഐ ഏജന്റുമാർ നവാരോയെ അറസ്റ്റ് ചെയ്തത്. സമൻസ് നൽകിയത് ഗൗരവമായി കാണാതിരുന്നതാണ് അറസ്റ്റിന് കാരണമെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

തിരഞ്ഞെടുപ്പ് അട്ടിമറി അന്വേഷണത്തില്‍ സഹകരിച്ചില്ല; ട്രംപിന്റെ മുന്‍ ഉപദേഷ്ടാവിനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു
'ഇന്ത്യ'യ്ക്ക് നിർണായകം; ആറ് സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

അതേസമയം, വൈറ്റ് ഹൗസിലെ ചില ആശയവിനിമയങ്ങൾ മറച്ചുവയ്ക്കുന്ന എക്സിക്യൂട്ടീവ് പ്രിവിലേജ് വിനിയോഗിക്കാൻ ട്രംപ് തന്നോട് നിർദ്ദേശിച്ചതായി കമ്മിറ്റിയോട് ബന്ധപ്പെട്ടപ്പോൾ നവാരോ പറഞ്ഞിരുന്നു. എന്നാല്‍, കമ്മിറ്റിയുടെ സമന്‍സ് അവഗണിക്കാന്‍ ട്രംപിനോ എക്സിക്യൂട്ടീവ് പ്രിവിലേജിനോ കഴിയില്ലെന്ന് ഒബാമയുടെ നോമിനിയായ ജഡ്ജി അമിത് മേത്ത വ്യക്തമാക്കിയിരുന്നു. വ്യാപകമായ വോട്ടർ തട്ടിപ്പ് ആരോപിച്ച് തിരഞ്ഞെടുപ്പ് ഫലങ്ങളെ വെല്ലുവിളിക്കുന്ന തന്ത്രത്തിന്റെ ശില്പിയാണ് താനെന്ന് 2021 ലെ പുസ്തകമായ 'ഇൻ ട്രംപ് ടൈ'മിൽ നവാരോ പറഞ്ഞിരുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ വിജയത്തിന്റെ സർട്ടിഫിക്കേഷൻ വൈകിപ്പിക്കാനായിരുന്നു റിപ്പബ്ലിക്കൻമാരുടെ പദ്ധതി. നവാരോ ഈ തന്ത്രത്തെ ഗ്രീൻ ബേ സ്വീപ്പ് എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍, വൻതോതിൽ ബാലറ്റ് തട്ടിപ്പ് നടത്തിയെന്ന നവാരോയുടെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥർ തുറന്നുകാട്ടിയതായി ഹൗസ് കമ്മിറ്റി വ്യക്തമാക്കി. എന്നാല്‍, പ്രോസിക്യൂഷൻ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ട്രംപിന്റെ മുൻ പ്രചാരണ ഉപദേഷ്ടാവ് ബ്രയാൻ ലാൻസ ഉള്‍പ്പെടെയുള്ള ട്രംപ് അനുകൂലികള്‍ ആരോപിക്കുന്നത്.

logo
The Fourth
www.thefourthnews.in