'റഷ്യൻ നിയമം വേണ്ട'; 
ജോര്‍ജിയയില്‍
'ഫോറിന്‍ ഏജന്റ്' നിയമത്തിനെതിരെ പ്രതിഷേധം

'റഷ്യൻ നിയമം വേണ്ട'; ജോര്‍ജിയയില്‍ 'ഫോറിന്‍ ഏജന്റ്' നിയമത്തിനെതിരെ പ്രതിഷേധം

പാര്‍ലമെന്റ് നിയമം പാസാക്കിയാല്‍ വീറ്റോ ചെയ്യുമെന്ന് ജോര്‍ജിയന്‍ പ്രസിഡന്റ്

ആയിരങ്ങൾ ഒത്തുചേർന്നുള്ള വലിയൊരു ജനകീയ പ്രതിഷേധത്തിന് വേദിയാകുകയാണ് ജോർജിയയുടെ തലസ്ഥാനമായ ടബിലിസി. പാർലമെന്റ് പാസാക്കിയ 'ഫോറിന്‍ ഏജന്റ്' ബില്ലിനെതിരെയാണ് പ്രതിഷേധം. രാജ്യത്തെ വ്യക്തികളേയും എന്‍ജിഒകളേയും മാധ്യമങ്ങളേയും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 'ജോര്‍ജിയയില്‍ റഷ്യൻ നിയമം വേണ്ട' എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധക്കാർ ജോർജിയയുടേയും യൂറോപ്യൻ യൂണിയന്റേയും പതാകകളുമേന്തി പാര്‍ലമെന്റിന് മുന്നില്‍ പ്രക്ഷോഭമുയര്‍ത്തി . ജലപീരങ്കിയും കുരുമുളക് സ്പ്രേയും ഉപയോഗിച്ചാണ് പോലീസ് സമരത്തെ നേരിട്ടത്. ഒട്ടേറെപേര്‍ക്ക് പോലീസ് നടപടിയില്‍ പരുക്കേറ്റു. നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

പാർലമെന്റ് മന്ദിരത്തിന് നേരെ ആളുകൾ സംഘടിതമായി ആക്രമണം നടത്തിയെന്നും പടക്കം എറിഞ്ഞെന്നുമാണ് പോലീസ് നടപടിയില്‍ ജോര്‍ജിയന്‍ സര്‍ക്കാരിന്റെ വിശദീകരണം. അതിനിടെ ജോർജിയൻ പ്രധാനമന്ത്രി ഐറക്‌ലി ഗരിബാഷ്‌വിലി നിയമത്തെ ന്യായീകരിച്ച് രംഗത്ത് എത്തി. രാജ്യത്തെ പ്രബലശക്തിയായ ജോർജിയൻ ഓർത്തഡോക്‌സ് സഭയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ വേരോടെ പിഴുതെറിയാൻ നിയമം സഹായിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാദം.

'ഫോറിന്‍ ഏജന്റ്' നിയമം പറയുന്നത്

'വിദേശ സ്വാധീനത്തിന്റെ സുതാര്യത' ആവശ്യപ്പെട്ടുള്ള കരട് നിയമമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിദേശത്ത് നിന്നുള്ള പണത്തിന്റെ ഒഴുക്ക് പൗരമാർ വെളിപ്പെടുത്തണമെന്നാണ് ബില്ലില്‍ പറയുന്നത് . എന്നാൽ, ബിൽ ജോർജിയയിലെ മനുഷ്യാവകാശങ്ങൾക്ക് വെല്ലുവിളിയാണെന്നും രാജ്യത്ത് ഉയരുന്ന വിമർശന ശബ്ദങ്ങളെ പാർശ്വവത്കരിക്കാനും അപകീർത്തിപ്പെടുത്താനും സാധ്യതയുണ്ടെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ബില്‍ പ്രാബല്യത്തിൽ വരുന്നതോടെ വരുമാനത്തിന്റെ 20 ശതമാനത്തിലധികം വിദേശത്തുനിന്ന് ലഭിക്കുന്ന രാജ്യത്തെ എന്‍ജിഒകളും മാധ്യമസ്ഥാപനങ്ങളും സർക്കാരിതര ഗ്രൂപ്പുകളും 'വിദേശ ഏജന്റ്' ആയി സ്വയം പ്രഖ്യാപിക്കേണ്ടി വരും. അല്ലാത്തപക്ഷം 8 ലക്ഷം രൂപ പിഴയും ( 9,600 യുഎസ് ഡോളർ), അഞ്ച് വർഷം തടവുശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നാണ് ജോര്‍ജിയന്‍ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച കരട് ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍.

റഷ്യയിൽ സമാന നിയമം നേരത്തെ പാസാക്കിയിരുന്നെന്ന് പ്രതിപക്ഷ പാർട്ടികള്‍

കരട് നിയമം റഷ്യന്‍ നിയമത്തിന്റെ മാതൃകയിലാണ്. റഷ്യയിൽ സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമർത്തുന്നതിനുള്ള ചുവടുവയ്പ്പായിരുന്നു നിയമമെന്ന് ചൂണ്ടിക്കാട്ടിയാണ് ജോര്‍ജിയയിലെ ഇപ്പോഴത്തെ പ്രതിഷേധം. റഷ്യയില്‍ വിദേശത്ത് നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്ന എല്ലാ സംഘടനകളെയും വ്യക്തികളെയും വിദേശ ഏജന്റുമാരായി പ്രഖ്യാപിച്ചിരുന്നു.

നിയമം ജോർജിയയെ ബാധിക്കുന്നത് എങ്ങനെ?

യൂറോപ്യൻ യൂണിയനിൽ നിന്നും ഐക്യരാഷ്ട്ര സഭയിൽ നിന്നും ധനസഹായവും സാങ്കേതിക സഹായവും ലഭിക്കുന്ന സിവിൽ സമൂഹമാണ് ജോർജിയയിലേത്. 2021 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തിയതിന് പിന്നാലെ ജോർജിയയും യുക്രെയ്നും മോൾഡോവയും ചേർന്ന് യൂറോപ്യൻ യൂണിയനിൽ അംഗത്വത്തിന് അപേക്ഷിച്ചിരുന്നു. സിവിൽ സൊസൈറ്റി ഗ്രൂപ്പുകകളുടെ ഫണ്ടിങ് അവസരങ്ങൾ പരിമിതപ്പെടുത്തുന്നത് യൂറോപ്യൻ യൂണിയനിൽ ചേരുന്നതിന് തടസമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അംഗത്വത്തിനുള്ള ജോര്‍ജിയയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുമെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കുന്നു. യൂറോപ്യൻ യൂണിയന്റെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും യോജിച്ചതല്ല കരട് ബില്ലെന്നും, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇ യു പ്രസ്താവന പുറത്തിറക്കി. ജോര്‍ജിയന്‍ ജനാധിപത്യത്തിലെ ഇരുണ്ട ദിനമെന്നാണ് യുഎസ് പ്രതികരിച്ചത്.

ജോർജിയൻ പ്രസിഡന്റ് സലോമി സൗറാബിച്വിലി
ജോർജിയൻ പ്രസിഡന്റ് സലോമി സൗറാബിച്വിലി

രാജ്യത്തെ സ്വതന്ത്ര ഗ്രൂപ്പുകളുടെയും മാധ്യമങ്ങളുടെയും പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ബില്ലുകൾ പാസാക്കുന്നതിന് പകരം, രാജ്യത്തെ സിവിൽ സമൂഹത്തിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ ശ്രദ്ധ ചെലുത്തണമെന്ന് സര്‍ക്കാരിന് ഭരണകക്ഷിയിലെ മറ്റ് പാര്‍ട്ടികള്‍ മുന്നറിപ്പ് നൽകിയിട്ടുണ്ട്. മാര്‍ച്ച് ഏഴിന് നടന്ന പാർലമെന്റ് സമ്മേളനത്തിലാണ് കരട് നിയമം അവതരിപ്പിച്ചത്. നിയമം പാസാക്കുകയാണെങ്കില്‍ വീറ്റോ ചെയ്ത് തടയുമെന്നാണ് ജോര്‍ജിയന്‍ പ്രസിഡന്റ് സലോമി സൂറബിച്‌വിലിയുടെ നിലപാട്. ഭരണപക്ഷത്ത് നിന്ന് തന്നെ 76 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അതിനാൽ തന്നെ പ്രസിഡന്റിന്റെ വീറ്റോയെ മറികടക്കാനാകുമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് വിശദീകരിക്കുന്നു.

സമാന നിയമങ്ങളുള്ള രാജ്യങ്ങൾ

അയൽരാജ്യമായ റഷ്യയിലെ വിവാദ നിയമത്തിന്റെ മാതൃകയാണ് ജോർജിയ പിന്തുടരുന്നത്. വിദേശ ബന്ധമുള്ള സംഘടനകൾക്കും വ്യക്തികൾക്കും കർശന നിയന്ത്രണം നിയമത്തിന്റെ പിന്തുണയോടെ റഷ്യയിൽ നടപ്പിലാക്കിയിട്ടുണ്ട്. 2012-ലാണ് റഷ്യ ബിൽ പാസാക്കിയത്. തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തിൽ പുറത്താക്കിയ വ്‌ളാഡിമിർ പുടിന്റെ റഷ്യൻ പ്രസിഡൻറ് സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ജനകീയ പ്രതിഷേധങ്ങൾ നടന്നതും അക്കാലയളവിലായിരുന്നു. വിദേശത്ത് നിന്ന് ധനസഹായം സ്വീകരിക്കുന്ന രാഷ്ട്രീയ സംഘടനകൾക്ക് അടക്കം നിയമം വെല്ലുവിളിയായിരുന്നു. അത്തരം സംഘടനകൾ വിദേശ ഏജന്റുമാരായി രജിസ്റ്റർ ചെയ്യണമെന്നും നിയന്ത്രണം പാലിക്കണമെന്നും നിയമം അനുശാസിക്കുന്നു. റഷ്യയെ അനുകൂലിക്കുന്ന ബെലാറസിലും സമാനമായ നിയന്ത്രണങ്ങളുള്ള പൗരത്വ നിയമം 2002ൽ നിലവിൽ വന്നിരുന്നു. 2022 ഡിസംബറിൽ ഈ നിയമത്തിൽ പാർലമെന്റ് ഭേദഗതി വരുത്തി. അതുപ്രകാരം വിദേശത്തുള്ള ബെലാറസ് സ്വദേശികളുടെ പൗരത്വം ഇല്ലാതാക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്നുണ്ട്.

logo
The Fourth
www.thefourthnews.in