എന്തൊരു ചൂട്! ചൈനയിൽ 'ഫേസ്‌കിനി'ക്ക് ആവശ്യക്കാർ ഏറുന്നു

എന്തൊരു ചൂട്! ചൈനയിൽ 'ഫേസ്‌കിനി'ക്ക് ആവശ്യക്കാർ ഏറുന്നു

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പോര്‍ട്ടബിള്‍ ഫാനുകള്‍ ചുമന്ന് നടക്കുന്ന ആളുകൾ പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു

ചൈനയില്‍ ഇപ്പോള്‍ ചുട്ടുപൊള്ളുന്ന ചൂടാണ്. ബീജിങ് അടക്കമുള്ള നഗരങ്ങളിൽ ജനങ്ങൾ ചൂട് അതിജീവിക്കാൻ പല മാര്‍ഗങ്ങൾ സ്വീകരിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും ജനപ്രിയമായി മാറിയിരിക്കുകയാണ് 'ഫേസ്‌കിനി' മുഖംമൂടികള്‍.

മുഖവും തലയും മുഴുവനായി മൂടുന്ന പ്രത്യേക തരം മുഖംമൂടികളാണ് 'ഫേസ്‌കിനി'. ധരിക്കുന്നയാളുടെ കണ്ണുകളുടെയും മൂക്കിന്റെയും സ്ഥാനത്ത് മാത്രമാണ് ദ്വാരങ്ങൾ ഉണ്ടാവുക. കൈകള്‍ മറയ്ക്കാന്‍ പ്രത്യേക സ്ലീവ്, അള്‍ട്രാവയലറ്റ് പ്രതിരോധശേഷിയുള്ള തുണി കൊണ്ട് നിര്‍മിച്ച വീതിയേറിയ തൊപ്പികള്‍, ഭാരം കുറഞ്ഞ ജാക്കറ്റുകള്‍ എന്നിവയും 'ഫേസ്‌കിനി' യുടെ പ്രത്യേകതകളാണ്.

അന്തരീക്ഷ ഊഷ്മാവ് 35C (95F) ന് മുകളില്‍ ഉയരുകയും ഭൂതല താപനില 80C വരെ ഉയരുകയും ചെയ്തതോടെയാണ് ജനങ്ങള്‍ 'ഫേസ്‌കിനി'യിലേക്ക് തിരിഞ്ഞത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പോര്‍ട്ടബിള്‍ ഫാനുകള്‍ ചുമന്ന് നടക്കുന്ന ആളുകൾ പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു. പൊള്ളലേല്‍ക്കാതിരിക്കാന്‍ സ്വയം മൂടി നില്‍കുന്ന ആളുകളെയും കാണാം. ചില തൊപ്പികള്‍ക്ക് ആരാധകര്‍ പോലും ഉണ്ട്.

ഫേസ്‌കിനി എന്ന ആശയം ചൈനയില്‍ പുതിയതല്ല. പ്രത്യേകിച്ചും ബീച്ചുകള്‍ക്ക് പേരുകേട്ട വടക്കുകിഴക്കന്‍ നഗരമായ ക്വിംഗ്ദാവോയില്‍ ഇത് വര്‍ഷങ്ങളായി ജനപ്രിയമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാൽ കോവിഡിന് ശേഷം ഇവയ്ക്ക് പ്രചാരം കൂട്ടി. ''മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ വില്‍പ്പനയുണ്ട്. വര്‍ഷംതോറും കടകളിലെ വില്‍പ്പന 30 ശതമാനം വര്‍ധിക്കുന്നുണ്ട്,'' ഫേസ്‌കിനി വില്‍പ്പനക്കാര്‍ പറയുന്നു. കഠിനമായ ചൂടില്‍ ത്വക്ക് രോഗങ്ങള്‍ ഉണ്ടാകുമോയെന്ന ആശങ്കയാണ് ഫേസ്‌കിനി ധരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന കാരണം. സൂര്യാഘാതം ഏൽക്കുന്നത് ഒഴിവാക്കുക, തൊലി നിറം വെളുത്തതായി നിലനിർത്തുക എന്നിവയെല്ലാം മറ്റ് കാരണങ്ങളാണ്.

logo
The Fourth
www.thefourthnews.in