ഇസ്രയേൽ മുന്നറിയിപ്പിൽ റഫാ വിട്ടത് ഒന്നരലക്ഷത്തിലധികം പേർ; അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ അഭയാർഥികൾ

ഇസ്രയേൽ മുന്നറിയിപ്പിൽ റഫാ വിട്ടത് ഒന്നരലക്ഷത്തിലധികം പേർ; അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ അഭയാർഥികൾ

മൂന്നുലക്ഷം പലസ്തീനികളാണ് ഇതുകൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നത് എന്നാണ് യു എൻ ആർ ഡബ്ള്യു എയുടെ കണക്ക്

ഗാസയിലെ തെക്കൻ നഗരമായ റഫായിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം വീണ്ടും മുന്നറിയിപ്പ് നൽകിയതോടെ പലായനം നടത്തി പതിനായിരങ്ങൾ. ആക്രമണം വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് റഫായുടെ കിഴക്ക് മുതൽ വടക്ക് വരെയുള്ള മേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ ശനിയാഴ്ച സൈന്യം നിർദേശം നൽകിയത്. മൂന്നുലക്ഷം പലസ്തീനികളാണ് ഇതുകൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നതെന്നാണ് യു എൻ ആർ ഡബ്ല്യു എയുടെ കണക്ക്.

ഗാസയിലെ മാവാസി എന്ന മേഖലയിലേക്ക് മാറണമെന്നാണ് കഴിഞ്ഞദിവസം ഇസ്രയേൽ പ്രതിരോധസേന ആവശ്യപ്പെട്ടത്. എന്നാൽ വൈദ്യുതി, വെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാത്ത മേഖലയാണ് മാവാസിയെന്നാണ് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാണിക്കുന്നത്. പലസ്തീൻ സായുധ സംഘമായ ഹമാസ് വീണ്ടും ഒത്തുചേരുന്നുണ്ടെന്നും അതിനാലാണ് ആളുകൾ കൂടുതൽ കഴിയുന്ന മധ്യമേഖലയിലേക്ക് കടന്നുകയറുന്നതെന്നുമാണ് ഇസ്രയേലിന്റെ വാദം.

റഫായുടെ കിഴക്കൻ മേഖലയിലെ മൂന്നിലൊന്ന് ഭാഗവും ഇതിനോടകം ഇസ്രയേൽ ഒഴിപ്പിച്ചു. ആസൂത്രിതമായ സമ്പൂർണ റഫാ അധിനിവേശം മാനുഷികപ്രവർത്തനങ്ങളെ കൂടുതൽ തളർത്തുമെന്നും മരണസംഖ്യ കൂടുന്നതിന് കാരണമാകുമെന്ന ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇസ്രയേലിന്റെ നടപടി. ഏജൻസിയുടെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച മുതൽ 1,50,000 പേരാണ് റഫായിൽനിന്ന് പലായനം ചെയ്തത്.

 ഇസ്രയേൽ മുന്നറിയിപ്പിൽ റഫാ വിട്ടത് ഒന്നരലക്ഷത്തിലധികം പേർ; അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ അഭയാർഥികൾ
ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; റഫായിൽനിന്ന് ഒഴിഞ്ഞത് ഒരുലക്ഷം അഭയാർഥികള്‍, പ്രതിസന്ധിയിലെന്ന് യുഎന്‍

1,70,000 ആയിരുന്നു ഒക്ടോബർ ഏഴിന് മുൻപുണ്ടായിരുന്ന റഫായിലെ ജനസംഖ്യ. എന്നാൽ ഇസ്രയേൽ സൈന്യം ഗാസയിലെ മറ്റുനഗരങ്ങളിൽ ആക്രമണം ആരംഭിച്ചതോടെ റഫായിലേക്കു ലക്ഷകണക്കിന് മനുഷ്യരാണ് പലായനം ചെയ്‌തത്‌. ഏകദേശം 13 ലക്ഷം പലസ്തീനികളാണ് അത്തരത്തിൽ റഫായിലേക്ക് ആഭ്യന്തര പലായനം നടത്തിയത്. നാടും വീടും ഉപേക്ഷിച്ചെത്തിയ ഇവരെയാണ് ഇസ്രയേൽ സൈന്യം വീണ്ടും ഒഴിപ്പിക്കുന്നത്.

ഇതിനകം റഫായിൽനിന്ന് പലായനം ചെയ്തവർ “പാർപ്പിടം, ഭക്ഷണം, വെള്ളം, ശുചിത്വസേവനങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുന്നു,” യുഎൻ മാനുഷികകാര്യ ഏജൻസി വെള്ളിയാഴ്ച പറഞ്ഞിരുന്നു. വടക്കൻ ഗാസയിലെ ജബാലിയയിൽ ഇസ്രയേൽ സൈന്യം 'കാർപെറ്റ് ബോംബിങ്' നടത്തി നിരവധി പലസ്തീനികളെ കൊല്ലുകയും പരുക്കേൽപ്പിക്കുകയും ചെയ്തുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ഞായറാഴ്ച പറഞ്ഞു. ഉടൻ വെടിനിർത്തലിനും അദ്ദേഹം ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഒക്‌ടോബർ ഏഴു മുതൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ 34,971 പേർ കൊല്ലപ്പെടുകയും 78,641 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in