ഡോണൾഡ് ട്രംപ്
ഡോണൾഡ് ട്രംപ്

ട്രംപിന്റെ വസതിയിലെ എഫ്ബിഐ റെയ്ഡ്: ഡെമോക്രാറ്റുകള്‍ക്കെതിരെ ആയുധമാക്കി റിപ്പബ്ലിക്കന്മാര്‍

സെര്‍ച്ച് വാറന്റ് പുറത്തുവിടണമെന്ന് എഫ്ബിഐയോട് നീതിന്യായ വകുപ്പ്

മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ നടന്ന എഫ്ബിഐ റെയ്ഡ് രാഷ്ട്രീയ ആയുധമാക്കി മാറ്റി റിപ്പബ്ലിക്കന്മാര്‍. പ്രതിപക്ഷത്തെ ആക്രമിക്കാൻ ഡെമോക്രാറ്റുകൾ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും ഉയർത്തുന്നത്.

ഒരു കേസ് അന്വേഷണത്തിന്റെ പേരിൽ മുൻ പ്രസിഡന്റിന്റെ വസതി പരിശോധിക്കുന്നത് രാഷ്രീയപ്രേരിത നീക്കമാണെന്ന് റിപ്പബ്ലിക്കന്മാര്‍ ആരോപിക്കുന്നു. ഇത് അമേരിക്കൻ ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ട്, അതുകൊണ്ടു തന്നെ ഇത്തരമൊരു റെയ്ഡിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്ന വാദം ട്രംപും ഉന്നയിക്കുന്നു. കൂടാതെ തെരച്ചിലിനിടയിൽ മുൻ പ്രഥമ വനിത മെലാനിയ ട്രംപിന്റെ സ്വകാര്യ വസ്തുക്കളടക്കം എഫ്ബിഐ പരിശോധിച്ചതായും ട്രംപ് ആരോപിച്ചു.

ആണവായുധങ്ങളെ സംബന്ധിക്കുന്ന രഹസ്യ രേഖകളടക്കം കണ്ടെത്താനുള്ള ശ്രമമായിരുന്നു റെയ്ഡ് എന്ന് വാഷിം​ഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു

എന്നാല്‍, എഫ് ബി ഐയുടെ തെരച്ചിലിനു പിന്നിൽ ആണവായുധങ്ങളെ സംബന്ധിക്കുന്ന രഹസ്യ രേഖകളടക്കം കണ്ടെത്താനുള്ള ശ്രമമായിരുന്നുവെന്ന് വാഷിം​ഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അതിനിടെ പരിശോധന നടത്താന്‍ പുറപ്പെടുവിച്ച വാറന്റ് പുറത്തുവിടാന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് യു എസ് നീതിന്യായ വകുപ്പിന്റെ നിര്‍ദേശം നല്‍കി. രേഖകൾ പരസ്യപ്പെടുത്തുന്നതിനെതിരെ ഹർജി നൽകാൻ ട്രംപിന് നീതിന്യായ വകുപ്പ് വെള്ളിയാഴ്ച വരെ സമയം അനുവദിച്ചു.

വൈറ്റ് ഹൗസിൽ നിന്ന് ഡോണാൾഡ് ട്രംപ് രഹസ്യ രേഖകൾ കടത്തിയിട്ടുണ്ടോ എന്ന കേസ് അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ് എന്നാണ് പുറത്തുവരുന്ന വിവരം . ട്രംപിന്റെ വീട്ടിൽ നിന്ന് ജനുവരിയിൽ നാഷണൽ ആർക്കൈവ്സ് വിവിധ രേഖകൾ കണ്ടെടുത്തിരുന്നു. ഇതിന്റെ തുടർച്ചയാണ് എഫ്ബിഐ നടപടികളെന്നാണ് സൂചന.

ഡോണൾഡ് ട്രംപ്
ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്: ഔദ്യോഗിക രേഖകള്‍ എഫ്ബിഐ കണ്ടെത്തിയതായി സൂചന

ഓഗസ്റ്റ് എട്ടിനാണ് ട്രംപിന്റെ വസതിയായ മാർ-എ-ലാഗോയില്‍ എഫ്ബിഐ റെയ്ഡ് നടത്തിയത്. . റെയ്ഡ് എന്തിനായിരുന്നു, എന്തെല്ലാം കണ്ടെത്തി തുടങ്ങിയ വിവരങ്ങള്‍ ഇതുവരെ എഫ്ബിഐ പുറത്തുവിട്ടിട്ടില്ല. സെര്‍ച്ച് വാറന്റ് നൽകിയത് താനാണെന്ന് കഴിഞ്ഞദിവസം അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് വ്യക്തമാക്കിയിരുന്നു. റെയ്ഡിന്റെ വിശദാംശങ്ങള്‍ എഫ്ബിഐ പുറത്തുവിടാത്ത പശ്ചാത്തലത്തിലാണ് വാറന്റ് രേഖകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് നീതിന്യായ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

ട്രംപ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് നീതിന്യായ വകുപ്പ് മറുപടി നല്‍കിയിട്ടില്ല. ജനതാത്‌പര്യം കണക്കിലെടുത്താണ് വാറന്റ് രേഖ പ്രസിദ്ധപ്പെടുത്താനുള്ള ഉത്തരവിട്ടതെന്ന് അറ്റോര്‍ണി ജനറല്‍ ജനറൽ മെറിക് ഗാർലൻഡ് പറഞ്ഞു. റെയ്ഡിനെതിരായ ട്രംപിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയാകും നീതിന്യായ വകുപ്പിന്റെ ഉത്തരവെന്നും അദ്ദേഹം വിശദീകരിച്ചു. എഫ് ബി ഐയ്ക്കെതിരായ ആരോപണങ്ങളെയും ഗാര്‍ലന്‍ഡ് പ്രതിരോധിച്ചു. "അവരുടെ സത്യസന്ധത ആക്രമിക്കപ്പെടുന്നത് നോക്കി നിൽക്കാനാവില്ല" ഗാർലൻഡ് പറഞ്ഞു.

അറ്റോർണി ജനറൽ മെറിക് ഗാർലൻഡ്
അറ്റോർണി ജനറൽ മെറിക് ഗാർലൻഡ്

അന്വേഷണത്തിന്റെ സമയക്രമം

  • ജനുവരി 2022 - നാഷണൽ ആർക്കൈവ്‌സ് മാർ-എ-ലാഗോയിൽ നിന്ന് വൈറ്റ് ഹൗസ് രേഖകൾ കണ്ടെടുത്തു. അതിൽ ചില രേഖകൾ കീറിയ നിലയിലായിരുന്നു.

  • ഫെബ്രുവരി- മാർ-എ-ലാഗോയിലെ ബേസ്മെന്‍റില്‍ നിന്ന് രഹസ്യ രേഖകൾ ലഭിച്ചു. ഇതിൽ അന്വേഷണം നടത്താൻ നാഷണൽ ആർക്കൈവ്‌സ് നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടു.

  • ഏപ്രിൽ- മാർ-എ-ലാഗോയിൽ രഹസ്യ രേഖകൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണം എഫ് ബി ഐ ആരംഭിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  • 3 ജൂണ്‍ - മുതിർന്ന നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥനും മൂന്ന് എഫ്ബിഐ ഉദ്യോഗസ്ഥരും മാർ-എ-ലാഗോയിലെത്തി രേഖകൾ പരിശോധിച്ചതായി റിപ്പോർട്ട് വന്നു.

  • 22 ജൂൺ- മാർ-എ-ലാഗോയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾക്കായി ട്രംപ് ഓർഗനൈസേഷന് സമൻസ് ലഭിച്ചതായി റിപ്പോർട്ടുകൾ.

  • 8 ഓഗസ്റ്റ് - ഡസൻ കണക്കിന് എഫ് ബി ഐ ഉദ്യോഗസ്ഥർ മാർ-എ-ലാഗോയിൽ എത്തി പരിശോധന നടത്തുന്നു. പത്തോളം പെട്ടികൾ നിറയെ രേഖകൾ പിടിച്ചെടുക്കുന്നു.

logo
The Fourth
www.thefourthnews.in