ട്രംപിന്റെ വസതിയിലെ എഫ്ബിഐ റെയ്ഡ്; 100ലധികം നിര്‍ണ്ണായക രേഖകള്‍ കണ്ടെടുത്തെന്ന് റിപ്പോര്‍ട്ട്
ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയായ മാര്‍ എ ലാഗോയില്‍ എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ) നടത്തിയ റെയ്ഡുകളില്‍ 100ലധികം നിര്‍ണ്ണായകമായ ഔദ്യോഗിക രേഖകള്‍ കണ്ടെടുത്തെന്ന് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ ഓഗസ്റ്റ് വരെ മൂന്ന് ഘട്ടങ്ങളായി നടത്തിയ റെയ്ഡുകളിലാണ് രേഖകള്‍ പിടിച്ചെടുത്തത്. പ്രസിഡന്‍ഷ്യല്‍ രേഖകളുടെ സംരക്ഷണം കൈകാര്യം ചെയ്യുന്ന യുഎസ് സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ ആര്‍ക്കൈവ്സ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
700 പേജുകളോളം വരുന്ന രേഖകളില്‍ ചിലത് അതീവ രഹസ്യ വിഭാഗത്തില്‍ പെടുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരിയില്‍ നടന്ന ആദ്യ ഘട്ട പരിശോധനയില്‍ നാഷണല്‍ ആര്‍ക്കൈവ്‌സ് ചില ഫയലുകള്‍ പിടിച്ചെടുത്തിരുന്നു. പിന്നീട് ജൂണിലും ഓഗസ്റ്റിലുമായി കൂടുതൽ ഫയലുകള്‍ എഫ്ബിഐ പിടിച്ചെടുക്കുകയായിരുന്നു. ഇതാദ്യമായാണ് മുന്‍ പ്രസിഡന്റ് കൈവശം വച്ചിരുന്ന രേഖകളുടെ ഔദ്യോഗിക കണക്കുകള്‍ പുറത്ത് വരുന്നത്.
അതേ സമയം ഗവണ്‍മെന്റ് നടപടിക്കെതിരെ ട്രംപ് കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രസിഡന്റായിരുന്ന കാലത്ത് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ചില രേഖകള്‍ കടത്തിയെന്ന ആരോപണത്തിലായിരുന്നു എഫ്ബിഐ നടപടി . കടത്തിയ രേഖകള്‍ ഇപ്പോഴത്തെ വസതിയായ മാര്‍ എ ലാഗോയിലുണ്ടെന്ന നിഗമനത്തിലായിരുന്നു എഫ്ബിഐ പരിശോധന നടത്തിയത്. ചില രേഖകള്‍ പിടിച്ചെടുത്തതായി ട്രംപിന്റെ അഭിഭാഷക ക്രിസ്റ്റീന ബോബ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പരിശോധനയില്‍ 15 പെട്ടികളില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പിടിച്ചെടുത്തതായി രാജ്യാന്തര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ട്രംപ് വാഷിങ്ടണ്‍ വിട്ടപ്പോള്‍ കൊണ്ടുപോയ രേഖകളാണ് ഇതിലധികവുമെന്ന് സൂചനയുണ്ടായിരുന്നു.
എഫ്ബിഐ നടപടി ട്രംപ് തന്നെ നേരത്തെ പുറത്തുവിട്ടിരുന്നു. താന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും മത്സരിക്കാതിരിക്കാന്‍ ഏജന്‍സികളെ തനിക്കെതിരെ ഉപയോഗിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. മുന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ സുരക്ഷയെ സര്‍ക്കാര്‍ തകര്‍ത്തു. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിക്കാറുണ്ട്, അപ്രതീക്ഷിതമായി പരിശോധന നടത്തിയത് അനുചിതമാണെന്നും ട്രംപ് ആരോപിച്ചു.
പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസില്‍ നിന്ന് കാണാതായ ഔദ്യോഗിക രേഖകളെ സംബന്ധിച്ച് 2021 മുതല്‍ തന്നെ ട്രംപിന്റെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നുവെന്ന് നാഷണല്‍ ആര്‍ക്കൈവ്‌സ് പറയുന്നു. അന്ന് മുതല്‍ തന്നെ രേഖകള്‍ ദുരുപയോഗം ചെയ്തുവെന്ന ആരോപണം ട്രംപിന് മേല്‍ നിലനില്‍ക്കുന്നുണ്ട്. അതേ സമയം ട്രംപിന്റെ വീട്ടിലെ റെയ്ഡുകള്‍ റിപ്പബ്ലിക്കൻ പാര്‍ട്ടിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി അനുകൂലികള്‍ ട്രംപിന്റെ വസതിയില്‍ തടിച്ചു കൂടുകയും പ്ലക്കാര്‍ഡുകളും ട്രംപിന്റെ ചിത്രമുള്ല ബാനറുകളും വീശി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.