നട്ടെല്ലിലെ തകരാർ പരിഹരിക്കാൻ ഗർഭസ്ഥ ശിശുവായിരിക്കെ ശസ്ത്രക്രിയ, രണ്ടുമാസത്തിന് ശേഷം ജനനം; കുഞ്ഞുമറിയം സുഖമായിരിക്കുന്നു

നട്ടെല്ലിലെ തകരാർ പരിഹരിക്കാൻ ഗർഭസ്ഥ ശിശുവായിരിക്കെ ശസ്ത്രക്രിയ, രണ്ടുമാസത്തിന് ശേഷം ജനനം; കുഞ്ഞുമറിയം സുഖമായിരിക്കുന്നു

നട്ടെല്ലിന്റെ അസ്ഥികൾ രൂപപ്പെടാത്തപ്പോൾ സംഭവിക്കുന്ന ജനന വൈകല്യമായ സ്‌പൈന ബൈഫിഡയാണ് മറിയത്തെ ബാധിച്ചത്

ഗർഭസ്ഥ ശിശുവായിരിക്കെ നട്ടെല്ല് തകരാർ പരിഹരിക്കൽ ശസ്ത്രക്രിയ; രണ്ട് മാസത്തിന് ശേഷം ജനനം. അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റി ആശുപത്രിയിൽ അമ്മയുടെ ഉദരത്തിലിരിക്കെ ശസ്ത്രക്രിയക്ക് വിധേയായ മറിയം സുഖമായിരിക്കുന്നു. ഇതേ ആശുപത്രിയിൽതന്നെയായിരുന്നു കുഞ്ഞിന്റെ ജനനം.

കൊളംബിയൻ ദമ്പതികളുടെ മകളാണ് മറിയം വിയോലെറ്റ. ഇന്ത്യൻ വംശജനായ ഡോക്ടർ മന്ദീപ് സിങ്ങാണ് സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഇത്തരമൊരു ശസ്ത്രക്രിയ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വംശജനായ ഡോക്ടറാണ് ഡോ. മന്ദീപ് സിങ്.

നട്ടെല്ലിന്റെഅസ്ഥികൾ രൂപപ്പെടാത്തപ്പോൾ സംഭവിക്കുന്ന ജനന വൈകല്യമായ സ്‌പൈന ബൈഫിഡയാണ് കുട്ടിയെ ബാധിച്ചത്. ഇതിലൂടെ സുഷുമ്‌ന നാഡി അമ്നിയോട്ടിക് ഫ്ലൂയിഡിലേക്ക് തുറക്കപ്പെടുകയും സ്ഥിരം വൈകല്യം സംഭവിക്കുകയും ചെയ്യുന്നു. മലവിസർജ്ജനം, മൂത്രാശയ നിയന്ത്രണം, പക്ഷാഘാതം അല്ലെങ്കിൽ ശരീരത്തിന്റെ കീഴ് ഭാഗത്തെ അവയവങ്ങളിലെ പേശികളുടെ ബലഹീനത എന്നിവയ്ക്ക് ഈ അവസ്ഥ കാരണമാകും.

ഗർഭാവസ്ഥയുടെ 24-ാം ആഴ്ചയിലാണ് കുഞ്ഞ് ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയക്ക് ശേഷം ഗർഭപാത്രത്തിൽ ആഴ്ചകളോളം തുടർന്ന് 37-ാം ആഴ്ചയിൽ ജനിച്ചു. ജനനസമയത്ത് 2.46 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് പുറകിലെ ചർമത്തിൽ ചെറിയ വിടവുണ്ടായിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു.

കുട്ടിയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെന്ന് മെഡിക്കൽ സംഘം അറിയിച്ചു. "കുഞ്ഞിന്റെ മൂത്രാശയം നന്നായി പ്രവർത്തിക്കുന്നു, രണ്ട് കാലുകളുടെയും ചലനം സാധാരണ നിലയിലാണ്. സ്‌പൈന ബൈഫിഡ റിപ്പയറിന് കേടുപാടുകളില്ല. തലച്ചോറിന്റെ അൾട്രാസൗണ്ടും എംആർഐയും സാധാരണ നിലയിലാണ്. അതുകൊണ്ട് ഗർഭാശയത്തിനുള്ളിലെ ശസ്ത്രക്രിയ വിജയകരമാണെന്നാണ് വിലയിരുത്തൽ. തുടർച്ചയായി ആരോഗ്യ നില പരിശോധിക്കേണ്ടതുണ്ടെങ്കിലും പ്രാരംഭ സൂചകങ്ങൾ പ്രതീക്ഷ നൽകുന്നതാണ്," - സ്പൈന ബൈഫിഡ ശസ്ത്രക്രിയക്ക് നേത്വത്വം നൽകിയ ഡോ. മന്ദീപ് സിങ് പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in