കരിങ്കടൽ വഴി പുതിയ പാത : രണ്ട് ചരക്ക് കപ്പലുകൾ തുറമുഖത്തെത്തിയതായി യുക്രെയ്ൻ

കരിങ്കടൽ വഴി പുതിയ പാത : രണ്ട് ചരക്ക് കപ്പലുകൾ തുറമുഖത്തെത്തിയതായി യുക്രെയ്ൻ

കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുകയും യുക്രെയ്നെ കരിങ്കടൽ വഴി ധാന്യങ്ങൾ കയറ്റി അയയ്ക്കാൻ അനുവദിക്കുകയും ചെയ്യുന്ന കരാറിൽ നിന്ന് ഈ വർഷം ജൂലൈയിൽ റഷ്യ പിന്മാറിയിരുന്നു

കരിങ്കടലിലെ പുതിയ പാതയിലൂടെ സഞ്ചരിച്ച് രണ്ട് ചരക്ക് കപ്പലുകൾ യുക്രെയ്ൻ തുറമുഖത്തെത്തി. ചൊർണോമോർസ്കിൽ തുറമുഖത്താണ് കപ്പലെത്തിയത്. കരിങ്കടൽ തുറമുഖങ്ങളിലേക്ക് കടക്കാനും ആഫ്രിക്കൻ, ഏഷ്യൻ വിപണികളിലേക്ക് ധാന്യം കയറ്റാനും താത്കാലിക ഇടനാഴി ഉപയോഗിച്ചെത്തുന്ന ആദ്യത്തെ ചരക്കു കപ്പലുകളാണിത്. ചൊർണോമോർസ്കിൽ എത്തിയ കപ്പൽ വഴി ലോക വിപണിയിലേക്ക് 20,000 ടൺ ഗോതമ്പ് ലോഡ് ചെയ്യുമെന്ന് യുക്രെയ്ൻ അധികൃതർ അറിയിച്ചു.

കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുകയും യുക്രെയ്നെ കരിങ്കടൽ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ധന്യങ്ങൾ കയറ്റി അയയ്ക്കാൻ അനുവദിക്കുകയും ചെയ്യുന്ന കരാറിൽ നിന്ന് ഈ വർഷം ജൂലൈയിൽ റഷ്യ പിന്മാറിയിരുന്നു. ഇത് പിന്നാലെയാണ് റഷ്യ കരിങ്കടലിൽ ഒരു മാനുഷിക ഇടനാഴി പ്രഖ്യാപിച്ചത്. റൊമാനിയയ്ക്കും ബൾഗേറിയയ്ക്കും സമീപമുള്ള കരിങ്കടലിന്റെ പടിഞ്ഞാറൻ തീരത്തെത്തുന്ന മാരിടൈം കോറിഡോർ ആണ് യുക്രെയ്ൻ ഏകപക്ഷീയമായി തിരഞ്ഞെടുത്തത്. കരാറിൽ നിന്ന് റഷ്യ പിന്മാറിയതിനെ ശേഷം ആദ്യമായാണ് സിവിലിയൻ കപ്പലുകൾ യുക്രെയ്ൻ തുറമുഖത്ത് എത്തുന്നത്. നേരത്തെ യുക്രെയ്നിൽ നിന്ന് പുറപ്പെടുന്ന കപ്പലുകൾ മാത്രമാണ് ഈ ഇടനാഴി ഉപയോഗിച്ചിരുന്നത്.

കരിങ്കടൽ വഴി പുതിയ പാത : രണ്ട് ചരക്ക് കപ്പലുകൾ തുറമുഖത്തെത്തിയതായി യുക്രെയ്ൻ
വാഗ്ദാനം പാലിക്കപ്പെട്ടില്ല: കരിങ്കടൽ ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിന്മാറി റഷ്യ

ഓഷ്യാനിക് ദ്വീപ് രാഷ്ട്രമായ പലാവുവിന്റെ പതാകയുമായാണ് കപ്പലുകൾ യാത്ര ചെയ്തത്. യുക്രെയ്ൻ, തുർക്കി, അസർബൈജാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലെ ക്രൂവിലുണ്ടായിരുന്നതെന്ന് ഉപപ്രധാനമന്ത്രി ഒലെക്‌സാണ്ടർ കുബ്രാക്കോവ് പറഞ്ഞു. ഈ കപ്പലുകൾ ഈജിപ്തിലേക്കും ഇസ്രായേലിലേക്കും ഗോതമ്പ് എത്തിക്കുമെന്ന് യുക്രെയ്ൻ കാർഷികമന്ത്രാലയം അറിയിച്ചു.

നേരത്തെ കരാറിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഉക്രെയ്നിലേക്ക് പോകുന്ന സിവിലിയൻ കപ്പലുകളെ സൈനിക ലക്ഷ്യമായി കണക്കാക്കുമെന്ന് റഷ്യ പറഞ്ഞിരുന്നു. ഭക്ഷണത്തിന്റെയും രാസവളങ്ങളുടെയും കയറ്റുമതി അനുവദിക്കുന്ന കരാറിന്റെ ഭാഗങ്ങൾ മാനിച്ചിട്ടില്ലെന്നും പാശ്ചാത്യ ഉപരോധങ്ങൾ സ്വന്തം കാർഷിക കയറ്റുമതിയെ നിയന്ത്രിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് റഷ്യ കരാറിൽ നിന്ന് ഒഴിഞ്ഞത്. സൂര്യകാന്തി എണ്ണ, ബാർലി, ചോളം, ഗോതമ്പ് തുടങ്ങിയ വിളകളുടെ ലോകത്തിലെ ഏറ്റവും വലിയ വിതരണക്കാരിൽ ഒന്നാണ് യുക്രെയ്ൻ.

2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചപ്പോൾ നാവികസേന രാജ്യത്തെ കരിങ്കടൽ തുറമുഖങ്ങൾ ഉപരോധിച്ചിരുന്നു. കയറ്റുമതിക്കായി ഉദ്ദേശിച്ചിരുന്ന 20 ദശലക്ഷം ടൺ ധാന്യം ഇതോടെ കുടുങ്ങി. പിന്നാലെ ലോകത്ത് ഭക്ഷ്യ വില കുതിച്ചുയരുകയും മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളിൽ ഭക്ഷ്യ ക്ഷാമം രൂക്ഷമാകുകയും ചെയ്തിരുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in