യുഎസില്‍ വിമാന സര്‍വീസുകള്‍ നിന്നതിന് കാരണം ഡാറ്റാ ഫയലിലെ തകരാര്‍; പിന്നില്‍ ആരെന്ന് വ്യക്തമാക്കാതെ എഫ്എഎ

യുഎസില്‍ വിമാന സര്‍വീസുകള്‍ നിന്നതിന് കാരണം ഡാറ്റാ ഫയലിലെ തകരാര്‍; പിന്നില്‍ ആരെന്ന് വ്യക്തമാക്കാതെ എഫ്എഎ

പൈലറ്റുമാർക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ അയയ്ക്കാന്‍ കഴിയാതിരുന്നതോടെ പതിനൊന്നായിരത്തിലധികം സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കേണ്ടി വന്നു

സർക്കാർ നിബന്ധനകൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ചയെത്തുടർന്നുണ്ടായ സാങ്കേതിക തകരാറാണ് അമേരിക്കയിലുടനീളം വിമാന സർവീസുകൾ താറുമാറാകാനിടയാക്കിയതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ. പൈലറ്റുമാർക്ക് സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന കമ്പ്യൂട്ടർ സംവിധാനത്തിലെ തകരാറിലായതിന് പിന്നിൽ ആരാണെന്ന് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. സർക്കാർ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഫലമായി ഡാറ്റാ ഫയലിന് കേടുപാടുകൾ സംഭവിച്ചു. ഇത് എല്ലാ വിമാന സർവീസുകളും നിർത്തിവെക്കാൻ കാരണമായെന്ന് എഫ്‌എ‌എ പറഞ്ഞു.

ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് കമ്പ്യൂട്ടർ സംവിധാനത്തിലെ തകരാർ എഫ്‌എ‌എ കണ്ടെത്തിയത്. സുരക്ഷാപ്രശ്നം കണക്കിലെടുത്ത് എല്ലാ ആഭ്യന്തര വിമാനങ്ങളും സർവീസ് നിർത്തിവെയ്ക്കാൻ എഫ്‌എ‌എ ഉത്തരവിട്ടിരുന്നു. 9500 വിമാനങ്ങൾ വൈകുകയും 1300ൽ പരം സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. പിന്നീട് സാങ്കേതിക തകരാർ പരിഹരിച്ചതിനെ തുടർന്ന് സർവീസുകൾ പുനഃരാരംഭിക്കുകയായിരുന്നു.

വിമാനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പൈലറ്റുമാർക്കും ക്യാബിന്‍ ക്രൂവിനും നല്‍കുന്ന നോട്ടാം സംവിധാനം തകരാറിലായതാണ് അമേരിക്കയിലെ വ്യോമഗതാഗത മേഖല ഒന്നാകെ സ്തംഭിച്ചത്. ഒരു കരാറുകാരന് കീഴിൽ ജോലി ചെയ്തിരുന്ന രണ്ട് പേരാണ് നോട്ടാം എന്നറിയപ്പെടുന്ന സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്ന കോർ ഡാറ്റയിൽ പിശക് വരുത്തിയതെന്നാണ് പ്രാഥമിക സൂചനയെന്ന് എഫ്എഎ റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്തെങ്കിലും അബദ്ധത്തിലാണോ അതോ മനഃപൂർവമാണോ ഡാറ്റയിൽ മാറ്റങ്ങൾ വരുത്തിയതെന്നും സംഭവത്തിന് പിന്നിൽ എന്തെങ്കിലും ദുരുദ്ദേശമുണ്ടോയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് എഫ്എഎ അധികൃതർ.

റൺവേയിലെ പ്രശ്നങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പ്, പക്ഷികളുടെ സാന്നിധ്യം എന്നിവ സംബന്ധിച്ച് വിവരങ്ങൾ പൈലറ്റിന് കൈമാറുന്ന സംവിധാനമാണ് നോട്ടാം. അതേസമയം സൈബർ ആക്രമണത്തിന് തെളിവില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ സമഗ്രമായ അന്വേഷണം നടത്താൻ ഗതാഗത വകുപ്പിന് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നല്‍കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in