ബ്രസീൽ മുൻ സുരക്ഷാ മന്ത്രി ആൻഡേഴ്സൺ ടോറസ് അറസ്റ്റിൽ

ബ്രസീൽ മുൻ സുരക്ഷാ മന്ത്രി ആൻഡേഴ്സൺ ടോറസ് അറസ്റ്റിൽ

കഴിഞ്ഞയാഴ്ച ആയിരങ്ങളാണ് സർക്കാർ കെട്ടിടങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തുകയും, ഫർണിച്ചറുകളും ജനാലകളും തകർക്കുകയും ചെയ്തത്

സർക്കാരിന്റെ കെട്ടിടങ്ങൾ ആക്രമിച്ച സമയത്ത് സുരക്ഷയിൽ വീഴ്ച വരുത്തിയതിനാൽ ബ്രസീലിന്റെ മുൻ നീതിന്യായ സുരക്ഷാ മന്ത്രി ആൻഡേഴ്സൺ ടോറസിനെ അറസ്റ്റ് ചെയ്തു. അവധിക്ക് ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തിയ സമയത്തായിരുന്നു അറസ്റ്റ്. വലതുപക്ഷത്തിന്റെ മുൻ പ്രസിഡന്റ് ജെയർ ബോൾസനാരോയുടെ നീതിന്യായ മന്ത്രിയായിരുന്ന ടോറസ് ഫ്ലോറിഡയിലെ അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. കഴിഞ്ഞയാഴ്ച ആയിരങ്ങളാണ് ഗവൺന്മെന്റ് കെട്ടിടങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തുകയും, ഫർണിച്ചറുകളും ജനാലകളും തകർക്കുകയും ചെയ്തത്.കലാപകാരികൾ അമൂല്യമായ നിരവധി കലാസൃഷ്ടികൾ നശിപ്പിക്കുകയും, പട്ടാള അട്ടിമറി ആഹ്വാനം ചെയ്യുന്ന രീതിയിൽ ചുവരെഴുത്തുകൾ നടത്തുകയും ചെയ്തിരുന്നു.

ബ്രസീൽ സുപ്രീംകോടതി ജസ്റ്റിസ് അലക്‌സാണ്ടർ ഡി മോറസ്, ടോറസിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് ചൊവ്വാഴ്ച പുറപ്പെടുവിച്ചിരുന്നു. കുറ്റാരോപണങ്ങൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടോറസ് സുരക്ഷയിൽ വീഴ്ച വരുത്തിയതും, കണ്ടില്ലെന്ന് നടിച്ചതും കോടതി എടുത്തു പറയുകയുണ്ടായി. ടോറസിന് തിങ്കളാഴ്ച വരെ രാജ്യത്തേക്ക് മടങ്ങിയെത്താൻ സമയം നൽകും എന്നായിരുന്നു നിലവിലെ നിയമകാര്യ മന്ത്രി ഫ്ളാവിയോ ഡിനോ വ്യക്തമാക്കിയത്. എന്നിട്ടും തിരിച്ചെത്തിയില്ലെങ്കിൽ കൈമാറൽ നടപടികളുമായി മുന്നോട്ട് പോകുമെന്നായിരുന്നു മുന്നറിയിപ്പ്. നടപടികളെക്കുറിച്ചറിഞ്ഞ ടോറസ് യാത്ര അവസാനിപ്പിച്ച് ബ്രസീലിലേക്ക് മടങ്ങുമെന്ന് ചൊവ്വാഴ്ച ട്വിറ്ററിൽ വ്യക്തമാക്കുകയും ചെയ്തു.

ലുലാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാലും മാറ്റങ്ങൾ വരുത്താൻ കഴിയുന്ന രീതിയിലുള്ള അടിയന്തര നടപടികൾ നിർദ്ദേശിക്കുന്ന ഒരു ഡ്രാഫ്റ്റ് ടോറസിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി നിലവിലെ നിയമകാര്യ മന്ത്രി ഫ്ളാവിയോ ഡിനോ വ്യക്തമാക്കി. മുൻ പ്രസിഡന്റ് ബോൾസനാരോയുടെ പേരിലുള്ള ഡ്രാഫ്റ്റിൽ പക്ഷെ കൃത്യമായ തീയതിയോ കയ്യൊപ്പോ ഇല്ലാത്തതിനാൽ ആരുടെയാണെന്ന് വ്യക്തമല്ല. എന്നാൽ, വീട്ടിൽ നിന്ന് കണ്ടെത്തിയ പേപ്പറുകൾ നിലവിലെ സന്ദർഭം നോക്കി ആരോപണങ്ങൾ കെട്ടിച്ചമക്കാൻ പുറത്തെടുത്തതാണെന്ന് ടോറസ് ട്വിറ്ററിൽ വ്യക്തമാക്കി.

പ്രതിഷേധങ്ങൾ പ്രോത്സാഹിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് സുപ്രീംകോടതി ബോൾസോനാരോക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബ്രസീലിന്റെ മുൻ പ്രസിഡന്റ് ബോൾസോനാരോയും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ഫ്ലോറിഡയിലേക്ക് യാത്ര പോയിരുന്നു.

logo
The Fourth
www.thefourthnews.in