അഴിമതി, ലൈംഗിക ആരോപണങ്ങൾ നിറഞ്ഞ രാഷ്ട്രീയ ജീവിതം; ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു

അഴിമതി, ലൈംഗിക ആരോപണങ്ങൾ നിറഞ്ഞ രാഷ്ട്രീയ ജീവിതം; ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു

ഏറ്റവും കൂടുതൽകാലം ഇറ്റലിയുടെ പ്രധാനമന്ത്രി സ്ഥാനത്തിരുന്നയാളാണ് ബെര്‍ലുസ്കോണി

രാഷ്ട്രീയ ജീവിതത്തിലുടനീളം വിവാദങ്ങളിലൂടെ കടന്നുപോയ ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബര്‍ലുസ്കോണി (86) അന്തരിച്ചു. മിലാനിലെ സാൻ റാഫേൽ ആശുപത്രിയിലാണ് അന്ത്യം. രക്താര്‍ബുദബാധിതനായ അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1994 മുതൽ 2011 വരെയുള്ള കാലയളവിൽ ബെര്‍ലുസ്കോണി മൂന്നുതവണ ഇറ്റലിയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചു. ഇറ്റലിയിൽ ഏറ്റവും കൂടുതൽക്കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്നയാളും ബെര്‍ലുസ്കോണിയാണ്. അദ്ദേഹത്തിന്റെ പാർട്ടിയായ ഫോർസ ഇറ്റാലിയ പാർട്ടി, നിലവിൽ ഇറ്റാലിയൻ സര്‍ക്കാരിൽ സഖ്യകക്ഷിയാണ്.

ശതകോടീശ്വരനും വ്യവസായിയുമായ ബെര്‍ലുസ്കോണിയുടേത് ലൈംഗിക, അഴിമതി വിവാദങ്ങൾ നിറഞ്ഞുനിന്ന രാഷ്ട്രീയജീവിതമായിരുന്നു. നികുതി തട്ടിപ്പിന് ശിക്ഷ അനുഭവിച്ചതിനെ തുടര്‍ന്ന് ഏറെക്കാലം പൊതുജീവിതത്തിൽ നിന്ന് മാറിനിന്നെങ്കിലും 2017 മുതൽ വീണ്ടും രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി.

1936ൽ മിലാനിലെ ഒരു ഇടത്തരം കുടുംബത്തിലായിരുന്നു ബെർലുസ്കോണിയുടെ ജനനം. ഇറ്റലിയിലെ ഏറ്റവും വലിയ വാണിജ്യ ബ്രോഡ്കാസ്റ്റ് മീഡിയ സൈറ്റിന്റെ സ്ഥാപകനായിരുന്നു. ഏറെക്കാലം ഇറ്റലിയിലെ ധനികരിൽ ഒന്നാംസ്ഥാനത്തും അദ്ദേഹത്തിന്റെ പേര് മാത്രമായിരുന്നു ഉയര്‍ന്നുകേട്ടത്. രാഷ്ട്രീയത്തിലും മാധ്യമരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചതിനു പുറമേ ഇറ്റാലിയന്‍ ഫുട്‌ബോളിലെയും അതികായനായിരുന്നു ബെര്‍ലുസ്‌കോണി. 1986 മുതല്‍ 2017 വരെ ഇറ്റാലിയന്‍ സീരി എയിലെ പ്രമുഖ ക്ലബായ എസി മിലാന്റെ ഉടമയായിരുന്നു അദ്ദേഹം. ബെര്‍ലുസ്‌കോണിയുടെ ഉടമസ്ഥതയിലാണ് മിലാന്‍ അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും എട്ട് സീരി എ കിരീടങ്ങളും നേടിയത്. 2017-ല്‍ മിലാനെ വിറ്റതിനു ശേഷം 2018-ല്‍ സീരി സി ക്ലബായ മോന്‍സയെ വിലയ്ക്കു വാങ്ങിയ ബെര്‍ലുസ്‌കോണി ഇത്തവണ മികച്ച താരങ്ങളെ ഇറക്കി അവരെ ഒന്നാം ഡിവിഷനില്‍ എത്തിക്കുകയും ചെയ്തിരുന്നു.

1993ലാണ് ബെര്‍ലുസ്കോണി ഫോര്‍സ ഇറ്റാലിയ പാര്‍ട്ടി രൂപീകരിക്കുന്നത്. പിറ്റേവര്‍ഷം തന്നെ ഇറ്റലിയുടെ പ്രധാനമന്ത്രി പദത്തിലെത്തി. 2001 മുതൽ 2006 വരെയായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം ടേം. 2011ൽ രാജ്യത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ തുടര്‍ന്ന് രാജിവയ്ക്കുന്നതിന് ബെര്‍ലുസ്കോണി നിര്‍ബന്ധിതനായി.

2012ലാണ് നികുതി വെട്ടിപ്പ് കേസിൽ ബെര്‍ലുസ്കോണി ശിക്ഷിക്കപ്പെടുന്നത്. ഒരുവര്‍ഷം റെസിഡൻഷ്യൽ ഹോമിൽ പാര്‍പ്പിക്കപ്പെട്ട അദ്ദേഹം നിര്‍ബന്ധിത സാമൂഹ്യസേവനവും ചെയ്യേണ്ടി വന്നു. 2018 വരെ രാഷ്ട്രീയത്തിൽ മത്സരിക്കുന്നതിൽ അദ്ദേഹത്തിന് വിലക്കുണ്ടായിരുന്നു. വിലക്ക് മാറ്റപ്പെട്ട ശേഷം 2019ൽ യൂറോപ്യൻ പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയംനേടി. 2022ലെ പൊതു തിരഞ്ഞെടുപ്പിലാണ് ജോര്‍ജിയ മെലോണി സര്‍ക്കാരിൽ സഖ്യകക്ഷിയായുള്ള പാര്‍ട്ടിയുടെ തിരിച്ചുവരവ്. പൊതുരംഗത്തേക്ക് വീണ്ടുമെത്തിയെങ്കിലും ആരോഗ്യം മോശമായതിനാൽ സജീവപ്രവര്‍ത്തനം നടത്തിയിരുന്നില്ല.

കുപ്രസിദ്ധമായ "ബുംഗ ബുംഗ" സെക്‌സ് പാർട്ടി കേസിലും ബെര്‍ലുസ്കോണിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു. 2017 ഫെബ്രുവരിയിലാണ് ഈ ആരോപണങ്ങളിൽ നിന്ന് അദ്ദേഹം മുക്തനായത്. 2020 സെപ്റ്റംബറിൽ കോവിഡ് ബാധിച്ച് ബെര്‍ലുസ്കോണിയുടെ ആരോഗ്യനില വഷളായെങ്കിലും അദ്ദേഹം തിരിച്ചുവന്നു. ഈ വർഷം ഏപ്രിലിൽ രക്താർബുദവും ശ്വാസകോശ അണുബാധയും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഏറെക്കാലം ആശുപത്രിയിലായിരുന്നു.

logo
The Fourth
www.thefourthnews.in