5 കൊറിയന്‍ സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു; പ്രവാസി ബിജെപി നേതാവ് കുറ്റക്കാരന്‍
അഞ്ച് കൊറിയന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജെപി മുന്‍ അധ്യക്ഷൻ ബലേഷ് ധന്‍കര്‍ കുറ്റക്കാരനെന്ന് ഓസ്‌ട്രേലിയൻ കോടതി. സിഡ്നി ഡൗണിങ് സെന്ററിലെ ജില്ലാ കോടതി ജൂറിയാണ് ധന്‍കർ കുറ്റക്കാരനെന്ന് വിധിച്ചത്. ഇന്ത്യന്‍ കമ്യൂണിറ്റി ഇന്‍ ഓസ്‌ട്രേലിയയുടെ പ്രധാന അംഗം കൂടിയായാണ് ഇയാൾ.
രാഷ്ട്രീയ സ്വാധീനമുളള ബലേഷ് ധന്‍കര്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച ശേഷം മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. സിഡ്നിയിൽ അടുത്തിടെയുണ്ടായ ബലാത്സംഗ കേസുകളെടുത്താല്‍ അതില്‍ ഏറ്റവും മോശപ്പെട്ട ആളാണ് ബലേഷ് 'സിഡ്നി മോണിങ് ഹെറാൾഡ്' പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്ത്രീകളെ ബലാത്സംഗം ചെയ്തതോടൊപ്പം ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അലാറം ക്ലോക്കിൽ ഒളിപ്പിച്ചുവച്ച ക്യാമറയിലും മൊബൈൽ ഫോണിലുമാണു ദൃശ്യങ്ങൾ പകർത്തിയത്.
നേരിടുന്ന ഓരോ കേസിലെയും 39 ആരോപണങ്ങളിലും കുറ്റക്കരാനാണെന്നു ജൂറി പറഞ്ഞപ്പോൾ ബലേഷ് കരഞ്ഞു. ജാമ്യത്തിൽ തുടരാൻ അനുവദിക്കണമെന്ന് ബലേഷ് അഭ്യർഥിച്ചെങ്കിലും ജഡ്ജി മൈക്കേൽ കിങ് നിരസിച്ചു. തുടർന്ന് ബലേഷിനെ കൈയാമം വച്ച് ജൂറി ഓഫിസിൽനിന്ന് പുറത്തേക്കു കൊണ്ടുപോയി.
നാൽപ്പത്തി മൂന്നുകാരനായ ബലേഷ് അടുത്ത മാസം വീണ്ടും കോടതിയില്‍ ഹാജരാകേണ്ടി വരും. ഈ വര്‍ഷം അവസാനത്തോടെ കോടതി ശിക്ഷ വിധിക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഡേറ്റ എക്സ്പേർട്ടായ ബലേഷ് കേസ് നടത്തുന്നതിനായി പാരമ്പര്യ സ്വത്തുക്കള്‍ വിറ്റിരുന്നു.
2018 ല്‍ ബലേഷ് നിരവധി സ്ത്രീകളെ ഉപദ്രവിക്കുന്ന വീഡിയോകള്‍ പോലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടിൽ പറയുന്നു. പലപ്പോഴും സ്ത്രീകൾ അബോധാവസ്ഥയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.