ഹ്രസ്വദൂര ഫ്ലൈറ്റ് സർവീസുകൾ നിരോധിച്ച് ഫ്രഞ്ച് സർക്കാർ; കാർബൺ ബഹിർഗമനം കുറയ്ക്കുക ലക്ഷ്യം

ഹ്രസ്വദൂര ഫ്ലൈറ്റ് സർവീസുകൾ നിരോധിച്ച് ഫ്രഞ്ച് സർക്കാർ; കാർബൺ ബഹിർഗമനം കുറയ്ക്കുക ലക്ഷ്യം

രണ്ടര മണിക്കൂറിനുള്ളിൽ ട്രെയിനിൽ എത്തിച്ചേരാൻ കഴിയുന്ന റൂട്ടാണെങ്കിൽ അവിടെ വിമാന സർവീസ് വേണ്ടെന്ന് തീരുമാനം

കാർബൺ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഹ്രസ്വ ദൂര വിമാന സർവീസുകൾ നിരോധിച്ച് ഫ്രാൻസ്. ട്രെയിൻ സർവീസുകൾ ലഭ്യമായ റൂട്ടിലുള്ള ആഭ്യന്തര വിമാന സവീസുകളാണ് നിർത്തലാക്കിയിരിക്കുന്നത്. നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നെങ്കിലും രണ്ട് വർഷങ്ങൾക്ക് ശേഷമാണ് നിയമം പ്രാബല്യത്തിലാകുന്നത്.

രണ്ടര മണിക്കൂറിനുള്ളിൽ ട്രെയിനിൽ എത്തിച്ചേരാൻ കഴിയുന്ന റൂട്ടാണെങ്കിൽ അവിടെ വിമാന സർവീസ് ആവശ്യമില്ലെന്നാണ് പുതിയ തീരുമാനം. എന്നാൽ പാരിസിനെ ലിയോൺ പോലെയുള്ള ചില പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റൂട്ടുകൾക്ക് പുതിയ നിയമം ബാധകമാകില്ല. കണക്ഷൻ ഫ്ലൈറ്റുകളെ ബാധിച്ചേക്കുമെന്ന ആശങ്കയെ തുടർന്നാണ് ഈ റൂട്ടുകൾ ഒഴിവാക്കിയിരിക്കുന്നത്. അതേസമയം നിരോധനത്തെ പ്രതീകാത്മകം മാത്രമെന്നാണ് വിമർശകർ വിശേഷിപ്പിച്ചത്.

ഈ റൂട്ടുകളില്‍ ട്രെയിനിനേക്കാൾ 77 മടങ്ങ് കൂടുതൽ കാർബൺ ഡയോക്സൈഡ് വിമാനം പുറപ്പെടുവിക്കുന്നുണ്ട്
ഫ്രഞ്ച് ഉപഭോക്തൃ ഗ്രൂപ്പായ യുഎഫ്സി- ക്യൂശ്വസിഹ്

2019ൽ 'ഫ്രാൻസ് സിറ്റിസൺസ് കൺവെൻഷൻ ഫോർ ക്ലൈമറ്റ്' എന്ന സംഘടനയ്ക്ക് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രൂപം നൽകിയിരുന്നു. നാല് മണിക്കൂറിൽ താഴെയുള്ള ട്രെയിൻ യാത്രകൾ സാധ്യമായ റൂട്ടുകളിലെ വിമാന സർവീസുകൾ ഒഴിവാക്കണമെന്ന് സാധാരണക്കാർ ഉൾപ്പെടുന്ന സംഘടന പൊതുജനങ്ങളോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ചില മേഖലകളിൽ നിന്നും, ഫ്രഞ്ച് വിമാന കമ്പനിയായ എയർ ഫ്രാൻസ്-കെഎൽഎമ്മിൽ നിന്നുമുള്ള എതിർപ്പിനെത്തുടർന്ന് ഇത് രണ്ടര മണിക്കൂറായി ചുരുക്കുകയായിരുന്നു.

അതേസമയം, ഹ്രസ്വ ദൂര റൂട്ടുകളിലുള്ള സർവീസുകൾ നിരോധിക്കുന്നത് കാർബൺ പുറന്തള്ളലില്‍ വലിയ മാറ്റങ്ങളുണ്ടാക്കില്ലെന്നാണ് വിമാനക്കമ്പനിയായ എയർലൈൻസ് ഫോർ യൂറോപ്പിന്റെ മേധാവി അഭിപ്രായപ്പെടുന്നത്. സർക്കാരുകൾ ഈ പ്രശ്നത്തിന് ഏറ്റവും കൃത്യമായ പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഫ്രഞ്ച് ഉപഭോക്തൃ ഗ്രൂപ്പായ യുഎഫ്സി- ക്യൂശ്വസിഹ് നാല് മണിക്കൂർ പരിധി തന്നെ നിലനിർത്തണമെന്ന് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ റൂട്ടുകളില്‍ ട്രെയിനിനേക്കാൾ ശരാശരി 77 മടങ്ങ് കൂടുതൽ കാർബൺ ഡയോക്സൈഡ് വിമാനം പുറപ്പെടുവിക്കുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

കോവിഡിനെ തുടർന്ന് ലോകമെമ്പാടുമുള്ള എയർലൈൻ സർവീസുകൾ സാരമായി ബാധിക്കപ്പെട്ടിരുന്നു. 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തെ ഫ്ലൈറ്റുകളുടെ എണ്ണം ഏകദേശം 42% കുറഞ്ഞതായി ഫ്ലൈറ്റ്റഡാർ24 എന്ന വെബ്‌സൈറ്റും റിപ്പോർട്ട് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in