ഗർഭഛിദ്രം മൗലികാവകാശമാക്കി ഫ്രാൻസ്; ലോകത്തിനുള്ള സന്ദേശമെന്ന് മാക്രോൺ

ഗർഭഛിദ്രം മൗലികാവകാശമാക്കി ഫ്രാൻസ്; ലോകത്തിനുള്ള സന്ദേശമെന്ന് മാക്രോൺ

അമേരിക്കയും തീവ്ര വലതുപക്ഷ പാർട്ടികൾ വന്ന ഹംഗറി പോലുള്ള യൂറോപ്പിൻ്റെ ചില ഭാഗങ്ങളിലും ഗർഭച്ഛിദ്രത്തിനുള്ള അവകാശം എടുത്തുകളയാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ഫ്രാൻസിന്റെ നടപടി

ഗർഭഛിദ്രത്തിനുള്ള അവകാശം മൗലികാവകാശമാക്കിയ ലോകത്തെ ആദ്യ രാജ്യമായി ഫ്രാൻസ്. ഗർഭഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശത്തെ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ പാർലമെന്റ് അംഗങ്ങൾ പിന്തുണച്ചു. 72നെതിരെ 780 വോട്ട് എന്ന നിലയിലാണ് പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സംയുക്ത വോട്ടെടുപ്പിൽ ബിൽ പാസായത്.

നീണ്ട കരഘോഷത്തോടെയാണ് ചരിത്രപരമായ ഈ നീക്കത്തെ പാർലമെന്റ് സ്വീകരിച്ചത്. നടപടിയെ ഫ്രഞ്ച് അഭിമാനമെന്ന് വിശേഷിപ്പിച്ച പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഇത് ലോകത്തിനുള്ള സന്ദേശമാണെന്നും വ്യക്തമാക്കി. എന്നാൽ ചില ഗർഭഛിദ്ര വിരുദ്ധ ഗ്രൂപ്പുകൾ നീക്കത്തെ ശക്തമായി വിമർശിച്ചു.

ഗർഭഛിദ്രം മൗലികാവകാശമാക്കി ഫ്രാൻസ്; ലോകത്തിനുള്ള സന്ദേശമെന്ന് മാക്രോൺ
ട്രംപിന് ആശ്വാസം; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കിയ കൊളറാഡോ കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി

വെർസൈൽസ് കൊട്ടാരത്തിൽ പാർലമെന്റ് അംഗങ്ങളുടെ പ്രത്യേക സമ്മേളനത്തിനിടെ നടന്ന വോട്ടെടുപ്പ് നിയമനിർമാണ പ്രക്രിയയുടെ അവസാന ഘട്ടമായിരുന്നു. ഫ്രഞ്ച് സെനറ്റും ദേശീയ അസംബ്ലിയും ഈ വർഷം ആദ്യം തന്നെ ഭേദഗതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അമേരിക്കയും തീവ്ര വലതുപക്ഷ പാർട്ടികൾ വന്ന ഹംഗറി പോലുള്ള യൂറോപ്പിൻ്റെ ചില ഭാഗങ്ങളിലും ഗർഭഛിദ്രത്തിനുള്ള അവകാശം എടുത്തുകളയാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഫ്രാൻസിന്റെ നടപടി. രാജ്യത്താകെ വലിയ ആഘോഷങ്ങളാണ് ബില്ലിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ നടക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന വിവിധ സംഘടനകളും നടപടിയെ സ്വാഗതം ചെയ്തു.

1975 മുതൽ ഫ്രാൻസിൽ ഗർഭഛിദ്രം നിയമവിധേയമാണ്. എന്നാൽ ഭരണഘടന ഭേദഗതി ചെയ്ത് ഗർഭധാരണം അവസാനിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനെ ഫ്രാൻസിലെ 85 ശതമാനം ജനങ്ങളും പിന്തുണച്ചിരുന്നതായി വിവിധ സർവേ ഫലങ്ങൾ കാണിക്കുന്നു. 2008 ന് ശേഷം ഫ്രാൻസിന്റെ ഭരണഘടനയിൽ നടത്തുന്ന ആദ്യത്തെ ഭേദഗതിയാണിത്. ആധുനിക ഫ്രാൻസിന്റെ സ്ഥാപക രേഖയിലെ 25-ാമത്തെ ഭേദഗതിയും.

വോട്ടെടുപ്പിനെത്തുടർന്ന് പാരീസിലെ ഈഫൽ ടവർ " എന്റെ ശരീരം എന്റെ തിരഞ്ഞെടുപ്പ്' എന്ന സന്ദേശത്തോടെ പ്രകാശം തെളിച്ചിരുന്നു. " ഞങ്ങൾ എല്ലാ സ്ത്രീകൾക്കും ഒരു സന്ദേശം അയക്കുകയാണ്. നിങ്ങളുടെ ശരീരം നിങ്ങളുടേത് മാത്രമാണ്. നിങ്ങൾക്ക് വേണ്ടി ആർക്കും തീരുമാനം എടുക്കാൻ സാധിക്കില്ല," ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അത്തൽ പാർലമെന്റിൽ പറഞ്ഞു. അന്താരാഷ്ട്ര വനിതാ അവകാശ ദിനമായ വെള്ളിയാഴ്ച ഭേദഗതി പാസാക്കിയത് ആഘോഷിക്കുന്ന ഔപചാരിക ചടങ്ങ് ഫ്രഞ്ച് സർക്കാർ നടത്തും.

ഗർഭഛിദ്രം മൗലികാവകാശമാക്കി ഫ്രാൻസ്; ലോകത്തിനുള്ള സന്ദേശമെന്ന് മാക്രോൺ
കശ്മീരികളുടെയും പലസ്തീനികളുടെയും സ്വാതന്ത്ര്യത്തിനായി പാർലമെന്റിൽ പ്രമേയം പാസാക്കുമെന്ന് പാക് പ്രധാനമന്ത്രി

അതേസമയം, പ്രസിഡന്റ് മാക്രോൺ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾക്കായി ഭരണഘടന ഉപയോഗപ്പെടുത്തുകയാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. ഭേദഗതി അനാവശ്യമാണെന്നും നേരത്തെ തന്നെ ഗർഭഛിദ്രത്തിനുള്ള അവകാശം നിലനിന്നിരുന്നുവെന്നും മാക്രോൺ വിമർശകർ ആരോപിക്കുന്നു.

logo
The Fourth
www.thefourthnews.in