രക്തമൊലിക്കുന്ന ഗാസ: ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍  ബെത്‌ലഹേം നിശ്ശബ്ദം

രക്തമൊലിക്കുന്ന ഗാസ: ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ബെത്‌ലഹേം നിശ്ശബ്ദം

ലോകം ക്രിസ്മസ് ആഘോഷിക്കുന്ന ഈ സമയത്ത്, ബെത്‌ലഹേം ദുഃഖവും നിശബ്ദവും വേദനയുള്ളതും പൂർണമായും ഉപരോധിക്കപ്പെട്ടതുമാണ്

ലോകം ക്രിസ്മസ് ആഘോഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആരവവും ആഘോഷവും ആഹ്‌ളാദവുമില്ലാതെ നിശ്ചലമായി യേശു ക്രിസ്തുവിന്റെ ജന്മദേശമായ ബത്‌ലഹേം. ക്രിസ്മസ് അടുത്ത് എത്തിയിട്ടും അധിനിവേശ വെസ്റ്റ് ബാങ്കിലെ ബത്‌ലഹേം നഗരം ശാന്തമാണ്. സാധാരണഗതിയിൽ ഡിസംബർ ആകുമ്പോഴേക്കും ആയിരക്കണക്കിന് തീർത്ഥാടകരും വിനോദസഞ്ചാരികളും നിറയുന്ന പ്രദേശത്ത് ഇത്തവണ ആരെയും കാണാനില്ല. ഗാസയിലെ രക്തരൂക്ഷിത ആക്രമണങ്ങളും വെസ്റ്റ് ബാങ്കിലെ ഇസ്രയേലി റെയ്ഡുകളുമാണ് പ്രദേശത്തെ നിശബ്ദതയിലാഴ്ത്തുന്നത്. ഗാസയിലെ ഇസ്രയേലി ആക്രമണങ്ങളെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധികളും ഇതിന് ആക്കം കൂട്ടുന്നുണ്ട്.

രക്തമൊലിക്കുന്ന ഗാസ: ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍  ബെത്‌ലഹേം നിശ്ശബ്ദം
വെടിനിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്ന് ഹമാസ്; ആക്രമണം കടുപ്പിക്കാന്‍ ഹിസ്ബുള്ളയും, ഇസ്രയേലിന് ഭീഷണി ശക്തമാകുന്നു

ഭീമാകാരമായ ക്രിസ്മസ് ട്രീ, പരേഡുകൾ, മതപരമായ ചടങ്ങുകൾ എന്നിവയോടെയാണ് ബത്‌ലഹേമിലെ നേറ്റിവിറ്റി സ്ക്വയറിൽ എല്ലാ സീസണിലെയും ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിക്കുക. എന്നാൽ ഇത്തവണ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലവും മറ്റും ഇവയൊന്നും ഉണ്ടായില്ല. ബെത്‌ലഹേമിലെ തെരുവുകളും വീഥികളും വലിയ തോതിൽ ശൂന്യമാണ്. നഗരത്തിലേക്കുള്ള റോഡുകൾ ഇസ്രയേൽ സൈന്യം അടച്ചുപൂട്ടി. ഗാസയുമായി ഐക്യപ്പെടുന്നതിന്റെ ഭാഗമായി പലസ്തീനിലെ പള്ളികൾ എല്ലാ ക്രിസ്മസ് ആഘോഷങ്ങളും റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ് ദിനം സന്നദ്ധ സേവനങ്ങളും പ്രാർത്ഥനകളും മാത്രമായി പരിമിതപ്പെടുത്തി.

ഗാസയോടുള്ള ഐക്യപ്പെടൽ

നിരപരാധികളായ സാധാരണക്കാരുടെ രക്തമൊഴുകുന്ന ഗാസയോട് ഐക്യപ്പെട്ടുകൊണ്ടാണ് വെസ്റ്റ് ബാങ്കിൽ ക്രിസ്മസ് ആഘോഷങ്ങൾ വേണ്ടെന്ന് വെക്കുന്നത്. ബെത്‌ലഹേമിലെ മതസ്ഥാപന മേധാവികൾ പോലും ഈ വർഷത്തെ ആഘോഷങ്ങൾ റദ്ദാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു. ഗാസയിൽ നമ്മുടെ ജനങ്ങൾക്കെതിരെ വംശഹത്യ നടക്കുമ്പോൾ മറ്റു കാര്യങ്ങളില്‍ ആനന്ദിക്കുക എന്നത് അസാധ്യമാണെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

ഭീമാകാരമായ ക്രിസ്മസ് ട്രീ, പരേഡുകൾ, മതപരമായ ചടങ്ങുകൾ എന്നിവയോടെയാണ് ബത്‌ലഹേമിലെ നേറ്റിവിറ്റി സ്ക്വയറിൽ എല്ലാ സീസണിലെയും ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിക്കുക

"എല്ലാ വർഷവും ഞങ്ങൾ ഈ സ്ഥലത്ത് ഒരു ക്രിസ്മസ് ട്രീ സ്ഥാപിക്കുന്നു, എന്നാൽ ഈ വർഷം, ക്രിസ്മസ് ട്രീയും വെളിച്ചവുമില്ലാതെ ഞങ്ങൾ ക്രിസ്മസിനെ സ്വാഗതം ചെയ്യുന്നു," ബെത്‌ലഹേമിലെ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് ഓഫ് നേറ്റിവിറ്റിയിലെ പാസ്റ്റർ മുൻതർ ഐസക് അൽ ജസീറയോട് പറയുന്നു. ഈ വർഷത്തെ ക്രിസ്മസ് പലസ്തീനിൽ താമസിക്കുന്ന കുട്ടികളുടെ വേദനാജനകമായ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കണമെന്നാണ് സഭയുടെ തീരുമാനം. അതുകൊണ്ടാണ് ഗാസയിൽ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഢ്യത്തിന്റെ സന്ദേശമെന്ന നിലയിൽ പ്രതീകാത്മക ശിശുവായ യേശുവിനെ അവശിഷ്ടങ്ങളുടെയും നാശ നഷ്ടങ്ങളുടെയും പുൽത്തൊട്ടിയിൽ ഒരുക്കിയത്. പലസ്തീനിൽ നീതി ഏത്തേണ്ട ആവശ്യകതയെക്കുറിച്ചും ഗാസയിൽ വെടിനിർത്തലിന്റെ അടിയന്തിര ആവശ്യത്തെക്കുറിച്ചും ഈ പുൽക്കൂടുകൾ ലോകത്തോട് സംവദിക്കുമെന്നാണ് അവർ വിശ്വസിക്കുന്നത്.

തകർന്നടിയുന്ന വിനോദസഞ്ചാര മേഖല

വെസ്റ്റ് ബാങ്കിൽ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ആരോഗ്യ, യാത്രാ നിയന്ത്രണങ്ങൾ കാരണം രണ്ട് വർഷത്തോളം അടഞ്ഞ് കിടന്ന ക്രിസ്മസ് ടൂറിസം കഴിഞ്ഞ വർഷം മാത്രമാണ് പുനരുജ്ജീവിപ്പിച്ചത്. എന്നാൽ നിലവിലെ സ്ഥിതിഗതികൾ മേഖലയെ പഴയ പടിയാക്കിയിരിക്കുകയാണ്.

വിനോദസഞ്ചാരത്തിനും സാംസ്കാരികത്തിനുമുള്ള പലസ്തീൻ മന്ത്രാലയം പറയുന്നതനുസരിച്ച്, ബെത്‌ലഹേമിലേക്ക് സാധാരണയായി ഓരോ വർഷവും 1.5 ദശലക്ഷം വിനോദസഞ്ചാരികൾ എത്താറുണ്ട്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ക്രിസ്മസ് സീസണിലേക്കുള്ള തയ്യാറെടുപ്പിനായി പ്രദേശത്തെ തൊഴിലാളികൾ അഹോരാത്രം പണിയെടുക്കും. എന്നാൽ എന്നാൽ ഈ വർഷം, ഹമാസ് ആക്രമണത്തെത്തുടർന്ന് ഒക്ടോബർ 7 ന് തന്നെ കാര്യങ്ങൾ മാറിമറിഞ്ഞു. പിന്നീട് നടന്ന സംഭവങ്ങൾ തെക്കൻ വെസ്റ്റ് ബാങ്ക് പട്ടണത്തിൽ നിന്ന് വിനോദസഞ്ചാരികൾ അപ്രത്യക്ഷമാകാൻ കാരണമായി. കോവിഡ് മൂലം ഉണ്ടായ സമ്പദ് വ്യവസ്ഥയുടെ തകർച്ചയിൽ നിന്നുള്ള മടക്കമെന്ന സ്വപ്നം ഇതോടെ അസ്ഥാനത്തായി.

വിനോദസഞ്ചാര മേഖല ഇടിഞ്ഞതിന്റെ ഫലമായി അവിടത്തെ ആളുകൾ ജോലിയും പ്രതീക്ഷയും ഇല്ലാതെയാണ് ജീവിക്കുന്നത്. കാരണം വിനോദ സഞ്ചാര മേഖല പ്രദേശത്തെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്.

ഈ വർഷത്തെ അവധിക്കാലമായിരുന്നു പ്രദേശത്തെ ടൂറിസം മേഖലയിലെ മറ്റൊരു പ്രധാന പ്രതീക്ഷ. വെസ്റ്റ് ബാങ്കിൽ നടന്ന കൊണ്ടിരിക്കുന്ന ഇസ്രയേൽ നടപടികൾ പ്രദേശത്തെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കൽ ആണെന്നും ഇത് ബെത്‌ലഹേമിലെ ഹോട്ടലുകളുടെയും കമ്പനികളുടെയും മുഴുവൻ ടൂറിസം മേഖലയുടെയും നിലനിൽപ്പിന് ഭീഷണിയാണെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഗാസയ്‌ക്കെതിരായ ഇസ്രയേൽ ആക്രമണത്തിന്റെ ഫലമായി ടൂറിസം മേഖലയ്ക്ക് കാര്യമായ നഷ്ടം സംഭവിച്ചതായി പലസ്തീൻ ടൂറിസം മന്ത്രി റുല മായ പറഞ്ഞു. ഈ വർഷത്തെ മാത്രം നഷ്ടം 200 മില്യൺ ഡോളറായിരിക്കുമെന്ന് മായ പറഞ്ഞു. നഷ്ടത്തിന്റെ 60 ശതമാനമെങ്കിലും ബെത്‌ലഹേമിനെ നേരിട്ട് ബാധിക്കുന്നു.

അമേരിക്ക, റഷ്യ റൊമാനിയ, പോളണ്ട്, ഇറ്റലി, സ്പെയിൻ, ഇന്ത്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള ആളുകൾ എല്ലാ വർഷവും നഗരം സന്ദർശിക്കാറുണ്ട്. എന്നാൽ ലോകം ക്രിസ്മസ് ആഘോഷിക്കുന്ന ഈ സമയത്ത്, ബെത്‌ലഹേം ദുഃഖവും നിശ്ശബ്ദവും വേദനയുള്ളതും പൂർണ്ണമായും ഉപരോധിക്കപ്പെട്ടതുമാണ്, റുല മായ പറയുന്നു. വിനോദസഞ്ചാര മേഖല ഇടിഞ്ഞതിന്റെ ഫലമായി അവിടത്തെ ആളുകൾ ജോലിയും പ്രതീക്ഷയും ഇല്ലാതെയാണ് ജീവിക്കുന്നത്. കാരണം വിനോദ സഞ്ചാര മേഖല പ്രദേശത്തെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്.

ഒക്‌ടോബർ 7 മുതൽ 20,000 ഫലസ്തീനികൾ ഗാസ മുനമ്പിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. അതേസമയം, 63 കുട്ടികൾ ഉൾപ്പെടെ 275 പലസ്തീനികളെ ഇസ്രായേൽ സൈന്യമോ വെസ്റ്റ് ബാങ്കിലെ സായുധ കുടിയേറ്റക്കാരോ കൊലപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലുടനീളമുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും ദിവസേന നടത്തിയ റെയ്ഡുകളിൽ ആയിരക്കണക്കിന് പേരാണ് അറസ്റ്റിലാകുന്നത്.

logo
The Fourth
www.thefourthnews.in