ഇസ്രയേലിന്റെ ആക്രമണ ഭീഷണിയിൽ ഗാസയിലെ അൽ ഖുദ്സ് ആശുപത്രി; മരണസംഖ്യ 8000 പിന്നിട്ടു
ഇസ്രയേൽ സൈന്യത്തിന്റെ ബോംബിങ് ഭീഷണിയിൽ വിറങ്ങലിച്ച് ഗാസയിലെ അൽ ഖുദ്സ് ആശുപത്രി. നൂറുകണക്കിന് പേർ ചികിത്സയിലും ആയിരങ്ങൾ അഭയം തേടുകയും ചെയ്തിരിക്കുന്ന ആശുപത്രി ഉടൻ ഒഴിയണമെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ഉത്തരവ്. എന്നാൽ ചികിത്സയിലുള്ളവരെ പെട്ടെന്ന് മാറ്റുകയെന്നത് സാധ്യമല്ലെന്നാണ് ജീവനക്കാരും ഹ്യൂമൻ റൈറ്റ്സ് വാച്ച് പോലുള്ള മനുഷ്യാവകാശ സംഘടനകളും പറയുന്നത്. 14000 പേർ ആശുപതിയിൽ ചികിത്സയിലും അല്ലാതെയും കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അടിയന്തരമായി അൽ ഖുദ്സ് ആശുപത്രി ഒഴിയണമെന്ന് കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ സൈന്യം നിർദേശം നൽകിയത്. ഇത് "വലിയ ഉത്കണ്ഠ" ഉണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. നിലവിൽ 24-ാം ദിവസത്തിലേക്ക് കടന്ന ആക്രമണത്തിൽ ഇതുവരെ 8005 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 3195 പേരും കുട്ടികളാണെന്നാണ് സേവ് ദി ചിൽഡ്രൻ എന്ന എൻജിഒയുടെ കണക്ക്. 2019ന് ശേഷം ലോകത്താകമാനം കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തേക്കാൾ അധികമാണ് ഒക്ടോബർ ഏഴിന് ശേഷം ഗാസയിലുണ്ടായിരിക്കുന്ന മരണസംഖ്യയെന്നും എൻജിഒ പറയുന്നു.
കടുത്ത ആക്രമണത്തിനിടെ 23 ലക്ഷം മനുഷ്യരുടെ ദുരിതങ്ങൾക്ക് ചെറിയൊരു ആശ്വാസമായി കഴിഞ്ഞ ദിവസം 33 ട്രക്ക് സഹായങ്ങൾ റഫാ അതിർത്തിവഴി ഗാസയിലേക്ക് കടത്തിവിട്ടിരുന്നു. സഹായങ്ങളെത്തിക്കാനുള്ള ഇസ്രയേലിന്റെ സമ്മതം ലഭിച്ചതിന് പിന്നാലെ ഗാസയിലേക്ക് കടക്കുന്ന ഏറ്റവും വലിയ സഹായമാണിത്. എന്നാൽ ഗാസയിൽ വർദ്ധിച്ചുവരുന്ന ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രതിദിനം കുറഞ്ഞത് 40 ട്രക്കുകളെങ്കിലും എത്തിക്കേണ്ടതുണ്ടെന്ന് യു എൻ വേൾഡ് ഫുഡ് പ്രോഗ്രാം വ്യക്തമാക്കിയിരുന്നു.
കടുത്ത ബോംബാക്രമണത്തെ തുടർന്ന് തകരാറിലായിരുന്ന ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ ചെറിയ തോതിലെങ്കിലും പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും വ്യോമാക്രമണത്തിലൂടെ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ ഇല്ലാതാക്കിയതായി ടെലികോം പ്രൊവൈഡർ പാൽടെൽ അറിയിച്ചു.
ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. എന്നാൽ അതിന്റെ ഭാഗമായി നടത്തുന്ന ആക്രമണങ്ങൾ ഗാസയ്ക്ക് പുറത്തേയ്ക്ക് വ്യാപിച്ചേക്കുമെന്ന ആശങ്കയും നിലവിലുണ്ട്. ലബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെയും ഇസ്രയേൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്.