റെയ്ഡ്
റെയ്ഡ്

ജര്‍മന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന; 'ബദല്‍ സര്‍ക്കാര്‍' സംഘത്തിലെ 25 പേര്‍ അറസ്റ്റില്‍

അറസ്റ്റിലായവരില്‍ പലരും സൈനിക പരിശീലനം നേടിയവർ

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന 25 പേരെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ്. നിലവിലെ സര്‍ക്കാരിനെ അട്ടിമറിച്ച് സ്വന്തം നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പദ്ധതിയിട്ട ആഭ്യന്തര തീവ്രവാദ സംഘടനയെ പിന്തുണച്ചിരുന്നവരാണ് അറസ്റ്റിലായത് എന്നാണ് സൂചന.

ഒരു 'ബദല്‍ സര്‍ക്കാരും' സംഘം രൂപീകരിച്ചിരുന്നു

അറസ്റ്റിലായവരില്‍ പലരും സൈനിക പരിശീലനം നേടിയവരായിരുന്നു. തീവ്ര വലതുപക്ഷക്കാരും മുന്‍ സൈനികരും ചേര്‍ന്ന് പാര്‍ലമെന്റ് മന്ദിരമായ റീച്ച്സ്റ്റാഗില്‍ അതിക്രമിച്ച് കയറി അധികാരം പിടിച്ചെടുക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിച്ചാല്‍ പകരം ഭരണത്തിനായി ഒരു 'ബദല്‍ സര്‍ക്കാരും' സംഘം രൂപീകരിച്ചിരുന്നു.

50 പുരുഷന്മാരും സ്ത്രീകളും ഈ സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് സൂചന

റിപ്പബ്ലിക്കിനെ അട്ടിമറിച്ച് പകരം 1871-ലെ ജര്‍മനിയുടെ മാതൃകയില്‍ ഒരു പുതിയ രാഷ്ട്രം സ്ഥാപിക്കാനായിരുന്നു സംഘം ഗൂഢാലോചന നടത്തിയത്. 50 പുരുഷന്മാരും സ്ത്രീകളും ഈ സംഘത്തിന്റെ ഭാഗമായിരുന്നുവെന്നും സൂചനയുണ്ട്. 2021 അവസാനത്തോടെയാണ് ഈ സംഘം രൂപീകൃതമായതെന്നും സംഘത്തിന്റെ പേര് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും ജര്‍മന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഓഫീസര്‍മാര്‍ വ്യക്തമാക്കി.

2021 നവംബര്‍ മുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംഘം പദ്ധതിയിടുകയായിരുന്നു

അറസ്റ്റിലായവരില്‍ രണ്ടുപേര്‍ രാജ്യത്തിന് പുറത്ത് നിന്നുള്ളവരാണ്. ഒരാള്‍ ഇറ്റലിയില്‍ നിന്നും മറ്റൊരാള്‍ ഓസ്‌ട്രേലിയയില്‍ നിന്നുമാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് 130 ഇടങ്ങളില്‍ നടന്ന റെയ്ഡില്‍ മൂവായിരം ഉദ്യോഗസ്ഥര്‍ പങ്കെടുത്തുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കുന്നു. 2021 നവംബര്‍ മുതല്‍ ജര്‍മന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംഘം പദ്ധതിയിടുകയാണെന്നും ഇതിനായി അംഗങ്ങള്‍ പതിവായി യോഗം ചേര്‍ന്നിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in