ഗോതബായ രജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തും; ഒളിവിലല്ലെന്ന് ശ്രീലങ്കന്‍ കാബിനറ്റ് വക്താവ്

ഗോതബായ രജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തും; ഒളിവിലല്ലെന്ന് ശ്രീലങ്കന്‍ കാബിനറ്റ് വക്താവ്

തിരിച്ചെത്തുന്ന മുന്‍ പ്രസിഡന്റിന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യം

ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് സിംഗപ്പൂരിലേക്ക് കടന്ന ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജ്യത്തേക്ക് മടങ്ങും. കാബിനറ്റ് വക്താവ് ബന്ദുല ഗുണവര്‍ധനെ ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ മടക്കം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

''ഗോതബായ രജപക്‌സെ ശ്രീലങ്കയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ഒളിച്ചോടിയതല്ല, ഔദ്യോഗിക നടപടിക്രമങ്ങള്‍ പാലിച്ചുള്ള സന്ദര്‍ശനമാണത്. മടങ്ങിയെത്തുന്ന മുന്‍ പ്രസിഡന്റിന് മോശമായൊന്നും സംഭവിക്കാതിരിക്കാന്‍ അധികാരികള്‍ മുന്‍ കരുതലെടുക്കുമെന്നാണ് കരുതുന്നത്'' - കാബിനറ്റ് വക്താവും മന്ത്രിയുമായ ബന്ദുല ഗുണവര്‍ധനെ പറയുന്നു.

ജൂലൈ 13നാണ് ഗോതബായ രജപക്‌സെ ശ്രീലങ്ക വിട്ടത്

നേരത്തെ ശ്രീലങ്ക പൊതുജന പെരമുനയുടെ (എസ്എല്‍പിപി) ചെയര്‍മാന്‍ ജി എല്‍ പിയരിസ് ഗോതബായ രാജ്യത്തേക്ക് മടങ്ങുമെന്ന് അറിയിച്ചിരുന്നു. തിരികെ എത്തിയാല്‍ എല്ലാ ആനുകൂല്യങ്ങള്‍ക്കും മുന്‍ പ്രസിഡന്റ് അര്‍ഹനാണെന്നും ജി എല്‍ പീരിസ് പറഞ്ഞിരുന്നു. ശ്രീലങ്കയില്‍ മുന്‍ പ്രസിഡന്റുമാര്‍ക്കും അവരുടെ കുടുംബത്തിനും കൊളംബോയിലെ വസതി, വാഹനങ്ങള്‍, സൈനിക സുരക്ഷ, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയ അവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ട്.

സിംഗപ്പൂര്‍ സര്‍ക്കാര്‍ ഗോതബായ രജപക്‌സെയുടെ താമസ കാലാവധി 14 ദിവസം കൂടി ദീര്‍ഘിപ്പിച്ചു

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജൂലൈ 13നാണ് ഗോതബായ രജപക്‌സെ രാജ്യം വിട്ടത്. ജൂലൈ 9 ന് കൊളംബോയില്‍ കനത്ത സുരക്ഷാ സാന്നിധ്യത്തിനിടയിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഓഫീസും പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസും കയ്യടക്കിയിരുന്നു തുടര്‍ന്നാണ് ഗോതബായ രാജ്യം വിട്ടതും ജൂലൈ 14ന് രാജി പ്രഖ്യാപിച്ചതും.

ഗോതബായ തിരിച്ചെത്തിയാല്‍ പ്രക്ഷോഭം വീണ്ടും ശക്തമാക്കുമെന്നാണ് ജനകീയ പ്രതിഷേധക്കാരുടെ നിലപാട്. യുദ്ധക്കുറ്റം ചുമത്തി ഗോതബായ രജപക്‌സയെ അറസ്റ്റ് ചെയ്യണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളടക്കം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തിരിച്ചുവരവ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ സിംഗപ്പൂര്‍ സര്‍ക്കാര്‍ ഗോതബായ രജപക്‌സെയുടെ താമസ കാലാവധി 14 ദിവസം കൂടി ദീര്‍ഘിപ്പിച്ചു. ഓഗസ്റ്റ് 11 വരെ സിംഗപ്പൂരില്‍ തുടരാനാണ് അനുമതി.

logo
The Fourth
www.thefourthnews.in