ഗോതബായ രജപക്‌സെ
ഗോതബായ രജപക്‌സെ

ഗോതബായ രജപക്‌സെ ഓഗസ്റ്റ് 24ന് ശ്രീലങ്കയില്‍ മടങ്ങിയെത്തും

രാജ്യത്തിന് വേണ്ടി തുടര്‍ന്നും സേവനങ്ങള്‍ ചെയ്യാന്‍ ഗോതബായ രജപക്സെയ്ക്ക് കഴിയുമെന്ന് ഉദയംഗ വീരതുംഗ

ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ശ്രീലങ്ക വിട്ട മുന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ രാജ്യത്തേക്ക് തിരിച്ചെത്തുന്നു. ഓഗസ്റ്റ് 24ന് ഗോതബായ തിരിച്ചെത്തുമെന്ന് അദ്ദേഹത്തിന്റെ സഹോദരീപുത്രനായ ഉദയംഗ വീരതുംഗയാണ് അറിയിച്ചത്. ''അദ്ദേഹം എന്നോട് ഫോണില്‍ സംസാരിച്ചു. ഓഗസ്റ്റ് 24ന് ശ്രീലങ്കയില്‍ തിരിച്ചെത്തും. പുറത്താക്കപ്പെട്ട പ്രസിഡന്റ് പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യം ഇനിയുണ്ടാകില്ല'' ഉദയംഗ വീരതുംഗ പറഞ്ഞു. എന്നാല്‍ മുന്‍പത്തേത് പോലെ രാജ്യത്തിനായി തുടര്‍ന്നും സേവനങ്ങള്‍ ചെയ്യാന്‍ ഗോതബായ രജപക്സെയ്ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

തായ്‌ലന്‍ഡ്‌ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ഹോട്ടലിലാണ് ഗോതബായ ഇപ്പോള്‍ കഴിയുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഹോട്ടലിനകത്ത് തന്നെ തുടരാന്‍ അദ്ദേഹത്തിന് പോലീസ് നിര്‍ദേശമുണ്ട്. ഓഗസ്റ്റ് 11ന് സിംഗപ്പൂര്‍ വിസയുടെ കാലാവധി അവസാനിച്ചതോടെയാണ് ഗോതബായ ബാങ്കോക്കിലെത്തിയത്. മാനുഷിക കാരണങ്ങളാലാണ് ഗോതബായ രജപക്സെയ്ക്ക് രാജ്യത്ത് താല്‍ക്കാലികമായി തങ്ങാന്‍ അനുമതി നല്‍കിയതെന്ന് കഴിഞ്ഞദിവസം തായ്‌ലന്‍ഡ്‌ പ്രധാനമന്ത്രി അറിയിച്ചിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലൊന്നും പങ്കാളിയാകില്ലെന്ന ഗോതബായയുടെ ഉറപ്പിന്മേലായിരുന്നു ഇത്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജൂലൈ 13നാണ് ഗോതബായ രജപക്‌സെ രാജ്യം വിട്ടത്. ജൂലൈ 9 ന് കൊളംബോയില്‍ കനത്ത സുരക്ഷാ സാന്നിധ്യത്തിനിടയിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഓഫീസും പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസും കയ്യടക്കിയിരുന്നു . തുടര്‍ന്നാണ് ഗോതബായ രാജ്യം വിട്ടതും ജൂലൈ 14ന് രാജി പ്രഖ്യാപിച്ചതും.

logo
The Fourth
www.thefourthnews.in