ഗ്രീസ് ഇനി ഇടത്തേക്കോ വലത്തേക്കോ? വോട്ടെടുപ്പ് ഞായറാഴ്ച

ഗ്രീസ് ഇനി ഇടത്തേക്കോ വലത്തേക്കോ? വോട്ടെടുപ്പ് ഞായറാഴ്ച

ഗ്രീസിലെ ഇടതുഭരണം അവസാനിപ്പിച്ച് 2019 ലാണ് മധ്യ-വലതുപക്ഷ പാര്‍ട്ടിയായ ന്യൂ ഡെമോക്രസി അധികാരത്തിലെത്തിയത്

ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സാക്ഷിയാകുകയാണ് ഗ്രീസ്. ഭരണ കക്ഷിയായ ന്യൂ ഡെമോക്രസി പാര്‍ട്ടിയും മുഖ്യപ്രതിപക്ഷമായ സിരിസയും അധികാരത്തിനായി പോരാടുമ്പോള്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്. യൂറോപ്പിൽ കൂടുതൽ രാജ്യങ്ങൾ വലതുപക്ഷത്തേക്ക് ചായുമ്പോൾ, ഗ്രീക്ക് ജനതയുടെ വിധിയെന്താകുമെന്നത് ലോകമാകെ ഉറ്റുനോക്കുകയാണ്. തൂക്കു പാര്‍ലമെന്‌റ് വരികയും സഖ്യസർക്കാർ സാധ്യത ഇല്ലാതാകുകയും ചെയ്താൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ജൂലൈയില്‍ നടക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന്
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന്

അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്‌സോടാകിസിന്‌റെ നേതൃത്വത്തില്‍ ന്യൂ ഡെമോക്രസി പാര്‍ട്ടി തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ഗ്രീസിലെ ഇടതുഭരണം അവസാനിപ്പിച്ച് 2019 ലാണ് മധ്യവലതുപക്ഷ പാര്‍ട്ടിയായ ന്യൂ ഡെമോക്രസി അധികാരത്തിലെത്തിയത്. 39.8 ശതമാനം വോട്ടും 158 സീറ്റുമായായിരുന്നു സര്‍ക്കാര്‍ രൂപീകരണം.

കിരിയാകോസ് മിറ്റ്‌സോടാകിസ്
കിരിയാകോസ് മിറ്റ്‌സോടാകിസ്

തിരഞ്ഞെടുപ്പ് എങ്ങനെ?

തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന വോട്ട് ശതമാനത്തിന്‌റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്‌റിലെ സീറ്റ് വിഭജിച്ച് നല്‍കുന്ന പ്രാതിനിധ്യ പാര്‍ലമെന്‌ററി സംവിധാനമാണ് ഗ്രീസില്‍. കുറഞ്ഞത് മൂന്ന് ശതമാനം വോട്ട് നേടുന്ന പാര്‍ട്ടിക്ക് മാത്രമേ പാര്‍ലമെന്‌റില്‍ പ്രതിനിധിക്ക് അര്‍ഹതയുള്ളൂ. മൂന്ന് ശതമാനമെങ്കിലും വോട്ട് ലഭിക്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ 285 സീറ്റ് പങ്കിടും. ഓരോ പാര്‍ട്ടിയും തിരഞ്ഞെടുക്കുന്ന സംസ്ഥാന ഡെപ്യൂട്ടിമാര്‍ക്കിടയില്‍ 12 സീറ്റുകള്‍ പങ്കിടും. ശേഷിക്കുന്ന മൂന്ന് സീറ്റില്‍ വിധി നിര്‍ണയിക്കുക രാജ്യത്തിന് പുറത്ത് നിന്ന് വോട്ടുചെയ്ത ഗ്രീക്ക് പൗരന്മാരാണ്.

ഗ്രീസ് പാർലമെന്റ്
ഗ്രീസ് പാർലമെന്റ്

300 അംഗ പാര്‍ലമെന്‌റില്‍ 151 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്ക് സര്‍ക്കാരുണ്ടാക്കാം. എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് പോളുകള്‍ പ്രവചിക്കുന്നു. ന്യൂ ഡെമോക്രസി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും 150 മാര്‍ക്ക് പിന്നിടാനാകില്ലെന്നാണ് സൂചന. മെയ് 21 നാണ് തിരഞ്ഞെടുപ്പ്. മൂന്ന് ശതമാനം വോട്ടു കിട്ടാത്ത പാര്‍ട്ടികളെ ഒഴിവാക്കി നടക്കുന്ന രണ്ടാം ഘട്ടത്തില്‍, കൂടുതല്‍ വോട്ട് ലഭിച്ച പാര്‍ട്ടിക്ക് ബോണസ് സീറ്റ് അനുവദിക്കുന്ന തരത്തിലാണ് രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായം.

അലക്സീ സിപ്രാസ്
അലക്സീ സിപ്രാസ്

തിരഞ്ഞെടുപ്പ് വിഷയങ്ങള്‍

സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഗ്രീസിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. തൊഴിലില്ലായ്മയില്‍ പൊറുതിമുട്ടുന്ന നാട്ടില്‍ യുവ വോട്ടര്‍മാരുടെ നിലപാട് നിര്‍ണായകമാകും. തൊഴിലില്ലായ്മാ നിരക്ക് 11.4 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി കുറയ്ക്കുമെന്ന് ന്യൂ ഡെമോക്രസി പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. 98 ലക്ഷം വോട്ടര്‍മാരില്‍ 4,40,000പേര്‍ 17 നും 21 നും ഇടയില്‍ പ്രായമുള്ളവരാണ്.

കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തെ നയിച്ചത് മിറ്റ്‌സോടാകിസിന് ജനപിന്തുണ ഏറ്റിയിരുന്നു. അഭയാര്‍ഥി വിഷയവും അതുമായി ബന്ധപ്പെട്ട് തുര്‍ക്കിയുമായുണ്ടായ തര്‍ക്കവും മറ്റൊരു പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ്. ഫോണ്‍ ടാപ്പ് വിവാദവും ഫെബ്രുവരിയില്‍ 57 പേരുടെ മരണത്തിന് ഇടയാക്കിയ റെയില്‍വേ ദുരന്തവും പക്ഷേ സര്‍ക്കാരിന് തിരിച്ചടിയായി. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തോടെ കടുത്ത ഊര്‍ജ പ്രതിസന്ധിയാണ് ഗ്രീസ് ഇപ്പോള്‍ നേരിടുന്നത്.

ഗ്രീസ് ട്രെയിൻ ദുരന്തം
ഗ്രീസ് ട്രെയിൻ ദുരന്തം

മുന്‍ പ്രധാനമന്ത്രി അലക്‌സീ സിപ്രാസിന്‌റെ നേതൃത്വത്തിലുള്ള സിരിസ പാര്‍ട്ടി, ഫോണ്‍ ടാപ്പ് അഴിമതിയാണ് സര്‍ക്കാരിനെതിരെ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. പാന്‍ഹെലനിക് സോഷ്യലിസ്റ്റ് മൂവ്‌മെന്‌റ് (പാസോക്)-ന്‌റെ നേതാവായ നികോസ് ആന്‌ഡ്രോളാകിസ്, യൂറോപ്യന്‍ പാര്‍ലമെന്‌റ് അംഗങ്ങളായ രണ്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണ്‍ അനധികൃതമായി റെക്കോര്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് തന്‌റെ അനന്തരവനെ ഉന്നത സര്‍ക്കാര്‍ പദവിയില്‍ നിന്ന് പുറത്താക്കാന്‍ മിട്‌സോടകിസ് നിര്‍ബന്ധിതനായിരുന്നു. അഭയാര്‍ഥി വിഷയത്തില്‍ മനുഷ്യത്വരഹിതമായ നിലപാടാണ് സര്‍ക്കാരിനെന്നും സിരിസ കുറ്റപ്പെടുത്തുന്നു.

ന്യൂ ഡെമോക്രസി പാര്‍ട്ടിയും സിരിസയും കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും പ്രധാന രാഷട്രീയ കക്ഷി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായ പസോകാണ്. 2009 വരെ രാജ്യത്തെ പ്രധാന പാര്‍ട്ടിയായിരുന്ന പസോക്, ബജറ്റ് സന്തുലിതമാക്കാന്‍ സര്‍ക്കാര്‍ ചെലവ് കുറയ്ക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചതോടെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പിന്തള്ളപ്പെട്ടത്. 2009ല്‍ 44 ശതമാനം വോട്ട് നേടിയ പാര്‍ട്ടിക്ക് ഇപ്പോള്‍ വോട്ട് ശതമാനം ഒറ്റ അക്കത്തിലൊതുങ്ങി.

സര്‍വെ ഫലം

ന്യൂ ഡെമോക്രസി പാര്‍ട്ടിക്ക് 32 ശതമാനവും സിരിസയ്ക്ക് 27 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പോളുകള്‍ പ്രവചിക്കുന്നത്. പസോകിന് ഒന്‍പത് ശതമാനം വോട്ട് ലഭിക്കുമെന്നും ഗ്രീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആറ് ശതമാനം വോട്ട് ലഭിക്കുമെന്നും അഭിപ്രായ സര്‍വെ വ്യക്തമാക്കുന്നു. ചില ചെറിയ പാര്‍ട്ടികളും മൂന്ന് ശതമാനം വോട്ടെന്ന കടമ്പ മറികടക്കുമെങ്കിലും 151 എന്ന മാജിക് നമ്പര്‍ തൊടാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് പ്രവചനം.

logo
The Fourth
www.thefourthnews.in