വനിതാ ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ആതിഥേയ രാജ്യമായ ന്യൂസിലൻഡിൽ വെടിവയ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

വനിതാ ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ആതിഥേയ രാജ്യമായ ന്യൂസിലൻഡിൽ വെടിവയ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

ന്യൂസിലൻഡിലെ പ്രധാന വ്യാവസായിക കേന്ദ്രമായ ഓക്‌ലൻഡിലാണ് വെടിവയ്പ്പുണ്ടായത്

ഒൻപതാമത് ഫിഫ വനിതാ ലോകകപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ന്യൂസിലൻഡിലെ ഓക്‌ലന്‍ഡിലുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരുക്കേറ്റു. ഓക്‌ലൻഡ് നഗരത്തിൽ പുലർച്ചെ ഒരു മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. എന്നാൽ ടൂർണമെന്റിന് മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്‌കിൻസ് അറിയിച്ചു.

ന്യൂസിലൻഡിലെ പ്രധാന വ്യാവസായിക കേന്ദ്രമായ ഓക്‌ലൻഡിലെ പണിനടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലായിരുന്നു സംഭവം. കെട്ടിടത്തിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ട് പോലീസ് എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. വെടിയുതിർത്തുകൊണ്ട് കെട്ടിടത്തിനുള്ളിലെ ലിഫ്റ്റിലേക്ക് കയറുകയായിരുന്നു. പ്രതിയെ കീഴടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മരിച്ചനിലയിൽ കണ്ടെത്തി.

വനിതാ ലോകകപ്പിനെത്തിയിട്ടുള്ള ഫിഫ ഉദ്യോഗസ്ഥരും ഫുട്ബോൾ ടീമംഗങ്ങളും സുരക്ഷിതരാണെന്ന് ഓക്‌ലൻഡ് മേയർ

വെടിവയ്‌പ്പുണ്ടായതിന് പിന്നാലെ പോലീസിന്റെയും സായുധ സേനയുടെയും വലിയ സന്നാഹമാണ് നഗരത്തിൽ സുരക്ഷയ്ക്കായി തമ്പടിച്ചിരിക്കുന്നത്. വെടിവയ്പ്പ് നടന്നതിന്റെ സമീപത്തായിരുന്നു അമേരിക്കയുടെ ദേശീയ വനിതാ സോക്കർ ലീഗ് മേധാവി ടറ്റ്യാന ഹെന്നിക്ക് താമസിച്ചിരുന്നത്. ''പോലീസ് കാറുകളുടെ ശബ്ദം കേട്ടാണ് ഉണർന്നത്. ഉടൻ തന്നെ പോലീസുകാരെത്തി മുറിവിട്ടിറങ്ങരുതെന്ന് നിർദേശിച്ചു. ഇപ്പോൾ സുരക്ഷിതയാണ്'' - ടറ്റ്യാന പറഞ്ഞു.

വെടിവയ്പ്പിനെ തീവ്രവാദ പ്രവർത്തനമായി കാണേണ്ടതില്ലെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്‌കിൻസ് പറഞ്ഞു. തുടർ ഭീഷണികളോ അപകടസാധ്യതയോ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് കാരണമായതെന്താണെന്ന് മനസിലായിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വനിതാ ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ആതിഥേയ രാജ്യമായ ന്യൂസിലൻഡിൽ വെടിവയ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു
വനിതാ ലോകകപ്പില്‍ ആംബാന്‍ഡുകള്‍ ഉപയോഗിക്കാം; അനുമതി നല്‍കി ഫിഫ

വനിതാ ലോകകപ്പിനെത്തിയിട്ടുള്ള ഫിഫ ഉദ്യോഗസ്ഥരും ഫുട്ബോൾ ടീമംഗങ്ങളും സുരക്ഷിതരാണെന്ന് ഓക്‌ലൻഡ് മേയർ അറിയിച്ചു. ഈഡൻ പാർക്കിൽ വച്ചുനടക്കുന്ന ആദ്യ മാച്ചിൽ ന്യൂസിലൻഡും നോർവെയുമാണ് ഏറ്റുമുട്ടുന്നത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കളി നടക്കുന്ന സ്റ്റേഡിയങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സേനയെ വിന്യസിച്ചു. ന്യൂസിലൻഡും ഓസ്‌ട്രേലിയയും ചേർന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

logo
The Fourth
www.thefourthnews.in