ചരിത്രസ്മാരകങ്ങളടക്കം തകർന്നു; കൃഷി സ്ഥലങ്ങള്‍ ഇല്ലാതായി, പകുതിയിലധികം കെട്ടിടങ്ങളും നശിക്കപ്പെട്ട് ഗാസ

ചരിത്രസ്മാരകങ്ങളടക്കം തകർന്നു; കൃഷി സ്ഥലങ്ങള്‍ ഇല്ലാതായി, പകുതിയിലധികം കെട്ടിടങ്ങളും നശിക്കപ്പെട്ട് ഗാസ

ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ തകര്‍ന്നത് തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലാണ്.

ഗാസയിലെ ഇസ്രയേല്‍ ആക്രമണം മനുഷ്യത്വരഹിതമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ 26,751 പേര്‍ കൊല്ലപ്പെടുകയും 65,636 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഗാസയിലെ 17 ലക്ഷം വരുന്ന (80 ശതമാനം) ആളുകളാണ് കുടിയിറക്കപ്പെട്ടത്. ഗാസ പൂര്‍ണമായും തുടച്ചുനീക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ഗാസയിലെ കെട്ടിടങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഗാസയിലെ പകുതിയിലധികം കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ക്കപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ബിബിസി വിശകലനം ചെയ്തിട്ടുണ്ട്. ഗാസയിലുട നീളം ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. തിരക്കേറിയ തെരുവുകള്‍ വെറും അവശിഷ്ടങ്ങളായും സര്‍വകലാശാലകളും കൃഷിയിടങ്ങളും ഇല്ലാതാവുകയും ചെയ്തു.

ബിബിസി

ബിബിസിക്ക് ലഭ്യമായ സാറ്റ്‌ലൈറ്റ് ഡേറ്റാ പ്രകാരം ഗാസ മുനമ്പിലുടനീളം 1,44,000ത്തിനും 1,75,000ത്തിനുമിടയില്‍ കെട്ടിടങ്ങള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇത് ഗാസയിലെ കെട്ടിടങ്ങളുടെ 50 ശതമാനത്തിനും 61 ശതമാനത്തിനും ഇടയില്‍ വരുന്നതാണ്. ന്യൂയോര്‍ക്കിലെ സിറ്റി സര്‍വകലാശാലയിലെ കോറി ഷെറും ഓര്‍ഗന്‍ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ജേമണ്‍ വാന്‍ ഡെന്‍ ഹോക്കും ചേര്‍ന്ന് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് വിശകലനം നടത്തിയത്.

അടുത്തയിടയായി ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ തകര്‍ന്നത് തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലാണ്. 38000(46 ശതമാനം)ത്തിലധികം കെട്ടിടങ്ങളാണ് അവിടെ തകര്‍ന്നത്. പ്രദേശത്തെ ഏറ്റവും വലിയ കെട്ടിടമായ 16 നിലകളുള്ള അല്‍ ഫറ ടവറും ഇക്കൂട്ടത്തിലുണ്ട്. വടക്കന്‍ ഗാസയിലെ ഇസ്ര സര്‍വകലാശാല ബോംബാക്രമണത്തില്‍ തകരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബോംബാക്രമണത്തിന്റെ അനുമതിയെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നാണ് ഇസ്രയേലിന്റെ ബാലിശമായ മറുപടി.

ഖാൻ യൂനുസിലെ തകർന്ന കെട്ടിടത്തിൻ്റെ സംഘർഷത്തിൻ്റെ മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍
ഖാൻ യൂനുസിലെ തകർന്ന കെട്ടിടത്തിൻ്റെ സംഘർഷത്തിൻ്റെ മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ബിബിസി

ഏഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച അല്‍ ഒമാരി മസ്ജിദടക്കം നിരവധി ചരിത്രപരമായ സ്ഥലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഗാസയില്‍ മുമ്പ് വ്യാപകമായി കൃഷിചെയ്തുകൊണ്ടിരുന്ന കൃഷിഭൂമികളും നശിക്കപ്പെട്ടിട്ടുണ്ടെന്ന് വിശകലനത്തില്‍ വ്യക്തമാകുന്നു. ഇസ്രയേലിന്റെ ആക്രമണത്തിന് മുമ്പും ഗാസ ഇറക്കുമതിയെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നതെങ്കിലും കൃഷി സ്ഥലത്ത് നിന്നും ഒരുപാട് ഭക്ഷ്യോത്പന്നങ്ങള്‍ ഗാസന്‍ ജനത നിര്‍മിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഗാസയിലുള്ള പകുതിയിലധികം പേരും പട്ടിണി നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഗാസയില്‍ ഏറ്റവും കൂടുതല്‍ കൃഷി സ്ഥലങ്ങളുണ്ടായ വടക്കന്‍, തെക്കന്‍ ഗാസകളിലെ വലിയൊരു ഭാഗം കൃഷി സ്ഥലങ്ങള്‍ക്കും നാശം സംഭവിച്ചു. 'ഇവിടേക്ക് തിരിച്ചെത്തുന്നവര്‍ കരിഞ്ഞുണങ്ങിയ ഭൂമിയെയാണ് കാണാന്‍ പോകുന്നത്. ഇവിടെ വീടുകളില്ല, കൃഷിസ്ഥമില്ല, ഒന്നുമില്ല. മടങ്ങിയെത്തുന്നവര്‍ക്ക് ഭാവിയുമില്ല'', എന്നാണ് നവംബര്‍ നാലിന് പുറത്ത് വിട്ട വീഡിയോയിലൂടെ സിവില്‍ അഡ്മിനിസ്‌ട്രേഷന്റെ ഡെപ്യൂട്ടി ഹെഡായ കേണല്‍ യോഗവ് ബാര്‍ ഷെഷ്ട് പ്രതികരിച്ചത്. എന്നാല്‍ ഇത് യുദ്ധം തുടങ്ങി ഒരു മാസത്തിനുള്ളിലുള്ള പ്രതികരണമാണെങ്കില്‍ ഇതിലും ഭീകരമാണ് ഇപ്പോഴുള്ള സാഹചര്യം.

ബിബിസി

ഹമാസിന്റെ ടണല്‍ പ്രവേശനവും റോക്കറ്റ് ലോഞ്ചിങ് കേന്ദ്രവും നിലനില്‍ക്കുന്നത് നിരവധി കൃഷിഭൂമിയിലാണെന്നും അതുകൊണ്ട് തന്നെ കൃഷിഭൂമി നശിപ്പിക്കേണ്ടി വരുമെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതികരണം. ഗാസയിലെ കൃഷിഭൂമികളുടെ നാശം നീണ്ടുനില്‍ക്കുമെന്ന് വിദഗ്ദരും അഭിപ്രായപ്പെടുന്നു. സിറിയയിലെയും യുക്രെയ്‌നിലെയും യുദ്ധങ്ങള്‍ക്കിടയില്‍ കൃഷിഭൂമികള്‍ വീണ്ടെടുക്കുന്നത് എത്രമാത്രം ദുഷ്‌കരമാണെന്ന് തെളിയിച്ചതുമാണ്.

തെക്കന്‍ ഗാസയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരെ താമസിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയ ടെന്റുകളും താല്‍ക്കാലിക വീടുകളുമാണ് ഇപ്പോള്‍ ഗാസയില്‍ നിന്നുമുള്ള ആകാശ ദൃശ്യങ്ങളിലൂടെ കാണാന്‍ സാധിക്കുന്നത്. കെട്ടിടങ്ങള്‍ക്ക് പകരം പൊടിപടലങ്ങളും ടെന്റുകളും മാത്രം കാണാന്‍ സാധിക്കുന്ന സ്ഥലമായി ഗാസ മാറുകയാണ്. യുദ്ധാനന്തരം ഗാസയുടെ അവസ്ഥയെന്താകുമെന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഈ കെട്ടിടങ്ങള്‍ പുനസ്ഥാപിച്ച് അടിസ്ഥാന സൗകര്യങ്ങളോടു കൂടിയുള്ള ജീവിതം ഗാസന്‍ ജനതയ്ക്ക് എത്രത്തോളം പ്രാപ്യമാണെന്നും അറിയേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in