ഇസ്രയേല്‍ വഴങ്ങിയാല്‍ കരാറിന് തയാറെന്ന് ഹമാസ്; മധ്യേഷ്യയില്‍ സമാധാനത്തിന് കളമൊരുങ്ങുന്നു?

ഇസ്രയേല്‍ വഴങ്ങിയാല്‍ കരാറിന് തയാറെന്ന് ഹമാസ്; മധ്യേഷ്യയില്‍ സമാധാനത്തിന് കളമൊരുങ്ങുന്നു?

കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറല്ലെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയാറായാല്‍ മാത്രമേ ഇതു മുന്നോട്ടു പോകൂവെന്നും ഹമാസ് അറിയിച്ചു

യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയാറായാല്‍ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയാറാണെന്നു കാട്ടി ഹമാസ് രംഗത്ത്. ഇക്കാര്യം സമാധാന ചര്‍ച്ചകള്‍ക്കും മധ്യസ്ഥതയ്ക്കും മുന്‍കൈയെടുക്കുന്ന ലോകരാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഹമാസ് വ്യക്തമാക്കിയതായി പ്രമുഖ വാര്‍ത്താ ചാനലായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാര്യത്തില്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറല്ലെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയാറായാല്‍ മാത്രമേ ഇതു മുന്നോട്ടു പോകൂവെന്നും ഹമാസ് പ്രസ്താവനയില്‍ അറിയിച്ചതായി അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈജിപ്റ്റും ഖത്തറും നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെയാണ് ഹമാസ് നയം വ്യക്തമാക്കിയത്.

യുദ്ധം നിര്‍ത്തി ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറിയാല്‍ ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറുന്നതടക്കമുള്ള മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തയാറാണെന്നാണ് ഹമാസ് അറിയിച്ചത്.

ഏഴു മാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തി വരിയാണ്. ഈ സാഹചര്യത്തിലാണ് ഹമാസ് നയം വ്യക്തമാക്കിയത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്ന് കഴിഞ്ഞാഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അവഗണിച്ച് ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് ഹമാസിന്റെ വെളിപ്പെടുത്തല്‍.

അതേസമയം ഗാസയിലെ റഫാ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് കഴിഞ്ഞ ദിവസം ഇസ്രയേലി സൈന്യവും ടാങ്കുകളും കടന്നുകയറിക്കഴിഞ്ഞു. റാഫയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 35 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നൂറുകണക്കിന് വീടുകളാണ് ഇസ്രയേലി ടാങ്കുകള്‍ ഇടിച്ചുനിരത്തിയത്.

logo
The Fourth
www.thefourthnews.in