വിമാനം തകര്‍ന്ന് നാല് കുട്ടികള്‍ 18 ദിവസമായി ആമസോണ്‍ വനത്തില്‍; ശുഭവാര്‍ത്തയ്ക്ക് കാതോര്‍ത്ത് ലോകം

വിമാനം തകര്‍ന്ന് നാല് കുട്ടികള്‍ 18 ദിവസമായി ആമസോണ്‍ വനത്തില്‍; ശുഭവാര്‍ത്തയ്ക്ക് കാതോര്‍ത്ത് ലോകം

13 വയസ്സ് മുതൽ 11 മാസം വരെ പ്രായമുള്ള നാല് കുട്ടികളാണ് ആമസോൺ മഴക്കാടിലൂടെ അലഞ്ഞുതിരിയുന്നത്

കൊളംബിയയിലെ ആമസോൺ മഴക്കാടുകളിൽ 18 ദിവസം മുൻപ് തകർന്നുവീണ വിമാനത്തിൽനിന്ന് രക്ഷപ്പെട്ട നാല് കുട്ടികൾ ജീവനോടെയുണ്ടെന്നതിന് തെളിവുകൾ. ഇലകളും ചെറു കമ്പുകളും ഉപയോഗിച്ച് കുട്ടികൾ നിർച്ച താൽക്കാലിക അഭയകേന്ദ്രവും അവർ ഉപയോഗിച്ചതെന്ന് കരുതുന്ന ചില വസ്തുക്കളും രക്ഷാപ്രവർത്തകർ വനത്തിൽ കണ്ടെത്തി.

13വയസ് മുതൽ 11മാസം വരെ പ്രായമുള്ള നാല് കുട്ടികളാണ് ആമസോൺ മഴക്കാടിലൂടെ അലഞ്ഞുതിരിയുന്നത്. സഹോദരങ്ങൾ വനത്തിൽ അലയുന്നതായി ഗിരിവർഗക്കാരാണ് രക്ഷാപ്രവർത്തകരെ അറിയിച്ചത്. എന്നാൽ ഇവർ എവിടെയാണെന്നുള്ളത് കണ്ടെത്താനായിട്ടില്ല.

മുടി കെട്ടുന്ന റിബണുകൾ, കത്രിക, ചെറിയ കുപ്പികൾ, കുട്ടികൾ കഴിച്ച് ഉപേക്ഷിച്ച പഴങ്ങൾ തുടങ്ങിയ വസ്തുക്കളാണ് തിരച്ചിൽ സംഘം കാടിനുള്ളിൽ നിന്ന് കണ്ടെടുത്തത്.

കുട്ടികൾ ജീവനോടെയുണ്ടെന്നതിന് തെളിവ് ലഭിച്ചതായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രൊ ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇത് 24 മണിക്കൂറിനുശേഷം ഡിലീറ്റ് ചെയ്ത അദ്ദേഹം വിവരം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മറ്റൊരു ട്വീറ്റിൽ കുറിച്ചു.

മെയ് 1നാണ് കുട്ടികളും അമ്മ മഗ്ദലീന മക്കറ്റൈയും സഞ്ചരിച്ചിരുന്ന സെസ്ന 206 വിഭാഗത്തിൽപെടുന്ന ചെറുവിമാനം കൊളംബിയയിലെ ഗുവാവിയറെ പ്രവിശ്യയിലെ ആമസോൺ കാടുകളിൽ തകർന്നുവീണത്. മഗ്ദലീനയും രണ്ടു പൈലറ്റുമാരും അപകടത്തിൽ മരിച്ചു.

പതിമൂന്നുവയസുള്ള ലെസ്‌ലി ജാക്കബോംബയെർ മക്കറ്റൈ, ഒൻപത് വയസുള്ള സോളിനി ജാക്കബോംബയെർ മക്കറ്റൈ, നാല് വയസുള്ള ടിയൻ നോറിയൽ റോണോഖ് മക്കറ്റൈ, പതിനൊന്ന് മാസം പ്രായമുള്ള നെരിമാൻ റോണോഖ് മക്കറ്റൈ എന്നിവരാണ് രക്ഷപ്പെട്ടത്. ഹുയിറ്റൊട്ടോ ഗോത്രക്കാരായ കുട്ടികൾക്കു കാട് പരിചിതമായതിനാൽ അതിജീവിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.

17 ദിവസത്തിനുശേഷം കുട്ടികളെ കഠിനമായ തിരച്ചിലിനൊടുവിൽ കണ്ടെത്തിയതായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രൊയുടെ ആദ്യ ട്വീറ്റ്. കുട്ടികളെ കണ്ടെത്താൻ സാധിച്ചതിൽ രാജ്യം സന്തോഷിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് ഡിലീറ്റ് ചെയ്ത് രണ്ടാമതായി പങ്കുവച്ച ട്വീറ്റിൽ കുട്ടികളെ കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറിക്കുയായിരുന്നു.

"ഐസിബിഎഫ് (കൊളംബിയയുടെ ശിശുക്ഷേമ ഏജൻസി) നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കാൻ കഴിയാത്തതിനാലാണ് ട്വീറ്റ് പിൻവലിക്കാൻ ഞാൻ തീരുമാനിച്ചത്. സംഭവിച്ചതിൽ ഞാൻ ഖേദിക്കുന്നു. സായുസൈന്യവും തദ്ദേശീയരും രാജ്യത്തിന് പ്രതീക്ഷിക്കുന്ന വാർത്ത നൽകുന്നതിനായി അവരുടെ അശ്രാന്തമായ തിരച്ചിൽ തുടരും," ഗുസ്താവോ പെട്രൊ രണ്ടാമത്തെ ട്വീറ്റിൽ പറഞ്ഞു.

മുടികെട്ടുന്ന റിബണുകൾ, കുട്ടികളുടെ കത്രിക, ചെറിയ കുപ്പികൾ, കുട്ടികൾ കഴിച്ച പഴങ്ങളുടെ ബാക്കി തുടങ്ങിയവയാണ് രക്ഷാപ്രവർത്തകർ കാടിനുള്ളിൽ കണ്ടെത്തിയത്.

മഴക്കാടുകളിൽ കുട്ടികളെ കണ്ടതായി തദ്ദേശീയർ വിവരം നൽകിയതായി കൊളംബിയയിലെ ശിശുക്ഷേമ ഏജൻസി വക്താവ് പറഞ്ഞു. എന്നാൽ കുട്ടികളുള്ള സ്ഥലം എവിടെയാണ് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. കാലാവസ്ഥയും വന്യമൃഗങ്ങളുടെ സാന്നിധ്യവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.

നൂറ് സൈനികരെയും പരിശീലനം ലഭിച്ച നായ്ക്കളെയും തിരച്ചിലിനായി വനമേഖലയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യോമസേന ഹെലികോപ്റ്ററിലും തിരച്ചിൽ നടത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in