പാകിസ്താൻ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ്;  നാമനിർദേശ പത്രിക സമർപ്പിച്ച് ആദ്യ പാക് ഹിന്ദു വനിത

പാകിസ്താൻ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിച്ച് ആദ്യ പാക് ഹിന്ദു വനിത

ബുനർ ജില്ലയിൽ നിന്നുള്ള സവീരാ പർകാശ് ആണ് ഫെബ്രുവരി 8ന് നടക്കാൻ പോകുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്

പാകിസ്താൻ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ പാക് ഹിന്ദു വനിതയും. ബുനർ ജില്ലയിൽ നിന്നുള്ള സവീര പർകാശ് ആണ് ഫെബ്രുവരി 8ന് നടക്കാൻ പോകുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നതെന്ന് പ്രമുഖ പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

ബുണർ ജില്ലയിലെ പികെ 25ന്റെ ജനറൽ സീറ്റിലേക്കാണ് സവീരാ പർകാശ് നാമനിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ 35 വർഷമായി പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) അംഗമായ പിതാവ് ഓം പർകാശിന്റെ പാത പിന്തുടർന്നാണ് സവീര രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. പിതാവിന്റെ പിന്തുണയും സാന്നിധ്യവുമുള്ള പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ കീഴിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകാനുമെന്ന പ്രതീക്ഷയിലാണ് സവീര.

പാകിസ്താൻ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ്;  നാമനിർദേശ പത്രിക സമർപ്പിച്ച് ആദ്യ പാക് ഹിന്ദു വനിത
പതിനെട്ടടവും പയറ്റി ഇമ്രാൻ ഖാൻ; ജയിലിനുള്ളില്‍നിന്ന്‌ എ ഐ ഉപയോഗിച്ചു തിരഞ്ഞെടുപ്പ് പ്രചാരണം

"പാകിസ്താനിലെ ബുനർ ജില്ലയിൽ നിന്നു വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ആദ്യ വനിതയാണ് സവീര പർകാശ്", ക്വാമി വതൻ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രാദേശിക രാഷ്ട്രീയക്കാരനായ സലീം ഖാനെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു.

കാലങ്ങളായി പാകിസ്താനിൽ നിലനിൽക്കുന്ന സ്ത്രീകളോടുള്ള അവഗണനയും വികസന മേഖലകളിലും മറ്റിടങ്ങളിലുമെല്ലാം അവർ അനുഭവിക്കേണ്ടി വരുന്ന അടിച്ചമർത്തലുകളെ ചൂണ്ടിക്കാട്ടുകയും തിരഞ്ഞെടുക്കപ്പെട്ടാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ഡോണിന് നൽകിയ അഭിമുഖത്തിൽ സവീര വ്യക്തമാക്കി.

നിലവിൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് സവീര പർകാശ്. 2022ൽ അബോട്ടാബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ഇവർ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനും രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷം ഉറപ്പാക്കാനും അവരുടെ അവകാശങ്ങൾക്കായി പോരാടാനുമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്.

പാകിസ്താൻ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ്;  നാമനിർദേശ പത്രിക സമർപ്പിച്ച് ആദ്യ പാക് ഹിന്ദു വനിത
ഇനിയുമടങ്ങാത്ത യുദ്ധങ്ങളും ആഭ്യന്തര കലാപവും; കലുഷിതമായ 2023ലെ ആഗോള രാഷ്ട്രീയം

പിപിപിയുടെ മുതിർന്ന നേതൃത്വം തന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സവീര പറഞ്ഞു.

2018 ജൂലൈ 25നു നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ സുനിത പമാര്‍ എന്ന ഹിന്ദു വനിത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ചരിത്രത്തിലിടം നേടിയിരുന്നു. പാകിസ്താനില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയായിരുന്നു സുനിത. പാകിസ്താനിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ തര്‍പാര്‍ക്കര്‍ ജില്ലയിലെ സിന്ധ് മണ്ഡലത്തില്‍ നിന്നായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുനിത അന്ന് മത്സരിച്ചത്.

logo
The Fourth
www.thefourthnews.in