ചുമ മരുന്ന് കഴിച്ച കുട്ടികളുടെ മരണം; അന്വേഷണം ഊര്‍ജിതമാക്കി ലോകാരോഗ്യ സംഘടന, ആരോപണനിഴലില്‍ ഇന്ത്യന്‍ കമ്പനികള്‍

ചുമ മരുന്ന് കഴിച്ച കുട്ടികളുടെ മരണം; അന്വേഷണം ഊര്‍ജിതമാക്കി ലോകാരോഗ്യ സംഘടന, ആരോപണനിഴലില്‍ ഇന്ത്യന്‍ കമ്പനികള്‍

ഇത്തരം ചുമ മരുന്നുകള്‍ സൃഷ്ടിക്കുന്ന സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, അവയുടെ ഉപയോഗത്തെക്കുറിച്ച് ആഗോളതലത്തില്‍ ഉപദേശം നല്‍കുന്ന കാര്യവും ലോകാരോഗ്യ സംഘടന പരിഗണിക്കുന്നുണ്ട്

ഇന്ത്യയിലും ഇന്‍ഡോനേഷ്യയിലും ഉത്പാദിപ്പിക്കുന്ന ചുമ മരുന്ന് (കഫ് സിറപ്പ്) കഴിച്ച് മൂന്ന് രാജ്യങ്ങളിലായി മുന്നൂറോളം കുട്ടികള്‍ മരിച്ചതില്‍ അന്വേഷണം ഊര്‍ജിതമാക്കി ലോകാരോഗ്യ സംഘടന. കുട്ടികളുടെ മരണത്തിന് പിന്നാലെ, മരുന്നില്‍ വിഷാംശം 'അനുവദനീയമായ തോതിനേക്കാള്‍ അധിക'മാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മരുന്ന് നിര്‍മിക്കാന്‍ ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളെ കുറിച്ച് ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ തേടുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെയും ഇന്‍ഡോനേഷ്യയിലെയും ആറ് മരുന്ന് വിതരണ കമ്പനികളാണ് ആരോപണനിഴലിലുള്ളത്.

ഇത്തരം ചുമ മരുന്നുകള്‍ സൃഷ്ടിക്കുന്ന സുരക്ഷാ ആശങ്കകള്‍ പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യത്തില്‍, അവയുടെ ഉപയോഗത്തെക്കുറിച്ച് ആഗോളതലത്തില്‍ കുടുംബങ്ങള്‍ക്ക് ഉപദേശം നല്‍കുന്ന കാര്യവും ലോകാരോഗ്യ സംഘടന പരിഗണിക്കുന്നുണ്ട്. ഇത്തരം ചുമ മരുന്നുകള്‍ കുട്ടികള്‍ക്ക് വൈദ്യശാസ്ത്രപരമായി അനിവാര്യമാണോ അല്ലെങ്കില്‍ എപ്പോള്‍ അനിവാര്യമാണ് എന്നിങ്ങനെ കാര്യങ്ങളും വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്.

പനി വരുമ്പോള്‍ സാധാരണ ഉപയോഗിക്കാറുള്ള സിറപ്പുകളുമായി ബന്ധപ്പെട്ടാണ് മരണം സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അതില്‍ വിഷാംശമായി അറിയപ്പെടുന്ന ഡൈഥിലീന്‍ ഗ്ലൈക്കോള്‍ അല്ലെങ്കില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരുന്നുവെന്നാണ് വിലയിരുത്തല്‍.

2022 ജൂലൈയില്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലാണ് ചുമ മരുന്ന് കഴിച്ച കുട്ടികളുടെ മരണം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. വൃക്ക തകരാറിലായതിനെ തുടര്‍ന്നായിരുന്നു മരണം. മരിച്ചവരില്‍ ഏറെയും അഞ്ച് വയസിന് താഴെയുള്ളവരായിരുന്നു. ഗാംബിയയ്ക്ക് പിന്നാലെ ഇന്‍ഡോനേഷ്യയിലും ഉസ്‌ബെക്കിസ്താനിലും സമാന രീതിയില്‍ കുട്ടികള്‍ മരിച്ചു. പനി വരുമ്പോള്‍ സാധാരണ ഉപയോഗിക്കാറുള്ള സിറപ്പുകളുമായി ബന്ധപ്പെട്ടാണ് മരണം സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അതില്‍ വിഷാംശമായി അറിയപ്പെടുന്ന ഡൈഥിലീന്‍ ഗ്ലൈക്കോള്‍ അല്ലെങ്കില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍നിന്നും ഇന്‍ഡോനേഷ്യയില്‍നിന്നും മരുന്ന് ഉത്പാദിപ്പിച്ച ആറ് കമ്പനികളെയാണ് ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞിട്ടുള്ളത്. അന്വേഷണത്തെക്കുറിച്ച് ഈ കമ്പനികള്‍ പ്രതികരിച്ചിട്ടില്ല. മരണത്തിന് കാരണമായ ഏതെങ്കിലും അസംസ്‌കൃത വസ്തുക്കള്‍ മരുന്ന് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നോയെന്ന കാര്യവും നിഷേധിച്ചിട്ടില്ല.

ഇന്ത്യക്കുപുറമേ, നാല് ഇന്‍ഡോനേഷ്യന്‍ കമ്പനികളാണ് ആരോപണനിഴലിലുള്ളത്.

ഗാംബിയയില്‍ കുട്ടികള്‍ മരിച്ചതിന് പിന്നാലെ, 2022 ഒക്ടോബറില്‍ ഇന്ത്യന്‍ കമ്പനികളായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെയും മരിയോണ്‍ ബയോടെക്കിന്റെയും കഫ് സിറപ്പുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. സിറപ്പുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അറിയിച്ചിരുന്നു. രണ്ട് കമ്പനികളുടെയും പ്ലാന്റുകള്‍ അടച്ചിടുകയും ചെയ്തു. അതേസമയം, തെറ്റായൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു കമ്പനികളുടെ വാദം. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തെക്കുറിച്ച് ഇരുകൂട്ടരും പ്രതികരിച്ചിട്ടുമില്ല.

ഇന്ത്യക്കുപുറമേ, നാല് ഇന്‍ഡോനേഷ്യന്‍ കമ്പനികളാണ് ആരോപണനിഴലിലുള്ളത്. പിടി യരിന്തോ ഫാര്‍മതമ, പിടി യൂണിവേഴ്സല്‍ ഫാര്‍മസ്യൂട്ടിക്കല്‍, പിടി കോനിമെക്സ്, പിടി എഎഫ്‌ഐ ഫാര്‍മ എന്നിവരുടെ കഫ് സിറപ്പുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഈ കമ്പനികളും ലോകാരോഗ്യ സംഘടനയുടെ അന്വേഷണം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍, കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് പിടി യൂണിവേഴ്സല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വിപണിയില്‍നിന്ന് മരുന്ന് പിന്‍വലിച്ചിരുന്നു. വിതരണക്കാരാണ് യഥാര്‍ത്ഥ പ്രശ്‌നക്കാരെന്നാണ് പിടി യൂണിവേഴ്സല്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ അഭിഭാഷകന്‍ പ്രതികരിച്ചതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിതരണക്കാര്‍ മരുന്നില്‍ കൃത്രിമം കാണിച്ച് വില്‍ക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍, ആരുടെയെങ്കിലും പേരോ വിവരങ്ങളോ അഭിഭാഷകന്‍ പങ്കുവെച്ചില്ല.

logo
The Fourth
www.thefourthnews.in