ഹോളിവുഡ് എഴുത്തുകാര്‍ സമരത്തിലേക്ക്; മികച്ച തൊഴില്‍ സാഹചര്യവും ന്യായമായ പ്രതിഫലവും നല്‍കണമെന്ന് ആവശ്യം

ഹോളിവുഡ് എഴുത്തുകാര്‍ സമരത്തിലേക്ക്; മികച്ച തൊഴില്‍ സാഹചര്യവും ന്യായമായ പ്രതിഫലവും നല്‍കണമെന്ന് ആവശ്യം

വിവിധ പ്രൊഡക്ഷന്‍ കമ്പനികളുമായി വേതനം സംബന്ധിച്ച ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആയിരക്കണക്കിന് കലാകാരന്മാര്‍ പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്

ഹോളിവുഡിലെ സിനിമാ, ടിവി തിരക്കഥാകൃത്തുകൾ പണിമുടക്കിലേക്ക്. വേതനത്തെപ്പറ്റി വിവിധ പ്രൊഡക്ഷന്‍ കമ്പനികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആയിരക്കണക്കിന് കലാകാരന്മാര്‍ പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. അലൈന്‍സ് മോഷന്‍ പിക്‌ചേഴ്‌സ് ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുമായി നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്.

അമേരിക്കന്‍ ചലച്ചിത്ര ടെലിവിഷന്‍ നിര്‍മാതാക്കളുടെ സംഘടനയാണ് അലൈന്‍സ് മോഷന്‍ പിക്‌ചേഴ്‌സ് ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ്. റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. 15 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരം പണിമുടക്ക് ഉണ്ടാകുന്നത്. രാത്രിയുള്ള സിനിമാ പ്രദര്‍ശനങ്ങള്‍ നിര്‍ത്തി വയ്ക്കുമെന്നാണ് വിവരങ്ങള്‍. മാത്രമല്ല ഇനി പുറത്തിറക്കാനിരിക്കുന്ന സിനിമയുടെയും ടെലിവിഷന്‍ ഷോകളുടെയും പ്രദര്‍ശനത്തിനും കാലതാമസം നേരിടും. 2007 ല്‍ നടത്തിയ പണിമുടക്ക് ഏകദേശം 100 ദിവസമാണ് നീണ്ടുപോയത്. 2.1 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് അന്ന് സിനിമാ മേഖലയ്ക്ക് ഈ പണിമുടക്കുണ്ടാക്കിയത്.

എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയോട് വീണ്ടും മുഖം തിരിക്കുന്ന മനോഭാവമുണ്ടായപ്പോഴാണ് പണിമുടക്കിലേക്ക് കടന്നത്. ആറാഴ്ച നീണ്ട ചര്‍ച്ചകളും നടന്നിരുന്നു. റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്കയുടെ കണക്കുകള്‍ അനുസരിച്ച് 2013-14 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ കുറഞ്ഞ ശമ്പള നിലവാരത്തിലാണ് ജോലി ചെയ്യുന്നത്. എഴുത്തുകാരുടെ ശരാശരി വേതനം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 4 ശതമാനമായി കുറയുകയാണുണ്ടായത്.

നിര്‍മാതാക്കളുടെ ലാഭത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ടെങ്കിലും എഴുത്തുകാരുടെ അവസ്ഥയില്‍ വലിയ മാറ്റങ്ങളില്ലെന്നതാണ് സംഘടനയുടെ പ്രധാന പ്രശ്‌നം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് മറ്റൊരു പ്രശ്‌നം. പല സ്റ്റുഡിയോകളും നിര്‍മിത ബുദ്ധിയുടെ സഹായം തേടുന്നു.ടിവി പ്രക്ഷേകര്‍ കുറഞ്ഞതിനാല്‍ പരസ്യം നല്‍കുന്നതും കുറവാണ്. അതിനാല്‍ ടെലിവിഷന്‍ മേഖലയില്‍പ്പെട്ടവർക്കും ശമ്പള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധിക്കുന്നില്ല.

മെയ് 1നകം പുതിയ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന് എഴുത്തുകാര്‍ ആദ്യമേ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 10,000 ത്തോളം സിനിമാ ടെലിവിഷന്‍ എഴുത്തുകാരെ പ്രതിനീധികരിക്കുന്ന സംഘടനയാണിത്. സംഘടനയിലെ 92 ശതമാനം അംഗങ്ങളും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് നീങ്ങണമെന്നാണ് വോട്ട് ചെയ്തത്. ഏപ്രില്‍ 17 ന് സംഘടന സമരത്തിന് അംഗീകാരം നല്‍കിയതുമാണ്. മികച്ച തൊഴില്‍ സാഹചര്യങ്ങളും ന്യായമായ പ്രതിഫലവുമാണ് ഇവരുടെയെല്ലാം പ്രധാന ആവശ്യം.

logo
The Fourth
www.thefourthnews.in