ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയെ ഇന്ത്യക്ക് കൈമാറും; ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു

ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയെ ഇന്ത്യക്ക് കൈമാറും; ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു

അപ്പീൽ പോകാൻ സഞ്ജയ് ഭണ്ഡാരിക്ക് 14 ദിവസം സമയം അനുവദിച്ചു

ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയെ ഇന്ത്യക്ക് കൈമാറാൻ തീരുമാനം. കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രെവർമാൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവിനുമേൽ അപ്പീൽ പോകാൻ സഞ്ജയ് ഭണ്ഡാരിക്ക് 14 ദിവസം സമയം അനുവദിച്ചു. കള്ളപ്പണം വെളുപ്പിക്കലും നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ വിചാരണ നേരിടുന്നതിനായാണ് ഭണ്ഡാരിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് സഞ്ജയ് ഭണ്ഡാരിയെ വിട്ട് കിട്ടാൻ ഇന്ത്യ അപേക്ഷ നല്‍കിയത്. തന്ത്രപ്രധാനമായ പ്രതിരോധ രേഖകള്‍ സഞ്ജയ് ഭണ്ഡാരി കൈവശപ്പെടുത്താന്‍ ശ്രമിച്ചതായും ഇന്ത്യ ആരോപിക്കുന്നു.

കഴിഞ്ഞ വർഷം വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോൾ ഭണ്ഡാരിയെ ഇന്ത്യക്ക് കൈമാറുന്നതിൽ നിയമതടസങ്ങളില്ലന്ന് വിധിച്ചിരുന്നു. ഇന്ത്യ സമർപ്പിച്ച രണ്ട് കൈമാറ്റ അപേക്ഷകളും പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് കണ്ടെത്തിക്കൊണ്ടായിരുന്നു ഉത്തരവ്. ഭണ്ഡാരി തന്റെ വിദേശ വരുമാനവും സ്വത്തുക്കളും വെളിപ്പെടുത്താതെ ലാഭമുണ്ടാക്കിയെന്ന് കോടതി നിരീക്ഷിച്ചു. പിന്നീട് നടപടി സ്വീകരിക്കുന്നതില്‍ അന്തിമ തീരുമാനത്തിനായി ഇന്ത്യൻ വംശജ കൂടിയായ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രെവർമാന് വിടുകയായിരുന്നു.

2020ൽ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ജാമ്യത്തിലിറങ്ങിയ സഞ്ജയ് ഭണ്ഡാരി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാനുള്ള പുതിയ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.

2016ലാണ് സഞ്ജയ് ഭണ്ഡാരി ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് കടന്നത്. തനിക്കെതിരെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിക്കുന്നു. ഇന്ത്യന്‍ ജയിലുകളില്‍ മനുഷ്യാവകാശലംഘനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സഞ്ജയ് ഭണ്ഡാരിയെ തിഹാർ ജയിലില്‍ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കുമെന്നാണ് ഇന്ത്യ ബ്രിട്ടീഷ് കോടതിയില്‍ നല്‍കിയ ഉറപ്പ്.

logo
The Fourth
www.thefourthnews.in