അയയാതെ ഹൂതികള്‍, ഒഴിയാതെ ആധി; എണ്ണ വിലവർധന ഭീഷണിയിൽ ലോകം

അയയാതെ ഹൂതികള്‍, ഒഴിയാതെ ആധി; എണ്ണ വിലവർധന ഭീഷണിയിൽ ലോകം

യെമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം, ഒക്ടോബർ മുതൽ ചെങ്കടലിലൂടെ പോകുന്ന ഇസ്രയേലുമായി ബന്ധമുള്ള മിക്ക വാണിജ്യ കപ്പലുകള്‍ക്ക് നേരെയും ആക്രമണം നടത്തുന്നുണ്ട്

യെമൻ വിമത വിഭാഗമായ ഹൂതികൾ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ ആഗോള എണ്ണ വില വർധിക്കാൻ കാരണമായേക്കുമെന്ന ആശങ്കയിലാണ് ലോകം. കഴിഞ്ഞ ദിവസം ബ്രെന്റ് ക്രൂഡ് ബാരലിന് ഏകദേശം 1.40 ഡോളർ ഉയർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒപ്പം ചെങ്കടലിലൂടെയുള്ള എല്ലാ എണ്ണ കയറ്റുമതിയും താത്കാലികമായി നിർത്തിവയ്ക്കുന്നതായി എണ്ണ വ്യവസായ ഭീമൻമാരായ ബി പി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കൂടാതെ എണ്ണ കയറ്റുമതി വെട്ടിക്കുറയ്ക്കുമെന്ന റഷ്യയുടെ പ്രഖ്യാപനവും ആശങ്കയുടെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്.

സുപ്രധാനമായ പടിഞ്ഞാറൻ തീരം ഉൾപ്പെടെ യെമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം, ഒക്ടോബർ മുതൽ ചെങ്കടലിലൂടെ പോകുന്ന ഇസ്രയേലുമായി ബന്ധമുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നുണ്ട്. ഹമാസിനുള്ള ഐക്യദാർഢ്യമെന്ന നിലയ്ക്കായിരുന്നു ഹൂതികളുടെ ഈ നീക്കം. അതിന്റെ ഭാഗമായി ഇസ്രയേൽ തുറമുഖങ്ങളിൽനിന്ന് പോകുന്നതും വരുന്നതുമായ എല്ലാ കപ്പലുകളും ആക്രമിക്കുമെന്നും ഹൂതി വിഭാഗം ഇക്കഴിഞ്ഞ ഡിസംബർ ഒൻപതിന് ഭീഷണി മുഴക്കിയിരുന്നു. അതിനുപിന്നാലെ ഡിസംബർ 15ന്, ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കാരിയറായ എംഎസ്‌സിയുടെ 'എംഎസ്‌സി പാലാറ്റിയം III'ന് നേരെയും ഹൂതി വിഭാഗം ആക്രമണം നടത്തി. ഇത് കാര്യങ്ങളെ കൂടുതൽ വഷളാക്കി.

യൂറോപ്പിലേക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയുടെ കയറ്റുമതിയും ഇന്ത്യയിലേക്കുള്ള ക്രൂഡിന്റെ ഇറക്കുമതിക്കും പ്രധാനമായി ആശ്രയിക്കുന്നത് സൂയസ് കനാലിനെയാണ്

ഡിസംബർ 15-ലെ ആക്രമണത്തെത്തുടർന്ന്, ലോകത്തിലെ മൂന്ന് പ്രമുഖ ഷിപ്പിങ് കമ്പനികളായ സിഎംഎ സിജിഎം, ഹാപഗ് ലോയ്ഡ്, മെയസ്‌ക്ക് എന്നിവർക്കൊപ്പം ചെങ്കടലിലൂടെയുള്ള പ്രവർത്തനം നിർത്തിവയ്ക്കുന്നതായി എം എസ് സി അറിയിച്ചിരുന്നു. ഈ നാല് കമ്പനികളാണ് ആഗോള സമുദ്ര വ്യാപാരത്തിന്റെ 53 ശതമാനം കൈകാര്യം ചെയ്യുന്നത് എന്നുള്ളത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് എണ്ണ വ്യവസായ ഭീമന്മാരായ ബി പിയും അവരുടെ പ്രവർത്തനം അവസാനിപ്പിച്ചത്. മറ്റ് വൻകിട എണ്ണക്കമ്പനികളും ഈ ട്രെൻഡ് പിന്തുടർന്നാൽ എണ്ണ വില ഉയരുമെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. അറേബ്യൻ പെനിൻസുലയിൽനിന്ന് എറിട്രിയയെയും ജിബൂട്ടിയെയും വേർതിരിക്കുന്ന ചെങ്കടലിലെ ബാബ് എൽ-മണ്ടേബ് കടലിടുക്കിൽവച്ച് 13 വാണിജ്യ കപ്പലുകളാണ് ഇതുവരെ ഹൂതികൾ ആക്രമിച്ചത്.

ആഗോള വ്യാപാരത്തിന്റെ ഏകദേശം 12 ശതമാനം നടക്കുന്നത് ചെങ്കടൽ മേഖലയിലെ സൂയസ് കനൽ വഴിയാണ്. അതുകൊണ്ടുതന്നെ ഈ മേഖല നേരിടുന്ന ഏതൊരു ഭീഷണിയും ആഗോള തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ചെങ്കടൽ വഴിയുള്ള വ്യാപാര പാത ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെയുള്ള ഏകവഴി ആഫ്രിക്ക ചുറ്റി വരിക എന്നത് മാത്രമാണ്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ വാണിജ്യ കപ്പലുകൾക്ക് ആയിരക്കണക്കിന് മൈലുകൾ കൂടുതൽ യാത്ര ചെയ്യേണ്ടതായി വരും. ഇത് ചരക്ക് വിതരണത്തിൽ കാലതാമസമുണ്ടാക്കുകയും ഇന്ധനച്ചെലവ് വർധിപ്പിക്കുകയും ചെയ്യും. എണ്ണയും ഡീസൽ ഇന്ധനവും പോലെയുള്ള യൂറോപ്പിന്റെ ഊർജ വിതരണത്തിന്റെ വലിയൊരു ഭാഗം ഈ ജലപാതയിലൂടെയാണ് വരുന്നത്. അതിന് തടസം നേരിടുന്നതോടെ യൂറോപ്പിൽ വിലക്കയറ്റത്തിനും ഊർജ പ്രതിസന്ധിക്കും വഴി വെച്ചേക്കാം.

അയയാതെ ഹൂതികള്‍, ഒഴിയാതെ ആധി; എണ്ണ വിലവർധന ഭീഷണിയിൽ ലോകം
ഹൂതി വിമതരുടെ ആക്രമണം വര്‍ധിക്കുന്നു; ചെങ്കടല്‍ വഴിയുള്ള എണ്ണകയറ്റുമതി നിര്‍ത്തിവച്ച് ബ്രിട്ടീഷ് പെട്രോളിയം

ഇന്ത്യയെ എങ്ങനെ ബാധിക്കും?

2021ലെ കണക്ക് പ്രകാരം, സൂയസ് കനാലിലൂടെ ഏകദേശം 200 ബില്യൺ ഡോളർ മൂല്യമുള്ള വ്യാപാരമാണ് ഇന്ത്യ നടത്തുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം അത് വീണ്ടും വർധിച്ചിരിക്കാനാണ് സാധ്യത. യൂറോപ്പിലേക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയുടെ കയറ്റുമതിയും ഇന്ത്യയിലേക്കുള്ള ക്രൂഡിന്റെ ഇറക്കുമതിക്കും പ്രധാനമായി ആശ്രയിക്കുന്നത് ഈ പാതയെയാണ്. കെപ്ലറിന്റെ രേഖകൾ പ്രകാരം, നവംബറിൽ ഇന്ത്യയുടെ പ്രതിമാസ റഷ്യൻ എണ്ണ ഉപഭോഗം മുൻ മാസത്തേക്കാൾ ഒൻപത് ശതമാനം ഉയർന്നിട്ടുണ്ട്. ഈ കയറ്റുമതി അത്രയും സൂയസ് കനാൽ വഴിയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ചെങ്കടൽ പാതയിലുണ്ടാകുന്ന പ്രശ്നങ്ങൾ ഇന്ത്യയിലെ എണ്ണ വിലയെ ബാധിക്കാനും സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in