കൊമ്പുകോര്‍ത്ത് ഇസ്രയേലും ഇറാനും; ഇന്ത്യയ്ക്ക് മുന്നിലുള്ള ആശങ്കയെന്ത്?

കൊമ്പുകോര്‍ത്ത് ഇസ്രയേലും ഇറാനും; ഇന്ത്യയ്ക്ക് മുന്നിലുള്ള ആശങ്കയെന്ത്?

നേരിട്ടുള്ള വിദേശനിക്ഷേപം കണക്കാക്കിയാല്‍ ഇറാനും ഇസ്രയേലും ഇന്ത്യൻ നിക്ഷേപത്തിലെ പ്രധാന ഉറവിടമല്ല

പശ്ചിമേഷ്യയിലെ സംഘര്‍ഷ ഭീതി വര്‍ധിപ്പിച്ച് ഇസ്രയേലും ഇറാനും കൊമ്പുകോര്‍ക്കുമ്പോള്‍ ആഗോള തലത്തില്‍ ഉയരുന്ന ആശങ്കകള്‍ നിരവധിയാണ്. ഇസ്രയേല്‍- ഇറാന്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടുന്നതിനുള്ള പ്രധാന കാരണവും ആഗോള വ്യവസായ വ്യാപാരമേഖലയ്ക്ക് സംഘര്‍ഷം സൃഷ്ടിക്കാവുന്ന പ്രതിസന്ധികൾ കണക്കിലെടുത്താണ്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഇരു രാജ്യങ്ങളുടെയും വ്യാപാര പങ്കാളിയായ ഇന്ത്യയെയും അലട്ടുന്നുണ്ട്. ഈ അവസരത്തിലാണ് ഇറാന്‍ ഇസ്രയേല്‍ ശത്രുതയില്‍ ഇന്ത്യ ആശങ്കയറിയിക്കുന്നത്.

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള വ്യാപാരം

1992ലാണ് ഇസ്രയേലുമായി ഇന്ത്യ നയപരമായ ബന്ധത്തിലേര്‍പ്പെടുന്നത്. അന്നു മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും കൂടി വന്നു. 1992ലെ 20 കോടി ഡോളറില്‍ നിന്നും 2022-23ലെത്തുമ്പോള്‍ 1070 കോടി ഡോളറില്‍ എത്തിനില്‍ക്കുന്നു ആ ബന്ധം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യ - ഇസ്രയേല്‍ വാണിജ്യ ഇടപാടില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2018-19 വര്‍ഷത്തില്‍ 556 കോടി ആയിരുന്ന വ്യാപാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1070 കോടിയിലേക്ക് വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍നിന്ന് ഇസ്രയേലിലേക്ക് 845 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയത്. ഇസ്രയേലില്‍നിന്ന് ഇറക്കുമതി ചെയ്തത് 230 കോടി ഡോളറും. കൂടാതെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസം തന്നെ ഉഭയകക്ഷി വ്യാപാരം 575 കോടി ഡോളറിലെത്തുകയും ചെയ്തു.

കൊമ്പുകോര്‍ത്ത് ഇസ്രയേലും ഇറാനും; ഇന്ത്യയ്ക്ക് മുന്നിലുള്ള ആശങ്കയെന്ത്?
ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി കപ്പലിലെ ഏക മലയാളി യുവതി തിരിച്ചെത്തി, 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം ഊർജിതം

കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ 32-ാമത്തെ വലിയ വ്യാപാര പങ്കാളി ഇസ്രയേലായിരുന്നു. അതായത്, ആകെ വ്യാപാരമായ 1167 ബില്യണ്‍ ഡോളറിലെ 0.9 ശതമാനം ഇസ്രയേലുമായിട്ടായിരുന്നു. വിദേശ ബന്ധങ്ങളെക്കുറിച്ചുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തില്‍ ഇസ്രയേലിന്റെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയും ആഗോള തലത്തില്‍ ഏഴാമത്തെ പങ്കാളിയും ഇന്ത്യയാണ്.

ഇന്ത്യയുടെ എട്ട് അക്ക ഹാര്‍മണൈസ്ഡ് സിസ്റ്റം കോഡ് പ്രകാരം (വ്യാപാര ഇനങ്ങളെ തരംതിരിക്കുന്ന രീതി) ഡീസല്‍, ഡയമണ്ട്, വ്യോമയാന ടര്‍ബൈന്‍ ഇന്ധനം, റഡാര്‍ ഉപകരണം, ബസ്മതി അരി, ടി ഷര്‍ട്ട്, ഗോതമ്പ് എന്നിവയാണ് ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്യുന്നത്. 2022-23 വര്‍ഷങ്ങളില്‍ ആകെ കയറ്റുമതി ചെയ്ത സാധനങ്ങളില്‍ 78 ശതമാനവും ഡീസലും ഡയമണ്ടുകളുമാണ്. ബഹിരാകാശ ഉപകരണം, ഡയമണ്ടുകള്‍, പൊട്ടാസ്യം ക്ലോറൈഡ്, മെക്കാനിക്കല്‍ ഉപകരണം, ടര്‍ബോ ജെറ്റ്, പ്രിന്റ് ചെയ്ത സര്‍ക്യൂട്ടുകള്‍ എന്നിവയാണ് ഇസ്രയേലില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍.

ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാരം

2022-23 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ 59ാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇറാൻ. 233 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇറാനുമായുള്ള വ്യാപാര ബന്ധം വര്‍ധിച്ചു. 2021-22 ല്‍ 194 കോടി ഡോളറായിരുന്നു വ്യാപാരമെങ്കില്‍ 2022-23 ല്‍ അത് 233 കോടി ഡോളറിലേക്ക് ഉയര്‍ന്നു. അതായത് ഒരു വര്‍ഷത്തിനുള്ളില്‍ 21.77 ശതമാനത്തിന്റെ ഉയര്‍ച്ച.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ (2019-20, 2020-21, 2021-22) ഇറാന് നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം വ്യാപാരത്തില്‍ 9.10 ശതമാനം മുതല്‍ 72 ശതമാനം വരെ ഇടിവുണ്ടാക്കി. 2018-19 കാലത്ത് 1700 കോടി ഡോളറായിരുന്ന ഇടപാട് 2019-20 ല്‍ 477 കോടി ഡോളറായും 2020-21ല്‍ 211 കോടി ഡോളറായും കുറഞ്ഞു. എന്നാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസം ഇറാനുമായുള്ള ഉഭയകക്ഷി വ്യാപാരം 152 കോടി ഡോളറായിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആകെ വ്യാപാരത്തിന്റെ 0.20 ശതമാനമായിരുന്നു ഇറാനുമായുള്ള ഉഭയകക്ഷി വ്യാപാരം.

കൊമ്പുകോര്‍ത്ത് ഇസ്രയേലും ഇറാനും; ഇന്ത്യയ്ക്ക് മുന്നിലുള്ള ആശങ്കയെന്ത്?
ഇറാന്റെ തിരിച്ചടി തുറന്ന യുദ്ധത്തിലേക്കോ, പശ്ചിമേഷ്യയുടെ ഭാവിയെന്ത് ?

ചരക്കുകളും ലൈവ് സ്റ്റോക്ക് ഉല്പന്നങ്ങളുമാണ് ഇന്ത്യയില്‍നിന്ന് ഇറാനിലേക്ക് പ്രധാനമായും കയറ്റി അയയ്ക്കുന്നത്. ഇതില്‍ മാംസങ്ങള്‍, പാടയില്ലാത്ത പാല്‍, മോര്, നെയ്യ്, ഉള്ളി, വെളുത്തുള്ളി, ടിന്നിലടിച്ച പച്ചക്കറികള്‍ എന്നിവയാണ് പ്രധാനം. മിഥൈല്‍ ആല്‍ക്കഹോള്‍, പെട്രോളിയം ബിറ്റുമിന്‍, ദ്രവീകൃത ബ്യൂട്ടേനുകള്‍, ആപ്പിളുകള്‍, ദ്രവീകൃത പ്രൊപ്പേന്‍, ഈന്തപ്പഴം, ബദാം തുടങ്ങിയവയാണ് ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രധാന ഉല്പന്നങ്ങള്‍.

എന്നാല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (Foreign Direct Investment) കണക്കാക്കിയാല്‍ ഇന്ത്യയിലെ നിക്ഷേപത്തിലെ പ്രധാന ഉറവിടമല്ല ഇറാനും ഇസ്രയേലും. 2000 ഏപ്രിലിനും 2023 ഡിസംബറിനുമിടയില്‍ ആകെ എഫ്‌ഡിഐയുടെ 0.4 ശതമാനം മാത്രമാണ് ഇസ്രയേലിന്റെ വിഹിതം. പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) വകുപ്പ് പ്രകാരം ഇക്കാലയളവില്‍ ഇസ്രയേലിന്റെ എഫ്ഡിഐ 28.8 കോടി ഡോളറാണ്.

അതേസമയം ഇസ്രയേലിലെ ഇന്ത്യന്‍ നിക്ഷേപം ഇതിലും കൂടുതലാണ്. ഇതേ കാലയളവില്‍ ഏകദേശം 38.3 കോടി ഡോളറാണ് ഇസ്രയേലിലെ ഇന്ത്യയുടെ നിക്ഷേപം. ഇറാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപം പത്തുലക്ഷം ഡോളര്‍ മാത്രമാണ്.

പശ്ചിമേഷ്യയില്‍ ഉയരുന്ന സംഘര്‍ഷങ്ങള്‍ ഇന്ത്യയെ എങ്ങനെ ബാധിക്കും?

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യയില്‍ പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടാകില്ലെന്നാണ് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവ് (GTRI) വ്യക്തമാക്കുന്നത്. എന്നിരുന്നാലും ചെങ്കടലിലെ സംഘര്‍ഷങ്ങള്‍ ചില ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള വ്യാപാരങ്ങളുടെ ഏകദേശം 12 ശതമാനം ഈ പാതയിലൂടെയാണ് കടന്നു പോകുന്നത്.

2023 നവംബര്‍ മുതല്‍ ചെങ്കടലിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ വെടി വെയ്ക്കുന്നുണ്ട്. ഗാസയിലെ ഇസ്രയേല്‍ സംഘര്‍ഷത്തിനെതിരെയാണ് ഈ നടപടിയെന്ന് ഹൂതികള്‍ പറയുന്നുണ്ടെങ്കിലും ഇറാനാണ് ഹൂതികള്‍ക്ക് പിന്നിലെന്നാണ് ഇസ്രയേലിന്റെ ആരോപണം. അതേസമയം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ പശ്ചിമേഷ്യ-യൂറോപ്യന്‍ സാമ്പത്തിക ഇടനാഴി പോലുള്ള പ്രൊജക്ടുകള്‍ പ്രാബല്യത്തില്‍ വരാൻ കാലതാമസമെടുക്കും.

logo
The Fourth
www.thefourthnews.in