പരസ്പരം കൊന്നുതീര്‍ക്കുന്ന മനുഷ്യരും ആനകളും; കേരളത്തിന് ശ്രീലങ്കയുടെ ഗതിവരുമോ?

പരസ്പരം കൊന്നുതീര്‍ക്കുന്ന മനുഷ്യരും ആനകളും; കേരളത്തിന് ശ്രീലങ്കയുടെ ഗതിവരുമോ?

ശ്രീലങ്കയില്‍ കാട്ടാന ആക്രമണത്തില്‍ കഴിഞ്ഞവര്‍ഷം മാത്രം കൊല്ലപ്പെട്ടത് 176 പേർ. 470 ആനകൾക്കും ജീവൻ നഷ്ടമായി

24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം, വന്യജീവി ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനായി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, അടിയന്തര പ്രതികരണ കേന്ദ്രം... മനുഷ്യ-വന്യജീവി സംഘര്‍ഷം തുടര്‍ക്കഥയാകുമ്പോള്‍ പ്രതിരോധത്തിനായി പലവഴികള്‍ തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മനുഷ്യ-വന്യജീവി സംഘര്‍ഷം മാറിയിരിക്കുന്നു. വയനാട്ടിലും ഇടുക്കിയിലും ജീവനും ജീവിതവും കയ്യില്‍ പിടിച്ച് മലയോരജനത നെഞ്ചിടിപ്പോടെ കഴിയുന്നു. കാടിറങ്ങിവരുന്ന കാട്ടുകൊമ്പന്റെ കാലടികളില്‍ പെട്ടുപോകാതാരിക്കാന്‍ രാത്രിയും പകലും ആധിയോടെ ജനങ്ങള്‍ കാവലിരിക്കേണ്ട സ്ഥിതിവിശേഷത്തിലേക്ക് കേരളത്തിലെ മരയോര ്രാമങ്ങള്‍ ചെന്നെത്തിയിട്ടുണ്ട്.

വനനശീകരണമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പ്രധാന കാരണമെന്ന് ഒരുവിഭാഗം വാദിക്കുമ്പോള്‍, വനം നാടിനെ വിഴുങ്ങിവളരുന്നതിന്റെ അനന്തരഫലമാണ് ഇതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. വേനല്‍ക്കാലത്ത് കാടിനുള്ളിലെ ഉറവകള്‍ വറ്റുന്നതും തീറ്റ കിട്ടാതാകുന്നതുമാണ് മൃഗങ്ങളെ നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. വനാതിര്‍ത്തികളില്‍ അശാസ്ത്രീയമായി നട്ടുവളര്‍ത്തിയ യൂക്കാലിയും കൊന്നകളും വനത്തിനുള്ളിലേക്ക് വളര്‍ന്നു കയറിയത് സ്വാഭാവിക വനങ്ങളുടെ ഘടന മാറ്റുകയും മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുയും ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Senthi Aathavan

മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ കാര്യത്തിൽ ഇവിടെ സ്ഥിതി ഇതാണെങ്കിൽ, സമാന ഭൂപ്രകൃതിയുള്ളതും കേരളത്തില്‍നിന്ന് അധികം അകലെയല്ലാത്തതുമായ ശ്രീലങ്കയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് മറ്റൊന്നല്ല. ശ്രീലങ്കയില്‍ പക്ഷേ, കേരളത്തിനേക്കാള്‍ അപടകരമായ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. മനുഷ്യ-വന്യജീവി സംഘർഷം ഈ സ്ഥിതിയിൽ രൂക്ഷമായി തുടര്‍ന്നാല്‍, 70 ശതമാനം ആനകള്‍ക്കും ജീവന്‍ നഷ്ടമാകുമെന്ന അവസ്ഥയിലാണ് ശ്രീലങ്ക. ആനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്ന മനുഷ്യരുടെ എണ്ണവും അവിടെ വർധിക്കുകയാണ്.

പരസ്പരം കൊന്നുതീര്‍ക്കുന്ന മനുഷ്യരും ആനകളും; കേരളത്തിന് ശ്രീലങ്കയുടെ ഗതിവരുമോ?
ഹൈടെക്ക് ആകാന്‍ വനം വകുപ്പ്; ഇടുക്കിയിലെ വന്യമൃഗശല്യം നിയന്ത്രിക്കാന്‍ അത്യാധുനിക ഡ്രോണുകള്‍- വീഡിയോ

കഴിഞ്ഞവര്‍ഷം മാത്രം ശ്രീലങ്കയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 176 പേരാണ്. 470 ആനകളും കൊല്ലപ്പെട്ടു. 2010-ലെ കണക്കിനേക്കാള്‍ ഇരട്ടിയിലേറെയാണിത്. ലോകത്ത് മനുഷ്യരും കാട്ടനകളും തമ്മില്‍ ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ശ്രീലങ്ക. നാലു വര്‍ഷത്തിനിടെയാണ് ലങ്കയില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്.

എന്താണ് ശ്രീലങ്കയില്‍ സംഭവിക്കുന്നത്?

യു എന്‍ റിപ്പോര്‍ട്ട് പ്രകാരം 1997-ല്‍ ശ്രീലങ്കയുടെ വനമേഖലയുടെ മൊത്തം വിസ്തീര്‍ണം 20,000 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു. ദ്വീപ് രാഷ്ട്രമായ ലങ്കയിലെ 30 ശതമാനം ഭൂമിയും വനമായിരുന്നു. 2022-ലെ കണക്ക് പ്രകാരം ഇത് 2,100 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്.

കാലാവസ്ഥ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ആനകളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നുവെന്ന ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ നിഗമനവും ശ്രീലങ്കയുടെ കാര്യത്തില്‍ പ്രസക്തമാണ്. ശ്രീലങ്കന്‍ സെന്റര്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ആൻഡ് റിസര്‍ച്ച് ചെയര്‍പേഴ്‌സണ്‍ ഡോ. പൃഥ്വിരാജ് ഫെര്‍ണാണ്ടോ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. 30 വര്‍ഷമായി ശ്രീലങ്കന്‍ ആനകളുടെ ആവാസവ്യവസ്ഥയെക്കുറിച്ച് പഠനം നടത്തുന്നയാളാണ് ഇദ്ദേഹം.

ലങ്കയില്‍ ആനകളുടെയും മറ്റു വന്യജീവികളുടെയും ഭക്ഷണത്തിനുവേണ്ടിയുള്ള ഫലഭൂയിഷ്ഠമായ ഭൂമിയുടെ അളവ് കുറഞ്ഞുവരികയാണെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. നദികള്‍ വറ്റിവരളുകയും മഴയുടെ അളവ് ക്രമരഹിതമാവുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി.

കാടുവെട്ടി കൃഷിഭൂമികളാക്കുന്ന പ്രവണത വർധിച്ചതോടെ ഭക്ഷണവും വെള്ളവും തേടി ജനവാസ മേഖലയിലേക്കിറങ്ങാന്‍ വന്യമൃഗങ്ങളെ പ്രേരിപ്പിക്കുന്നു. തോട്ടങ്ങളിലേക്കും കൃഷിഭൂമികളിലേക്കും ഇറങ്ങുന്ന കാട്ടാനകള്‍ക്ക് മതിയായ ഭക്ഷണവും വെള്ളവും ഇവിടങ്ങളില്‍നിന്ന് ലഭിക്കുമെന്ന് മനസ്സിലായി. വേനലില്‍ വനത്തിന്റെ ഒരുഭാഗത്ത് തീറ്റ കരിയുമ്പോള്‍ മറ്റു ഭാഗങ്ങളിലേക്ക് ഭക്ഷണംതേടി പോകുന്നതിന് പകരം, അനായാസം ഭക്ഷണവും വെള്ളവും ലഭിക്കുന്ന ജനവാസ മേഖലകളിലേക്കുള്ള വഴികള്‍ മൃഗങ്ങള്‍ തിരഞ്ഞെടുത്തു തുടങ്ങിയെന്ന് ചുരുക്കം.

ആനശല്യം രൂക്ഷമാതോടെ തിരിച്ചടിക്കാന്‍ ജനങ്ങളും തീരുമാനിച്ചു. വൈദ്യുത വേലികൾ സ്ഥാപിച്ചും വാരിക്കുഴികള്‍ വെട്ടിയും വെടിവെച്ചും വിഷം നല്‍കിയും ആനകളെ കൊന്നുതള്ളി. ശ്രീലങ്കയില്‍ ആനകളെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണ്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ ആനകളെ കൊല്ലുന്നവര്‍ക്ക് വളരെ ചെറിയ ശിക്ഷയാണ് നല്‍കുന്നത്. ഇത് ജനങ്ങളെ വീണ്ടും ആനവേട്ട നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് അവിടെനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പരസ്പരം കൊന്നുതീര്‍ക്കുന്ന മനുഷ്യരും ആനകളും; കേരളത്തിന് ശ്രീലങ്കയുടെ ഗതിവരുമോ?
വന്യജീവികളെ തടയാൻ സ്മാർട്ട് എലഫന്റ് ഫെൻസ് മോഡൽ; പദ്ധതികള്‍ ഹൈക്കോടതിയെ അറിയിച്ച് സർക്കാർ

ശ്രീലങ്കന്‍ വിനോദസഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ആന. നാഷണല്‍ പാര്‍ക്കുകളിലൂടെയുള്ള ആന സവാരിയും മറ്റും അടക്കം നിരവധി ടൂറിസം പദ്ധതികളാണ് ശ്രീലങ്കയിലുള്ളത്. കേരളവും ലങ്കയും തമ്മില്‍ ഇവിടെയും സാമ്യതയുണ്ട്. ആന കേരളത്തിന്റെ സാംസ്‌കാരിക-വിനോദസഞ്ചാര മേഖലയില്‍ പ്രധാന സാന്നിധ്യമാണ്. ഇതേ ആന തന്നെയാണ് രണ്ടു ജനതകള്‍ക്കിടയില്‍ ഇപ്പോള്‍ വില്ലന്‍ റോളില്‍ നില്‍ക്കുന്നതും.

വന്യജീവികളോ ശരിക്കും വില്ലൻ അതോ അവയുടെ ആവാസ വ്യവസ്ഥയ്ക്ക് തിരിച്ചടിയാവുന്ന സാഹചര്യങ്ങളോ? വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷം ഇല്ലാതാക്കാൻ എന്താണ് പരിഹാരം? ഈ രണ്ട് ചോദ്യങ്ങൾക്ക് കേരളവും ശ്രീലങ്കയും എന്ന് പരിഹാരം കാണും?

logo
The Fourth
www.thefourthnews.in