തോഷ്ഖാന കേസ്; ഇമ്രാൻ ഖാനെ അഞ്ച് വർഷത്തേക്ക് അയോഗ്യനാക്കി പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

തോഷ്ഖാന കേസ്; ഇമ്രാൻ ഖാനെ അഞ്ച് വർഷത്തേക്ക് അയോഗ്യനാക്കി പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

ഖുറാമിൽ നിന്ന് ജയിച്ചതായി പ്രഖ്യാപിച്ചുള്ള വിജ്ഞാപനവും റദ്ദാക്കി

തോഷ്ഖാന കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അഞ്ച് വർഷത്തേക്ക് അയോഗ്യനാക്കി പാകിസ്താൻ ഇലക്ഷൻ കമ്മീഷൻ. 2017ലെ തിരഞ്ഞെടുപ്പ് നിയമത്തിലെ സെക്ഷൻ 167 പ്രകാരം അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിടിഐ മേധാവിയെ അയോഗ്യനാക്കിയതെന്ന് കമ്മീഷൻ ഇന്ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. ഖുറാമിൽ നിന്ന് ജയിച്ചതായി പ്രഖ്യാപിച്ചുള്ള വിജ്ഞാപനവും റദ്ദാക്കി.

പാകിസ്താൻ നിയമപ്രകാരം കുറ്റവാളിയായ ഒരാൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വിധിച്ചിരിക്കുന്ന കാലയളവിലേക്ക് പിന്നീട് മത്സരിക്കാൻ സാധിക്കില്ല. അതേസമയം, ഇമ്രാൻ ഖാനെ അയോഗ്യനാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ പിടിഐ വിമർശിച്ചു. വിധിയെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും പിടിഐ വൃത്തങ്ങൾ വ്യക്തമാക്കി.

അതിനിടെ, ട്രയൽ കോടതിയുടെ വിധിക്കെതിരെ ഇമ്രാൻ ഖാൻ ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഒരു ഹർജി സമർപ്പിച്ചു. ഹർജി ബുധനാഴ്ച പരിഗണിക്കും. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിടിഐ മേധാവി സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. തനിക്കെതിരെ പക്ഷാപാതപരമായ വിധിയാണ് പുറപ്പെടുവിച്ചതെന്നും മുൻധാരണകളുടെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി ജഡ്ജി തനിക്കെതിരായ നിഗമനത്തിൽ എത്തിയതെന്നും ഹർജിയിൽ പറയുന്നു.

കൂടാതെ, അറ്റോക്ക് ജയിലിൽ ഇമ്രാൻ ഖാൻ വളരെ മോശം സാഹചര്യത്തിലാണെന്നും ജയിലിൽ സി-ക്ലാസ് സൗകര്യങ്ങളാണ് നൽകിയതെന്നും അഭിഭാഷകൻ നയീം ഹൈദർ പഞ്ചോത ആരോപിച്ചു. ഇമ്രാന് എ ക്ലാസ് സൗകര്യം അനുവദിക്കണമെന്നും പിടിഐ ചെയർമാനെ അറ്റോക്ക് ജയിലിൽ നിന്ന് അഡിയാല ജയിലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.

തോഷ്ഖാന കേസിൽ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഓഗസ്റ്റ് 5-നാണ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി ഹുമയൂൺ ദിലാവർ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവും 100,000 രൂപ പിഴയും വിധിച്ചത്. ലാഹോറിലെ വീട്ടിൽ വച്ചാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വിറ്റെന്നതാണ് കേസ്. 2018 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ വിദേശ സന്ദർശനത്തിനിടെ ലഭിച്ചതും 140 മില്യണിലധികം (635,000 ഡോളർ) വിലമതിക്കുന്നതുമായ സമ്മാനങ്ങൾ വിറ്റെന്നാണ് ആരോപണം. രാഷ്ട്രത്തലവന്മാരില്‍ നിന്നും വിദേശത്ത് നിന്നും ലഭിച്ച സര്‍ക്കാര്‍ സമ്മാനങ്ങള്‍ നിയമവിരുദ്ധമായി വിറ്റതിന് പുറമെ സ്വത്തു‍വിവരങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തു. ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. ഒരു നിശ്ചിത മൂല്യത്തിൽ താഴെയുള്ളവ സൂക്ഷിക്കാൻ അനുവാദമുണ്ട്. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. എന്നാല്‍, ഇമ്രാന്‍ ഖാന്‍ ഇവ നിയമവിരുദ്ധമായി വില്‍പ്പന നടത്തി എന്നാണ് കേസ്.

logo
The Fourth
www.thefourthnews.in