പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

20 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 1668 മാധ്യമപ്രവര്‍ത്തകര്‍

പാരിസ് ആസ്ഥാനമായുള്ള മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സാണ് റിപ്പോർട്ട് പുറത്തുവിട്ടത്

അനീതികളും അഴിമതികളും കൊലപാതകങ്ങളും നിത്യസംഭവങ്ങളായി മാറുന്ന കാലത്ത് സമൂഹത്തിലെ എല്ലാ കാഴ്ചകളും ആളുകള്‍ക്ക് മുന്നില്‍ എത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതും വര്‍ധിക്കുന്നു. 20 വര്‍ഷത്തിനുള്ളില്‍ ലോകത്താകമാനം കൊല്ലപ്പെട്ടത് 1668 മാധ്യമപ്രവര്‍ത്തകരാണ്. പാരിസ് ആസ്ഥാനമായുള്ള മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (RSF) ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. അവരുടെ വാര്‍ഷിക വിലയിരുത്തല്‍ പ്രകാരം പ്രതിവര്‍ഷം ശരാശരി 80ലധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുണ്ട്.

വിവരശേഖരണത്തിനും സത്യാന്വേഷണത്തിനും ഇടയില്‍ മാധ്യമപ്രവര്‍ത്തനത്തോടുള്ള അഭിനിവേശം കൊണ്ട് ജീവന്‍ പണയം വെച്ചവരുടെ മുഖങ്ങളും തൊഴിലിനോടുള്ള പ്രതിബദ്ധതയുമെല്ലാം ഈ കണക്കുകള്‍ക്ക് പിന്നിലുണ്ടെന്ന് ആര്‍എസ്എഫ് സെക്രട്ടറി ജനറല്‍ ക്രിസ്റ്റോഫ് ഡെലോയര്‍ പറയുന്നു. ഓരോ വര്‍ഷവും മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ള നീതീകരിക്കാനാവാത്ത തരത്തിലുള്ള ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും അത് മറ്റുള്ളവര്‍ക്ക് മുന്നിലെത്തിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ലോകത്തെവിടെയും സുരക്ഷിതരല്ല.

ഓരോ വര്‍ഷവും മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ള നീതീകരിക്കാനാവാത്ത തരത്തിലുള്ള ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്

2012, 2013 വര്‍ഷങ്ങളില്‍ യഥാക്രമം 144, 145 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. സിറിയയിലെ യുദ്ധം മൂലമാണ് ആ വര്‍ഷങ്ങളിലെ മരണനിരക്കില്‍ ഇത്രത്തോളം വര്‍ധനവുണ്ടായത്. 2019 മുതല്‍ കൊലപാതകങ്ങളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവുണ്ടായി. എന്നാല്‍ 2022ല്‍ ജോലിയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 58 ആയിരുന്നു. ആര്‍എസ്എഫിന്റെ കണക്ക് പ്രകാരം ഇത് കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതും 2021 നെ അപേക്ഷിച്ച് 13.7 ശതമാനം കൂടുതലാണ്. 2021ല്‍ മരണം 51 ആയിരുന്നു.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി 15 രാജ്യങ്ങളിലായാണ് 80 ശതമാനം മാധ്യമപ്രവര്‍ത്തരുടെയും മരണം സംഭവിച്ചത്. ഇറാഖും സിറിയയുമാണ് ഏറ്റവും കൂടുതല്‍ മരണസംഖ്യയുള്ള രാജ്യങ്ങള്‍. ഇവിടെ മാത്രം 20 വര്‍ഷത്തിനിടയില്‍ മൊത്തം 578 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അതായത് ലോകമെമ്പാടുമുള്ളതിന്റെ മൂന്നിലൊന്ന്. അഫ്ഗാനിസ്ഥാന്‍, യെമന്‍, പലസ്തീന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. സൊമാലിയയും തൊട്ടുപിന്നിലുണ്ട്.

logo
The Fourth
www.thefourthnews.in