പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ കുടിവെള്ളക്ഷാമത്തിലേക്ക്; ആശങ്ക ഉയർത്തി യുഎൻ റിപ്പോർട്ട്

ജലദൗർലഭ്യം പട്ടിണിക്കും നിർബന്ധിത കുടിയേറ്റത്തിനും കാരണമാകുന്നുവെന്ന് യുഎൻ

ലോകരാജ്യങ്ങൾ വരുംവർഷങ്ങളിൽ കടുത്തവറുതി നേരിടുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 2016ൽ ജലക്ഷാമം നേരിടുന്ന ആഗോള നഗര ജനസംഖ്യ 933 ദശലക്ഷമാണെങ്കിൽ, 2050ഓടെ 170 -240 കോടി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു. ഏറ്റവും അധികം ജലദൗർലഭ്യം നേരിടുന്ന രാജ്യമായി ഇന്ത്യമാറുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കു പുറമെ, പാകിസ്ഥാൻ, വടക്കുകിഴക്കൻ ചൈന എന്നി മേഖലകളിൽ കഴിയുന്ന 80% ആളുകളും ജലക്ഷാമം നേരിടുന്നവരാണെന്നും 2023ലെ ലോക ജല വികസന റിപ്പോർട്ടിൽ ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ആഗോള ജല പ്രതിസന്ധി നിയന്ത്രണാതീതമാകുന്നത് തടയാൻ ശക്തമായ അന്താരാഷ്ട്ര സംവിധാനങ്ങൾ സ്ഥാപിക്കേണ്ട അടിയന്തിര സാഹചര്യമാണ് നിലവിലുള്ളതെന്നും യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസൊലയ് പറഞ്ഞു. ലോകത്ത് 2000 കോടി ആളുകൾക്ക് കുടിവെള്ളമില്ലെന്നും 3600 കോടി ജനങ്ങൾക്ക് സുരക്ഷിതമായി വെള്ളം ഉപയോഗിക്കാനുള്ള സാഹചര്യമില്ലെന്നും റിപ്പോർ്ട്ട് വ്യക്തമാക്കുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോകജനസംഖ്യയുടെ നാലിലൊന്ന് പേർക്കും ഇപ്പോഴും കുടിവെള്ളം ലഭ്യമല്ല. പകുതിപേരും ജീവിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും സമീപ വർഷങ്ങളിൽ ഇക്കാര്യങ്ങളിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും കാലാവസ്ഥാ വ്യതിയാനം ഇതിൻ്റെ താളം തെറ്റിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ജലദൗർലഭ്യം പട്ടിണിക്കും നിർബന്ധിത കുടിയേറ്റത്തിനും കാരണമാകുന്നു. കൂടാതെ മതിയായ വെള്ളം കിട്ടാതിരിക്കുന്നത് വ്യവസായങ്ങളെ സാരമായി ബാധിക്കുന്നുവെന്നും ജലദിനത്തോട് അനുബന്ധിച്ച് ചേർന്ന സമ്മേളനത്തിൽ യുഎൻ വ്യക്തമാക്കി. 50 വർഷത്തിനിടെ ഇതാദ്യമായാണ് ജലം പ്രമേയമാക്കി സമ്മേളനം ചേരുന്നത്.വെള്ളത്തിന്റെ അമിത ഉപഭോഗം നിയന്ത്രിക്കുന്നതിന് ലോകരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും യുഎൻ അഭ്യർത്ഥിച്ചു.

വെള്ളം മനുഷ്യരാശിയുടെ ജീവരക്തമാണ്. അതിജീവനത്തിന് അത് അത്യന്താപേക്ഷിതമാണ്
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്

കുടിവെള്ളവും ശുചിത്വവും സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നാണെന്നും 2015 മുതൽ അതിനുവേണ്ടി പദ്ധതിയിടുകയാണ് യുഎൻ. കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാനും പട്ടിണിയും ദാരിദ്ര്യവും അവസാനിപ്പിക്കുന്നതിനും ലിംഗസമത്വം കൈവരിക്കുന്നതിനും നടപടിയെടുക്കുമെന്നും യു എൻ വ്യക്തമാക്കി. 2030 ഓടെ നിലവിലെ സാമ്പത്തിക വിടവ് നികത്താനും ലോകത്തിലെ എല്ലാവർക്കും വെള്ളവും ശുചിത്വവും പ്രദാനം ചെയ്യുന്നതിന് പ്രതിവർഷം 200ബില്യൺ ഡോളറിനടുത്ത് ആവശ്യമായി വരുമെന്നും അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ വാട്ടർ എയിഡ് വിലയിരുത്തുന്നു.

കോവിഡും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരാശിയുടെ താളം തെറ്റിച്ചെന്നും പല രാജ്യങ്ങളെയും കടുത്ത ജലക്ഷാമത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ശുചിത്വം ആരോഗ്യം, സാമ്പത്തിക പ്രവർത്തനങ്ങൾ, ഭക്ഷണം, വിദ്യാഭ്യാസം എന്നിവയെല്ലാം ജലവുമായി അഭേദ്യബന്ധം പുലർത്തുന്നവയാണ്. എല്ലാ ദിവസവും വെള്ളം ശേഖരിക്കുന്നതിന് മണിക്കൂറുകൾ ചിലവഴിക്കുന്നത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസത്തിനും ശമ്പളമുള്ള ജോലിയിൽ പ്രവേശിക്കുന്നതിനും തടസമാകുന്നു. കുട്ടികളിലെ പോഷകാഹാരക്കുറവിനും മുതിർന്നവരിൽ അമിതവണ്ണത്തിനും വെള്ളം ലഭിക്കാതിരുന്നത് കാരണമാകുമെന്നും യു എൻ നിരീക്ഷിച്ചു.

അനിശ്ചിതത്വങ്ങൾ വർധിച്ച് വരികയാണ്. മാധ്യമങ്ങൾ ഇത് അഭിസംബോധന ചെയ്യുന്നില്ലെങ്കിൽ തീർച്ചയായും ഒരു ആഗോള പ്രതിസന്ധി ഉണ്ടാകും;
യുഎൻ റിപ്പോർട്ടിന്റെ മുഖ്യ എഡിറ്റർ റിച്ചാർഡ് കോനർ

നിലവിൽ വെള്ളവും ശുചിത്വവുമെല്ലാം സ്വകാര്യവത്കരിക്കപ്പെട്ടിരിക്കുന്നു. മിക്കരാജ്യങ്ങളുടെയും സർക്കാരും ഈ പ്രവണത പ്രോത്സാഹിപ്പിക്കുകയും വികസന കാഴ്ചപ്പാടായി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നുവെന്ന് ആഫ്രിക്കൻ വികസന ബാങ്കിലെ ജലവികസന, ശുചിത്വ ഡയറക്ടർ ഓസ്വാർഡ് ചന്ദ പറഞ്ഞു. എന്നാൽ സ്വകാര്യമേഖല നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉയർന്ന സമുദ്രനിരപ്പ്, ഭൂഗർഭജലത്തിൽ ഉപ്പിന്റെ അംശം , വരൾച്ച, എന്നിവ ഭൂമിയും സംസ്കാരവും ഉപജീവനമാർഗവുമടക്കം ജീവന് വരെ ഭീഷണിയാണെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ പ്രതിനിധികൾ വിശദീകരിച്ചു, കാലാവസ്ഥയും ജലക്ഷാമവും കുടിയേറ്റവും തമ്മിൽ ബന്ധമുണ്ടെന്നും അവർ വ്യക്തമാക്കി. ബംഗ്ലാദേശിൽ തീരദേശജനതയെ മാറ്റിപാർപ്പിക്കുന്നതിന് സർക്കാർ പുതിയ ടൗൺഷിപ്പുകൾ നിർമ്മിച്ചു. എന്നാൽ അവയിൽ ചില പ്രദേശങ്ങൾ വാസയോഗ്യമല്ലെന്നും തുവാലുവിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തങ്ങൾക്ക് രാജ്യം വിട്ടുപോകാൻ തലപര്യമില്ലെന്നും അതിനാൽ സംഭവിച്ച നഷ്ടങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണവേണമെന്നും പ്രതിനിധികൾ അഭ്യർത്ഥിച്ചു.

ലോകം ജലക്ഷാമത്തിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴാണ് സമ്മേളനം നടക്കുന്നത്. ആഗോള താപനം കടുത്ത വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്നു. വ്യാവസായം, കൃഷി, ഖനനം, ഫോസിൽ ഇന്ധനങ്ങൾ, സിമന്റടക്കമുള്ള മറ്റ് വ്യവസായങ്ങൾ വ്യാപകമായി ജലസ്രോതസ്സുകൾ ഉപയോഗിക്കുകയും മലിനമാക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ നിർബന്ധിത കുടിയേറ്റത്തിൽ 10% വർധനവുണ്ടായതും ജലക്ഷാമം കാരണമാണെന്നും പറയുന്നു.അതേസമയം ആഗോള താപനത്തിന്റെ ഉത്തരവാദികൾ മലിനീകരണ പ്രവർത്തനങ്ങളിൽ കൂടുതൽ ഏർപ്പെടുന്ന സമ്പന്ന രാജ്യങ്ങളാണ്. അതിനാൽ ദരിദ്രരായ ദുർബല രാജ്യങ്ങൾക്ക് ഭാഗികമായി നഷ്ടപരിഹാരം നൽകുന്നതിനായി ഫണ്ട് സ്വരൂപിക്കണമെന്ന സുപ്രധാന കരാറിന്മേലാണ് കഴിഞ്ഞ വർഷം ഈജിപ്തിൽ നടന്ന കോപ്പ് 27 അവസാനിച്ചതും .

logo
The Fourth
www.thefourthnews.in